TRENDING:

Thrikkakkara Result | തൃക്കാക്കര – പഠിച്ചതും പഠിപ്പിച്ചതും

Last Updated:

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും യുഡിഎഫിന് വലിയ കരുത്ത് പകരും ഈ വൻവിജയം. ഭൂരിപക്ഷം കുറയ്ക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ സിപിഎമ്മിന് മുഖം രക്ഷിക്കാനാകുമായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃക്കാക്കര പരാജയത്തിന്റെ ആഘാതം കൂട്ടിയത് സിപിഎം തന്നെ. സിറ്റിങ് എംഎൽഎ അന്തരിച്ചതിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പ് ഇത്ര വലിയ വെല്ലുവിളിയായി ഉയർത്തിയത് അവരുടെ അമിത ആത്മവിശ്വാസമായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാന നേതാക്കളും തൃക്കാക്കരയിൽ ക്യാമ്പ് ചെയ്താണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. ജില്ല കമ്മിറ്റിയാണ് പ്രചാരണം നയിച്ചത് എന്ന ന്യായമുയർത്തിയാലൊന്നും അത് മറയ്ക്കാനാകില്ല. സിപിഎം രീതിയനുസരിച്ച് അന്വേഷണമുണ്ടാകും. നടപടിയുമുണ്ടാകും. സ്ഥാനാർത്ഥി നിർണയത്തിലടക്കം ജില്ലയിൽ നിന്നുള്ള മന്ത്രിയും ജില്ലയിലെ പാർട്ടിയും രണ്ട് തട്ടിലായിരുന്നു എന്നത് പോലുള്ള ആരോപണങ്ങൾക്ക് മറുപടി നൽകുന്നതാകണം ആ നടപടി. അല്ലാത്തപക്ഷം ഈ റെക്കോർഡ് ഭൂരിപക്ഷത്തിന് മറുപടി നൽകുക എളുപ്പമാകില്ല.
advertisement

റെക്കോർഡ് ഭൂരിപക്ഷവും സർക്കാർ വിരുദ്ധതയും

ഈ പരാജയം സർക്കാരിന് ഒരു പ്രതിസന്ധിയും ഉണ്ടാക്കില്ല. പക്ഷെ അത് കോൺഗ്രസിന് നൽകുന്ന ആത്മവിശ്വാസം ഉണ്ടാക്കാൻ പോകുന്ന പ്രതിസന്ധി ചെറുതാകില്ല. രണ്ടാം തവണ അധികാരത്തിലെത്തിയ ഇടത്മുന്നണിയുടെ ആക്രമണം ചെറുക്കാൻ പാടുപെടുമ്പോഴാണ് ഈ വമ്പൻ വിജയം അവർക്ക് ലഭിക്കുന്നത്. ദേശീയതലത്തിൽ കൊഴിഞ്ഞ് പോക്ക് തുടരുന്നു. കേരളത്തിൽ പോലും അതിന്റെ അലകളുയരുന്നു. ചിന്തൻ ശിബിരം പോലുള്ള ശ്രമങ്ങൾ തൊലിപുറത്ത് പോലും എൽക്കാതരിക്കുന്ന സമയത്താണ് പാർട്ടി പോലും പ്രതീക്ഷിക്കാത്ത ഈ വിജയം. ഭൂരിപക്ഷം ഇരുപതിനായിരം കടക്കുമെന്നാണ് കെ.പി.സി.സി പ്രസിഡണ്ട് പോലും വോട്ടണ്ണുന്നതിനിടെ അവകാശപ്പെട്ടത്. അതുകൊണ്ട് തന്നെ ലോക്സഭ തിരഞ്ഞെടുപ്പ് വരെ ഈ വിജയം കോൺഗ്രസിനും യുഡിഎഫിനും ആഘോഷിക്കാം. ഉപതിരഞ്ഞെടുപ്പ് ചാമ്പ്യൻമാർ എന്ന അവകാശവാദം ഇതോടെ സിപിഎമ്മിനും എൽഡിഎഫിനും ഉപേക്ഷിക്കാം.  സിൽവർലൈൻ എന്ന വാക്ക് പോലും ഇനി കുറച്ച് നാളത്തേക്ക് പറയാതിരിക്കുന്നതാകും നല്ലത്.

