സ്വര്‍ണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി ഏറ്റവും കുറഞ്ഞനിരക്കില്‍ ചെയ്യാന്‍ സന്നദ്ധരായവരെ ഇതിനായി പരിഗണിക്കുമെന്നും പ്രമുഖ ജൂവലറികള്‍ ലോക്കറ്റ് പണിതുനല്‍കാന്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡംഗം അഡ്വ. എ. അജികുമാര്‍ പ്രതികരിച്ചു. ഭക്തരുടെ ആവശ്യം പരിഗണിച്ചുകൊണ്ട് ലോക്കറ്റിന്റെ വിതരണം ഈ സീസണില്‍ത്തന്നെ ആരംഭിക്കാനാണ് ബോര്‍ഡിന്റെ ശ്രമം.
നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ 20 ദിവസംവരെ എടുത്താലും മകരവിളക്കിന് ഇനി 34 ദിവസങ്ങള്‍കൂടി ശേഷിക്കുന്നതിനാല്‍ അവസാനത്തെ രണ്ടാഴ്ചയെങ്കിലും പൂജിച്ച ലോക്കറ്റ് വിതരണം ചെയ്യാനാകുമെന്ന കണക്കുകൂട്ടലിലാണ് ദേവസ്വം.1980-കളിലാണ് ശബരിമലയില്‍ ഗുരുവായൂരപ്പന്‍ ലോക്കറ്റിന്റെ മാതൃകയില്‍ സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ലോക്കറ്റുകള്‍ വരുന്നത്.
advertisement
2011-12 വർഷങ്ങളിലാണ് അവസാനമായി ലോക്കറ്റ് വിതരണം നടന്നത്. 2011-ല്‍ ഒരുവശത്ത് അയ്യപ്പന്റെയും മറുവശത്ത് ഗണപതിയുടെയും രൂപങ്ങള്‍ ആലേഖനം ചെയ്ത വെള്ളിയില്‍ പണിതവയും ചെമ്പില്‍ സ്വര്‍ണം പൂശിയവയുമായ ലോക്കറ്റുകളാണ് വിതരണം ചെയ്തിരുന്നത്. 500 രൂപയായിരുന്നു അന്ന് സ്വര്‍ണം പൂശിയ ലോക്കറ്റുകളുടെ വില. ഇത്തവണ പൂര്‍ണമായും സ്വര്‍ണത്തിലാണ് ലോക്കറ്റുകൾ നിര്‍മിക്കുക. മുമ്പ് പലപ്പോഴും ദേവസ്വത്തിന്റെ പക്കലുള്ള സ്വര്‍ണം, ലോക്കറ്റ് നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്നു.