3000ത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷം ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ അത്ര വലുതൊന്നുമല്ല. 56 വയസ്സിൽ താഴെ മാത്രമായിരുന്നു മൂന്നുപേർക്കും പ്രായം. പക്ഷേ അവർക്ക് മുന്നിൽ കാലം ബാക്കിയുണ്ടായിരുന്നില്ല. അവരെ തിരഞ്ഞെടുക്കാൻ ഒരു അവസരം കൂടി അവർ നൽകിയില്ല.
വി വി പ്രകാശ് (നിലമ്പൂർ)
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് 3 ദിവസം മുമ്പായിരുന്നു മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന വി വി പ്രകാശ് (56) അന്തരിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 22 ദിവസം കഴിഞ്ഞ്. ഹൃദയാഘാതത്തെത്തുടർന്ന് 2021 ഏപ്രിൽ 29 പുലർച്ചെ 5നായിരുന്നു അന്ത്യം.
advertisement
2016ൽ ഇപ്പോഴത്തെ എംഎൽഎ ആര്യാടൻ ഷൗക്കത്തിന് എതിരെ പിവി അൻവർ നേടിയ 11,504 ഭൂരിപക്ഷം വെറും 2,700 ആക്കി കുറച്ചു.
രാഷ്ട്രീയ മാറ്റത്തിൽ യാദൃശ്ചികമായി നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് വരികയും കോൺഗ്രസിന് ആ സീറ്റ് ലഭിക്കുകയും ചെയ്തു. നിലമ്പൂരിലെ മുൻ ഇടതുപക്ഷ എംഎൽഎ ഈ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ നിന്നും യുഡിഎഫിന്റെ സ്ഥാനാർത്ഥിയും ആണ് എന്നതാണ് കൗതുകകരം.
വി വി പ്രകാശ്
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2016 ൽ നിലമ്പൂരിൽ സ്ഥാനാർത്ഥിയാകും എന്നുണ്ടായിരുന്നു എങ്കിലും അവസാന നിമിഷം മാറേണ്ടി വന്നു. തുടർന്ന് പ്രമുഖ നേതാക്കൾ ഇടപെട്ട് നൽകിയ ഉറപ്പിലാണ് 2021 ൽ നിലമ്പൂരിൽ സ്ഥാനാർത്ഥിയായത്.
എടക്കര ഗവ. ഹൈസ്കൂളിനു സമീപം പരേതരായ വലിയവീട്ടിൽ കൃഷ്ണൻ നായരുടെയും സരോജിനി അമ്മയുടെയും മകനായ പ്രകാശ് കുട്ടിക്കാലം മുതൽ കോൺഗ്രസ് പ്രസ്ഥാനത്തിൽ സജീവമായി. കെഎസ്‌യുവിലെ പ്രവർത്തന മികവിലൂടെ ശ്രദ്ധേയനായി. കെഎസ്‌യു ഏറനാട് താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.
കെപിസിസി സെക്രട്ടറി, യൂത്ത് കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലാ സെനറ്റ് അംഗം, ഫിലിം സെൻസർ ബോർഡ് അംഗം, എടക്കര പഞ്ചായത്ത് അംഗം, ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എടക്കര സഹകരണ ആശുപത്രി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. കോഴിക്കോട് ഗവ. ലോ കോളജിൽനിന്നു നിയമ ബിരുദം നേടിയിട്ടുണ്ട്.
സതീശൻ പാച്ചേനി (കണ്ണൂർ)
കണ്ണൂരിൽ തുടർച്ചയായി രണ്ടുതവണ മത്സരിച്ച സതീശൻ പാച്ചേനി 2022 ഒക്ടോബർ 27 നാണ് അന്തരിച്ചത്. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ പാലക്കാട് ലോക്‌സഭാ സീറ്റിലും മത്സരിച്ചിട്ടുണ്ട്. സിപിഎം കോട്ടകളിൽ വമ്പൻ എതിരാളികൾക്കെതിരെ മത്സരിച്ചായിരുന്നു സതീശൻ പാച്ചേനിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾ.
നിയമസഭയിലേക്കു രണ്ടു വട്ടം മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെതിരെയും ഒരുവട്ടം തളിപ്പറമ്പിൽ എം വി ഗോവിന്ദനെതിരെയും പാച്ചേനി സ്ഥാനാർത്ഥിയായി. മാരാരിക്കുളത്തെ തോൽവിക്ക് ശേഷം മലമ്പുഴയിലെത്തിയ അച്യുതാനന്ദനെ സതീശൻ ഞെട്ടിച്ചിരുന്നു എന്നു പറയാം. വൻ ഭൂരിപക്ഷ പ്രതീക്ഷയോടെ എത്തിയ അദ്ദേഹം 4,703 വോട്ടിനാണ് അവിടെ ജയിച്ചത്.