advertisement

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും യുഡിഎഫിന് വലിയ കരുത്ത് പകരും ഈ വൻവിജയം. ഭൂരിപക്ഷം കുറയ്ക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ സിപിഎമ്മിന് മുഖം രക്ഷിക്കാനാകുമായിരുന്നു. പൊന്നാപുരം കോട്ടയിലെ ഈ വിജയത്തിൽ കോൺഗ്രസിന് അത്ര ഊറ്റം കൊള്ളാനൊന്നുമില്ല  എന്ന്  വാദിക്കാൻ പോലും സിപിഎമ്മിന് കഴിയാത്ത പരാജയമാണ് തൃക്കാക്കരയിൽ എറ്റുവാങ്ങിയിരിക്കുന്നത്. നാളിതുവരെ ലഭിക്കാത്ത ഭൂരിപക്ഷം കോൺഗ്രസിനുള്ള അംഗീകാരം മാത്രമല്ല  സർക്കാരിനും സിപിഎമ്മിനും എതിരെയുള്ള വികാരം കൂടിയാണ്. വെറും വികാരമല്ല അത് വിരുദ്ധ തരംഗമാണ്. രണ്ടാം തവണയും അധികാരത്തിലേറ്റിയത് ചില ലക്ഷ്യത്തോടെയാണെന്ന ജനങ്ങളുടെ ഓർമ്മപ്പെടുത്തലാണിത്. മറക്കരുത്.

advertisement

കെവിടിയും കെഎസും പിസിയും

കെ.വി.തോമസ്, കെ.സുരേന്ദ്രൻ, പി.സി.ജോർജ് എന്നിവരുൾപ്പടെ ഈ ഉപതിരഞ്ഞെടുപ്പ് ഐസിയുവിലാക്കിയ ചില താരങ്ങൾ വേറേയുണ്ട്. ബിജെപിക്ക് ഒരു വർഷം മുമ്പ് ലഭിച്ച വോട്ടുകൾ പോലും ഇത്തവണ നേടാനായില്ല. കഴിഞ്ഞ തവണ ബിജെപിക്ക് വേണ്ടി മത്സരിച്ചത് ജില്ല വൈസ് പ്രസിഡണ്ടായിരുന്ന എസ്. സജിയായിരുന്നു. ഇത്തവണ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ എ.എൻ. രാധാകൃഷ്ണനെ തന്നെ ഇറക്കി. എന്നിട്ടും നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതിന് ബിജെപി സംസ്ഥാന പ്രസിഡണ്ട് എന്ത് ന്യായീകരണം നിരത്തും. അതും പി.സി.ജോർജിനെ പോലൊരു നേതാവിനെ ഉൽപ്പടെ രംഗത്തിറക്കിയിട്ടും. ശബരിമല എന്ന ഹിന്ദുത്വ സുവർണ അവസരം പാഴായതിന് പിന്നാലെ ദേശീയത, ന്യൂനപക്ഷ വിരുദ്ധത എന്നീ വജ്രായുധങ്ങളും കേരളത്തിൽ പോരാതാകുന്നു എന്ന തിരിച്ചറിവ് കൂടിയാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നൽകുന്നത്.

advertisement

തൃക്കാക്കരയിൽ വിജയിച്ചാലും പരാജയപ്പെട്ടാലും അത് പി.സി.ജോർജിന്റെ നിലപാടുകൾക്കോ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കോ മാറ്റമൊന്നുമുണ്ടാക്കില്ല. കാലിന് പാകമായത് കിട്ടിയില്ലെങ്കിൽ കിട്ടിയ ചെരുപ്പിട്ട് പി.സി. രാഷ്ട്രീയം അങ്ങനെ തുടരും. തൃക്കാക്കരയിൽ ഒരു ചലനവുമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും സി.പി.എം ഔദാര്യത്തിൽ ഒരു സർക്കാർ പദവി ലഭിക്കുന്നതോടെ കെ.വി.തോമസിന്റെ ക്ഷീണവും തീരും. പക്ഷെ കെവിയെ തിരുത തോമസ് എന്ന് അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ച് കോൺഗ്രസ് പ്രവർത്തകർ പരിഹസിച്ചത് കൗതുകമായി. അദ്ദേഹം തിരുത കൊടുത്ത് വശത്താക്കി എന്ന് പരിഹസിക്കുന്നത് അവരുടെതന്നെ ദേശീയ പ്രസിഡണ്ടിനെ തന്നെയാണെന്നത് പോലും മറന്നു.

