ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ഭദ്രകാളിയാണ്. ചെറിയ ക്ഷേത്രമാണെങ്കിലും ക്ഷേത്രത്തിന് മുമ്പിലുള്ള ക്ഷേത്രക്കുളവും, വലിയ ആൽമരവും ചേർന്നുള്ള ക്ഷേത്രദൃശ്യം അതി മനോഹരമാണ്. ഇതേ പേരിൽ കൊല്ലം ജില്ലയിൽ പാരിപ്പള്ളിക്കടുത്തുള്ള പള്ളിക്കലിലും ഒരു ക്ഷേത്രമുണ്ട് (പുളിമാത്ത് തൃബ്ഭരണിക്കാവ് ഭഗവതി ക്ഷേത്രം). ഭക്തരുടെ അഭയകേന്ദ്രവും പുണ്യഭൂമിയുമായ ഈ ക്ഷേത്രം പുളിമാത്ത് ഗ്രാമത്തിൻ്റെ മുഴുവൻ ഐശ്വര്യത്തിനും ക്ഷേമത്തിനും പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു. വളരെ മനോഹരമായ ശാന്തവും സുന്ദരവുമായൊരു ഭൂ പ്രദേശത്താണ് പുളിമാത്ത് ഭഗവതി ക്ഷേത്രത്തിൻ്റെ സ്ഥാനം. ഇവിടത്തെ ഉത്സവവും വളരെ പ്രശസ്തമാണ്.
advertisement
ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള അശ്വതി മഹോത്സവം കുംഭമാസത്തിൽ 10 ദിവസങ്ങളിലായി ആഘോഷിക്കുന്നു. തോറ്റംപാട്ടോടുകൂടി ആരംഭിക്കുന്ന ഉത്സവാഘോഷങ്ങൾ വിശേഷാൽ ക്ഷേത്ര ചടങ്ങുകൾ, വൈവിധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികൾ, ദീപാലങ്കാരം എന്നിവയാൽ സമ്പന്നമാണ്. 10 ദിവസം നടക്കുന്ന ക്ഷേത്രോത്സവം ഗുരുതി തർപ്പണത്തോടുകൂടി പരിസമാപ്‌തിയാകുന്നു. മകരമാസത്തിലാണ് വാർഷിക പൊങ്കാല ഉത്സവം നടക്കുന്നത്. ഈ കാലയളവിൽ ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നതിന് നൂറുകണക്കിന് സ്ത്രീകൾ പങ്കെടുക്കുന്നു.
ഉത്സവത്തിൻ്റെ പത്ത് ദിവസവും തോറ്റംപാട്ട് നടത്തപ്പെടുന്നു. മൂന്നാം തിരുഉത്സവദിവസം തോറ്റം പാട്ടിൽ ദേവിയുടെ തൃക്കല്യാണം വർണ്ണിക്കുന്ന ഭാഗമായ മാലപ്പുറം പാട്ടു പാടുന്ന സമയം മാലവയ്പ്പ് എന്ന കർമ്മം നടക്കുന്നു. തമിഴ് ഗ്രന്ഥമായ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പറയുന്ന തോറ്റംപാട്ട് ഒരു ഭക്തിഗാനവും അതേ സമയം ഒരു ആചാരവുമാണ്. അനുഷ്ഠാന ഗാനം പത്ത് ദിവസം തുടരുന്നു, ഓരോ ദിവസവും പറയുന്ന കഥയും ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.