വയോജനങ്ങളെ സഹായിക്കാന്‍ ആളുകള്‍ക്ക് സ്വന്തം സമയം നല്‍കാനും പിന്നീട് അവര്‍ക്ക് സഹായം ആവശ്യമുള്ളപ്പോള്‍ ഇത് വീണ്ടെടുക്കാനുമുള്ള പദ്ധതിയാണ് ടൈം ബാങ്ക്.
വാഹനം ഓടിക്കല്‍, പാചകം, തുണികള്‍ കഴുകല്‍, ഷോപ്പിംഗ്, വൃത്തിയാക്കല്‍, മരുന്ന് നല്‍കുന്നത് ഓര്‍മപ്പെടുത്തല്‍, ഒന്നിച്ച് സമയം ചെലവഴിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങളാണ് ഈ പദ്ധതിയിലൂടെ വാഗ്ദാനം ചെയ്യുന്നത്.
കോട്ടയം ജില്ലയിലെ എലിക്കുളം പഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇവിടെ ഇതിനായി ഏകദേശം 7000 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്.
വയനാട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളാണ് പദ്ധതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്. സന്നദ്ധ പ്രവര്‍ത്തകര്‍ തങ്ങള്‍ സേവനം ചെയ്ത സമയം വെബ്‌സൈറ്റ് വഴി രേഖപ്പെടുത്തി വയ്ക്കും. ഈ സമയം ഭാവിയില്‍ ഉപയോഗപ്പെടുത്തുന്നതിനായി അവരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. എലിക്കുളം പഞ്ചായത്തില്‍ ഇത് വിജയകരമായി നടപ്പിലാക്കിയാല്‍ പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പിലാക്കും. സാമൂഹിക നീതി വകുപ്പുമായി സഹകരിച്ചാണ് കെ-ഡിസ്‌ക് പദ്ധതി വ്യാപിപ്പിക്കുക.
advertisement
''വയോജനങ്ങളെയും വളണ്ടിയര്‍മാരെയും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്കുകള്‍ അതാതു പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കും. തുടക്കത്തില്‍ ഈ സംവിധാനം ഒരു വെബ്‌സൈറ്റ് വഴിയാണ് പ്രവര്‍ത്തിക്കുക. പിന്നീട് ഇത് വെബ് ആപ്ലിക്കേഷനായി മാറ്റും. സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. പിന്തുണ ആവശ്യമുള്ള വയോജനങ്ങളെ പഞ്ചായത്ത് ഇതിനോടൊകം കണ്ടെത്തിയിട്ടുണ്ട്,'' തൃശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ പ്രോജക്ട് ഗൈഡും കംപ്യൂട്ടര്‍ സയന്‍സ് പ്രൊഫസറുമായ എംപി ഗിലേഷ് പറഞ്ഞു.
മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ പേര്, ഇമെയില്‍ ഐഡി, ലിംഗം, ഫോണ്‍ നമ്പര്‍, വിലാസം, പോലീസ് വെരിഫിക്കേഷന്‍ വിശദാംശങ്ങള്‍ എന്നിവ നല്‍കി 'ടൈം ബാങ്ക്' വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇക്കാര്യങ്ങള്‍ അഡ്മിന്‍ പരിശോധിച്ചുറപ്പിച്ചു കഴിഞ്ഞാല്‍, ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് ആക്സസ് ചെയ്യാനും സ്ഥലം, സേവന മുന്‍ഗണനകള്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രൊഫൈലില്‍ അപ്ഡേറ്റ് ചെയ്യാനും കഴിയും. 'സെലക്ട് സര്‍വീസസ്' എടുത്ത് അതില്‍ പാചകം, ഡ്രൈവിംഗ്, കമ്പാനിയന്‍ഷിപ്പ് അല്ലെങ്കില്‍ മരുന്ന് നല്‍കുന്നത് ഓര്‍മപ്പെടുത്തല്‍ എന്നിങ്ങനെ അവര്‍ക്ക് ആവശ്യമുള്ള സഹായം തിരഞ്ഞെടുക്കാനും സമയവും തീയതിയും ഷെഡ്യൂള്‍ ചെയ്യാനും കഴിയും.
പിന്നീട് ഇത് ഏറ്റവും അടുത്ത വളണ്ടിയര്‍മാര്‍ക്ക് ലഭ്യമാക്കും. ഒരാളെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അയാള്‍ക്ക് അഭ്യര്‍ഥന അയയ്ക്കുന്നു. അടിയന്തമായി ഫോണ്‍ കോള്‍ ചെയ്യാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. ഒരു ക്ലിക്കിലൂടെ അടുത്തുള്ള പാലിയേറ്റീവ് കെയര്‍ സെന്ററിലേക്ക് മുന്നറിയിപ്പ് നല്‍കുകയും വ്യക്തിയുടെ വിശദാംശങ്ങള്‍ അക്‌സസ് ചെയ്യുകയും ചെയ്യുന്നു.