2009ല്‍ സിപിഎം കോട്ടയായ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ എംബി രാജേഷിനെതിരെ മത്സരിച്ച അദ്ദേഹം 1,820 വോട്ടിനാണ് പരാജയപ്പെട്ടത്. പാച്ചേനിയുടെ അവസാന രണ്ടു മത്സരങ്ങളൂം രാമചന്ദ്രൻ കടന്നപ്പിള്ളിക്ക് എതിരെ കണ്ണൂർ മണ്ഡലത്തിൽ ആയിരുന്നു. 2016 ൽ 1,196 വോട്ടിനും 2021ൽ 1,745വോട്ടിനുമായിരുന്നു തോൽവി.
സതീശൻ പാച്ചേനി
കണ്ണൂരിൽ പാർട്ടിക്ക് ഒരു ആസ്ഥാന മന്ദിരം ഇല്ലാതെ പോയപ്പോൾ ഓഫീസ് നിർമാണത്തിന് വേണ്ടി, ഉണ്ടായിരുന്ന വീട് വിറ്റ പണം ഉപയോഗിച്ച നേതാവാണ് സതീശൻ. പിന്നീട് പലപ്പോഴും വീട് പണിയാനായി സ്വരുക്കൂട്ടിയ പണമെല്ലാം പാർട്ടിയുടെ ആവശ്യങ്ങൾക്കായി നൽകി അദ്ദേഹത്തിന്‍റെ വലിയ സ്വപ്‌നമായ 'വീട്' അവിടെ ബാക്കിയായി.
പാച്ചേനിയുടെ സ്വപ്‌നം കുടുംബത്തിന് വേണ്ടി പാർട്ടി ഏറ്റെടുത്തു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെയാണ് അന്ന് സ്വപ്‌നം പോലൊരു വീട് സതീശന് വച്ച് നൽകുമെന്ന് പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്‍റെ ജന്മനാടായ തളിപ്പറമ്പ് പരിയാരത്തിനടുത്ത് അമ്മാനപ്പാറയിലാണ് മുവായിരത്തോളം സ്ക്വയർഫീറ്റ് വിസ്‌തീർണത്തിൽ വീട് നിർമാണം പൂർത്തീകരിച്ചത്. വീട് നിർമാണത്തിനായി സതീശൻ പാച്ചേനി വിലക്കെടുത്തിരുന്ന സ്ഥലത്താണ് വീട്.
എം ജി കണ്ണൻ (അടൂർ)
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന. എം ജി കണ്ണൻ (42) 2025 മെയ് 11 നാണ് അന്തരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2016ൽ കെ കെ ഷാജു എന്ന വലിയ നേതാവിനെതിരെ ചിറ്റയം ഗോപകുമാർ നേടിയ 25,460 വോട്ട് എന്ന 2016 ലെ ഭൂരിപക്ഷം 2021 ൽ വെറും 2,919 ആക്കി ചുരുക്കിയിരുന്നു കണ്ണൻ.
പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റുമായിരുന്നു. ചെന്നീർക്കര മാത്തൂർ മേലേടത്ത് വീട്ടിൽ ഗോപിയുടെയും ശാന്തമ്മയുടെയും മകനായ കണ്ണൻ ബിരുദപഠനം പൂര്‍ത്തിയാക്കി പത്രം ഏജന്റായും കേബിള്‍ ടിവി ടെക്നീഷ്യനായും ജോലിചെയ്തു. 2005ൽ 23-ാം വയസ്സില്‍ ചെന്നീര്‍ക്കരയില്‍ കോണ്‍ഗ്രസിന്റെ ഗ്രാമപ്പഞ്ചായത്തംഗമായി. 2010, 2015 വർഷങ്ങളിലായി 2 തവണ ജില്ലാ പഞ്ചായത്തംഗവു മായിരുന്നു.
എം ജി കണ്ണൻ
ഇലന്തൂർ, റാന്നി അങ്ങാടി ഡിവിഷനുകളിൽ നിന്നായിരുന്നു ജില്ലാ പഞ്ചായത്തിലേക്കു വിജയിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. ഇടക്കാലത്ത് ആക്ടിങ് പ്രസിഡന്റായി. രണ്ടു തവണ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. കെഎസ്‌യുവിലൂടെയാണു രാഷ്ട്രീയ ജീവിതത്തിനു തുടക്കം.
രാഷ്ട്രീയ സമരമുഖങ്ങളിൽ നേരിട്ട പോലീസ് നടപടികൾ ആരോഗ്യത്തിന് ക്ഷതമേൽപ്പിച്ചിരുന്നു.
