സംഭവസ്ഥലത്തെത്തിയ മന്ത്രി കോൺഗ്രസിന്റെ സമരപന്തലിലെത്തി സമരക്കാരോടും പ്രദേശവാസികളോടും പ്രശ്നങ്ങൾ ചോദിച്ചുമനസിലാക്കി. തുടർന്നാണ് റോഡിന്റെ പ്രശ്നം മനസിലാക്കുന്നതിനായി ഔദ്യോഗിക വാഹനം ഓടിച്ച് പരിശോധന നടത്തിയത്.
കയറ്റം കയറി വരുമ്പോൾ ജംഗ്ഷനോടടുക്കുന്നിടത്ത് നൈസ് ബേക്കറി മുതൽ ഓട്ടോ സ്റ്റാൻഡ് വരെയുള്ള ഭാഗത്ത് വാഹനം ഓടിച്ചുവരുന്നയാൾക്ക് സ്റ്റിയറിങ് വലത്തേക്ക് പിടിക്കാനുള്ള പ്രവണതയുണ്ട്. അപകടമേഖലയിൽ ഡിവൈഡിങ് ലൈനിലേക്കുള്ള ദൂരം വളരെ കുറവാണ്. ഒരു വാഹനത്തിന് മാത്രമേ ഇതിലെ കടന്നുപോകാൻ കഴിയൂ. എന്നാൽ മറുവശത്ത് വീതി കൂടുതലാണ്. രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ സെൻട്രൽ ലൈൻ പിടിക്കുമ്പോൾ വാഹനം വലത്തേക്ക് കയറി വരും. ഇത്തരത്തിൽ വലത്തേക്ക് കയറി വന്ന വാഹനത്തിന്റെ പിൻഭാഗം തട്ടിയാണ് ലോറി മറിഞ്ഞ് കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കിയതെന്നും മന്ത്രി പരിശോധനയ്ക്ക് ശേഷം പ്രതികരിച്ചു.
advertisement
റോഡ് മാർക്ക് മാറ്റി രണ്ടുമീറ്റർ മാറ്റി ഡിവൈഡർ വയ്ക്കുന്നതിനും ഓട്ടോ സ്റ്റാന്റ് ഇടതുവശത്തേക്ക് മാറ്റുന്നതിനും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റോഡിന് തെന്നലുള്ളതിന് സ്ഥിരമായ പരിഹാരം ആവശ്യമാണ്. 2021 ജൂലൈയിൽ മുൻ മന്ത്രിക്ക് ശാന്തകുമാരി എംഎൽഎ പരാതി നൽകിയിരുന്നു. അന്ന് പരിശോധന നടത്തി യോഗം ചേർന്നിരുന്നു. ആ ശുപാർശകളൊന്നും നാഷണൽ ഹൈവേ അതോറിറ്റി അംഗീകരിച്ചിട്ടില്ല. ഇനിയൊരു യോഗം ചേർന്ന് ആശങ്കകൾ ചർച്ച ചെയ്യും. നാഷണൽ ഹൈവേ അതോറിറ്റിക്ക് റോഡിന്റെ അപാകതകൾ പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ റോഡ് സേഫ്റ്റി യോഗം ചേർന്ന് ഫണ്ട് കണ്ടെത്തി പരിഹാരം കാണുമെന്നും മന്ത്രി ഉറപ്പുനൽകി.
പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കരിമ്പ പനയംപാടത്ത് നടന്ന അപകടത്തിൽ കരിമ്പ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥിനികളായ കരിമ്പ ചെറൂളി പേട്ടേത്തൊടിവീട്ടിൽ റഫീഖിന്റെ മകൾ റിദ (13), പള്ളിപ്പുറം വീട്ടിൽ അബ്ദുൾ സലാമിന്റെ മകൾ ഇർഫാന ഷെറിൻ (13), കവുളേങ്ങൽ വീട്ടിൽ സലീമിന്റെ മകൾ നിത ഫാത്തിമ (13), അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീന്റെ മകൾ അയിഷ (13) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നേമുക്കാലോടെയായിരുന്നു അപകടം.