advertisement

തൃക്കാക്കരയും ട്വൻറി ട്വൻറിയും

ഈ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ഒരു വിഭാഗം കൂടിയുണ്ട്. ട്വൻറി ട്വൻറി സാബു ജോക്കബ്ബും.  കോൺഗ്രസിന്റെ വിജയത്തിന് പിന്നാലെ അത് സിപിഎമ്മിന്റെയും സർക്കാരിന്റെയും പരാജയമാണെന്ന് പ്രഖ്യാപിക്കാൻ കോഡിനേറ്റർക്ക് അധികസമയമൊന്നും വേണ്ടി വന്നില്ല. പതിവ് പോലെ പെട്ടികട പോലും തുറക്കാൻ അനുവദിക്കുന്നില്ലെന്ന ആരോപണവും സാബു ഉന്നയിച്ചു. തൃക്കാക്കരയിൽ കഴിഞ്ഞ തവണ പതിമൂവ്വായിരത്തിലധികം വോട്ട് ലഭിച്ചു ട്വൻറി ട്വൻറിക്ക്. ആ വോട്ടുകൾ കോൺഗ്രസിന് ലഭിച്ചു എന്ന് വേണമെങ്കിൽ സാബുവിന് അവകാശപ്പെടാം. പക്ഷെ മത്സരിച്ച് കരുത്ത് തെളിയിക്കുകയായിരുന്നു അവർ ചെയ്യേണ്ടിയിരുന്നത്. പ്രത്യേകിച്ച് സർക്കാരിനെതിരെ വലിയ ഏറ്റുമുട്ടൽ നടത്തുന്ന സാഹചര്യത്തിൽ.

കരപിടിച്ച ചെറുപ്പക്കാർ

വിജയം ആഘോഷിക്കാനുള്ളത് തന്നെ. പക്ഷെ അത് കോൺഗ്രസിൽ പുതിയ ശക്തി കേന്ദ്രങ്ങൾക്കും ഗ്രൂപ്പ് പടല പിണക്കങ്ങൾക്കും വഴിവയ്ക്കാതിരുന്നാൽ നന്ന്. ദേശീയതലത്തിൽ തുടരുന്ന കൊഴിഞ്ഞ് പോക്കിന്റെ നാണക്കേട് തീർക്കാൻ, മറയ്ക്കാൻ കിട്ടിയ അവസരം തമ്മിൽ തല്ലി പാഴാക്കരുത്. കോൺഗ്രസിന്റെ ഈ അത്ഭുത വിജയത്തിൽ എടുത്ത് പറയേണ്ട ഒരുകാര്യമുണ്ട്. അത് യുവനേതാക്കളുടെ പങ്കാളിത്തമാണ്.  സമൂഹമാധ്യമങ്ങളിലും ജനമധ്യത്തിലും  ചിട്ടയായ പ്രകടനമാണ് അവർ നടത്തിയത്. അടുത്തഘട്ടത്തിൽ ഗ്രൂപ്പുകളെ നയിക്കുമെന്ന് കരുതപ്പെടുന്നവർ പോലും ഇതെല്ലാം മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയും, കെ.സുധാകരനും, വി.ഡി.സതീശനും കൈകോർത്താൽ ഒരുപക്ഷെ കോൺഗ്രസ് പ്രവർത്തകർ പോലും സംശയത്തോടെ മാത്രമേ അതിനെ കാണൂ. പക്ഷെ ഈ ചെറുപ്പക്കർ ഒന്നിച്ചിറങ്ങിയത് രണ്ട് കൈയ്യും നീട്ടി തൃക്കാക്കരയിലെ വോട്ടർമാർ സ്വീകരിച്ചു. മണ്ഡലത്തിന് പുറത്തും അത് ചർച്ച ചെയ്യപ്പെട്ടു. അവരുടെ ഊർജ്ജത്തിന്  ശ്രമങ്ങൾക്കും അണകെട്ടാതിരിക്കുക.മുതിർന്ന നേതൃത്വം ചെയ്യേണ്ടത് അത്രമാത്രം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrikkakkara Result | തൃക്കാക്കര – പഠിച്ചതും പഠിപ്പിച്ചതും
Open in App
Home
Video
Impact Shorts
Web Stories