ഭരണരംഗത്ത് ഭാഷ ജാഗ്രതയോടെ ഉപയോഗിക്കണമെന്നും പാണ്ഡിത്യം പ്രകടിപ്പിക്കുന്നതിനുള്ള വേദിയാകരുത് ഭരണരംഗമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഭാഷാ വിദഗ്ധൻ ആർ ശിവകുമാർ അഭിപ്രായപ്പെട്ടു. ഭരണഭാഷാവബോധ പരിപാടിയിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ഒറ്റ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നതായിരിക്കണം ഭരണഭാഷ. ഭരണരംഗത്ത് ധാരാളം പദങ്ങളിലും പ്രയോഗങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ഒരു വ്യക്തിയുടെ അന്തസ്സിനെ ഇകഴ്ത്തുന്ന പദങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഒരു വ്യക്തിയുടെ അവകാശത്തിൻ്റെ പദമാണ് ഭാഷ. മാതൃഭാഷ ഭരണഭാഷയാക്കുന്നതിന് കേരളത്തെ പോലെ പരിശ്രമിച്ച മറ്റ് സംസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഏറ്റവും ലളിതമായി ഭാഷ ഉപയോഗിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് എഡിഎം ബീന പി ആനന്ദ് പറഞ്ഞു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ സെക്രട്ടറി കെ കെ ബാലഗോപാൽ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തിരുവനന്തപുരം ജില്ലയിലെ ജില്ലാ ഓഫീസർമാർക്കാണ് ഭരണഭാഷാവബോധ പരിപാടി സംഘടിപ്പിച്ചത്.