തിരഞ്ഞെടുക്കപ്പെടുന്ന വൊളണ്ടിയര്‍മാര്‍ നിര്‍ബന്ധിത പോലീസ് വേരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള പ്രക്രിയയ്ക്ക് വിധേയമാക്കപ്പെടും. അത് അംഗീകരിച്ച് കഴിഞ്ഞാല്‍ അവര്‍ വാഗ്ദാനം ചെയ്യാന്‍ തയ്യാറുള്ള സേവനങ്ങള്‍ വ്യക്തമാക്കപ്പെടുകയും സ്ഥലം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും. ഇതിന് പുറമെ 'റേറ്റ് എല്‍ഡര്‍' എന്ന പേരില്‍ ഇവരുടെ ഇടപെടലുകളെക്കുറിച്ച് ഫീഡ്ബാക്ക് നല്‍കാന്‍ അവസരമുണ്ടാകും.
വളണ്ടിയര്‍മാര്‍ക്ക് പ്രായമായവരില്‍ നിന്നുള്ള അഭ്യര്‍ത്ഥനകളുടെ അറിയിപ്പുകള്‍ ലഭിക്കുകയും അവ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. അംഗീകരിച്ചുകഴിഞ്ഞാല്‍, അവര്‍ പ്രായമായ വ്യക്തിയുടെ ഇമെയിലിലേക്ക് അയയ്ക്കുന്ന ഒരു OTP നല്‍കണം.
ഓരോ വളണ്ടിയര്‍ക്കും ഒരു ഐഡി കാര്‍ഡ് നല്‍കും. സ്ഥാപനങ്ങള്‍ക്ക് പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാനും കഴിയും. അവര്‍ക്ക് വളണ്ടിയര്‍മാരെ ചേര്‍ക്കാനും സേവനങ്ങള്‍ ട്രാക്ക് ചെയ്യാനും അറിയിപ്പ് ടാബ് വഴി അഭ്യര്‍ത്ഥനകള്‍ നിരീക്ഷിക്കാനും കഴിയും. അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത സേവനം ആവശ്യമായുള്ള എല്ലാ പ്രായമായവരെയും വളണ്ടിയര്‍മാരെയും, പൂര്‍ത്തിയായതും ശേഷിക്കുന്നതുമായ സേവനങ്ങളും കാണാന്‍ കഴിയും.
ഈ സംരംഭത്തിലൂടെ, പണമല്ല, മറിച്ച് സമയം പരിചരണത്തിന്റെ പ്രധാനകാര്യമായി മാറുന്ന കരുണയുടെയും പരസ്പരാശ്രിതത്വത്തിന്റെയും ഒരു സംസ്‌കാരം കെട്ടിപ്പടുക്കുകയാണ് കെ-ഡിസ്‌ക് ലക്ഷ്യമിടുന്നത്.
'വാര്‍ദ്ധക്യ പരിചരണത്തെ ഗൗരവമേറിയ ഒരു അക്കാദമികവും സാമൂഹികവുമായ ഉത്തരവാദിത്തമായി കണക്കാക്കണം. ആ ലക്ഷ്യത്തിലുള്ള ഒരു ശ്രമമാണ് ഈ സംരംഭം. പ്രകൃതി ദുരന്തങ്ങളില്‍ സന്നദ്ധസേവനം എത്രത്തോളം ശക്തമാണെന്ന് കേരളം ഇതിനോടകം കണ്ടു കഴിഞ്ഞു. കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകള്‍ വയോജന പരിചരണത്തില്‍ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്,'' കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി പിവി ഉണ്ണികൃഷ്ണന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
എലിക്കുളം പഞ്ചായത്തിലെ മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായ 'നിറവ് @ 60' ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ പദ്ധതി തുടങ്ങിയിട്ട് ഇപ്പോള്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയായി. വയോജനങ്ങള്‍ക്കുള്ള ഉല്ലാസവും ആരോഗ്യസംരക്ഷണവും കൂടിച്ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് ഇതില്‍ നടത്തുന്നത്. നിറവിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ എട്ട് വാര്‍ഡുകളില്‍ പകല്‍വീടുകളും പ്രവര്‍ത്തിക്കുന്നു. മികച്ച വയോജന സൗഹൃദ പഞ്ചായത്തായി എലിക്കുളം പഞ്ചായത്തിനെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
കലാകായിക മേള, വിനോദയാത്ര, മെഡിക്കല്‍ ക്യാംപുകള്‍, യോഗ പരിശീലനം, കൗണ്‍സലിങ് ക്ലാസ്, പ്രഭാത നടത്തം, വ്യായാമ പരിശീലനം, സംഘം ചേർന്നുള്ള കൃഷി, ഹാപ്പിനെസ് പാര്‍ക്ക്, ജിം, സാഹിത്യ ശില്‍പ്പശാല, പ്രതിഭകളെ ആദരിക്കല്‍, വയോജന ഗാനമേള സംഘം, പാചക പരിശീലനം, കയ്യെഴുത്ത് മാസിക തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളാണ് നിറവിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.
