നാവിക, വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഇരു സേനകളിലും പരസ്പരം മാറ്റി നിയമിച്ച് തുടങ്ങിയിട്ടുണ്ട്. വ്യോമസേനാ ഉദ്യോഗസ്ഥരെ കരസേനയുടെ മിലിട്ടറി എൻജിനിയറിംഗ് സർവീസിലേക്കും നിയമിച്ചു. മൂന്ന് സേനകളെയും സംയോജിപ്പിച്ചുള്ള സംയുക്ത പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. പരിശീലനത്തിനായി സിലബസും പരിഷ്കരിക്കുന്നുണ്ട്. സംയുക്ത കമാൻഡ് യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ പ്രധാന പ്രതിരോധ കേന്ദ്രമായി തിരുവനന്തപുരം മാറും.
വിഴിഞ്ഞം തുറമുഖം, വി.എസ്.എസ്.സി. (VSSC) എന്നിവയുടെ സാമീപ്യവും അന്താരാഷ്ട്ര കപ്പൽച്ചാലിന് 10 നോട്ടിക്കൽമൈൽ മാത്രം അടുത്താണ് തിരുവനന്തപുരം എന്നുള്ളതും കമാൻഡ് ഇവിടെ സ്ഥാപിക്കാൻ പ്രധാന കാരണങ്ങളാണ്. ശ്രീലങ്കയിലും മാല്ദ്വീപിലും ചൈനീസ് സാന്നിദ്ധ്യം വർദ്ധിക്കുന്ന സാഹചര്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
advertisement
നിലവിൽ, കര, വ്യോമ സേനകൾക്ക് ഏഴുവീതവും നാവികസേനയ്ക്ക് മൂന്നും കമാൻഡുകളാണുള്ളത്. വ്യോമസേനയുടെ ദക്ഷിണകമാൻഡ് തിരുവനന്തപുരത്തും നാവികസേനയുടേത് കൊച്ചിയിലുമാണ് പ്രവർത്തിക്കുന്നത്. കൊൽക്കത്തയിൽ നടന്ന സംയുക്ത കമാൻഡർ സമ്മേളനത്തിലാണ് തിരുവനന്തപുരത്ത് സംയുക്ത സ്റ്റേഷൻ തുടങ്ങാൻ തീരുമാനിച്ചത്. വിശാഖപട്ടണം, ഗുജറാത്തിലെ ഗാന്ധിനഗർ എന്നിവിടങ്ങളിലും സംയുക്ത സ്റ്റേഷനുകൾ സ്ഥാപിക്കുന്നുണ്ട്. ഇനി മുതൽ മൂന്ന് സേനകളും യോജിച്ചായിരിക്കും തിരിച്ചടിയും പ്രതിരോധ പ്രവർത്തനങ്ങളും നടത്തുക.
മൂന്ന് സേനകളുടെയും ആയുധ, ആൾബലം എല്ലാം ഒരു കമാൻഡിന് കീഴിലായിരിക്കും ഏകോപിപ്പിക്കുക. തിരുവനന്തപുരത്തെ മാരിടൈം കമാൻഡിൻ്റെ മേധാവി ത്രീ-സ്റ്റാർ റാങ്കുള്ള വൈസ് അഡ്മിറലായിരിക്കും. മാരിടൈം കമാൻഡിൻ്റെ ഭാഗമായി യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും സജ്ജമാക്കും. ദക്ഷിണവ്യോമസേനാ ആസ്ഥാനം, പാങ്ങോട്ട് കരസേനാ സ്റ്റേഷൻ, വിഴിഞ്ഞത്ത് കോസ്റ്റ്ഗാർഡ്, മുട്ടത്തറയിൽ ബി.എസ്.എഫ്., സി.എസ്.ഐ.എഫ്. യൂണിറ്റ് തുടങ്ങി അഞ്ച് സേനാ യൂണിറ്റുകൾ ഇതിനോടകം തലസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.
