കേന്ദ്ര മോട്ടോർവാഹന നിയമപ്രകാരം ഉയർന്ന പിഴ ഈടാക്കുന്നത് സംസ്ഥാനത്ത് വിപരീതഫലം സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തകർന്ന റോഡിൽ ജനങ്ങൾ മണിക്കൂറുകൾ കാത്തുകെട്ടിക്കിടക്കുമ്പോഴാണ് കരുണയില്ലാതെ കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Also read- കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പിഴവർദ്ധന കേരളത്തിൽ നടപ്പിലാക്കരുതെന്ന് ചെന്നിത്തല
പിഴകൂട്ടുകയല്ല നിയമം കർശനമാക്കുകയാണു വേണ്ടതെന്ന് കോടിയേരി പറഞ്ഞു. കേന്ദ്രനിയമത്തിലെ ഭേദഗതി വലിയ അഴിമതിക്കു കാരണമാകും. പിഴത്തുക കൂടുമ്പോൾ പരിശോധനാ ഉദ്യോഗസ്ഥന് പണംകൊടുത്ത് ആളുകൾ ഊരിപ്പോരാൻ നോക്കും. സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റിവെക്കാമോയെന്ന് പരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
advertisement
കോടിയേരിയുടെ പ്രസ്താവനയല്ല, നടപടിയാണു വേണ്ടതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം. കേന്ദ്രസർക്കാർ നിയമലംഘനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന പിഴയിലെ വൻ വർധന കേരളത്തിൽ നടപ്പാക്കരുത്. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ നിയമം ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചത് പ്രതിഷേധാർഹമാണ്. ഇപ്പോഴുള്ള നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിനു പകരം വൻതുക പിഴചുമത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.