മുട്ടിക്കുളങ്ങര കെഎപി ക്യാമ്പിലെ ഹവിൽദാർമാരായ എലവഞ്ചേരി സ്വദേശി അശോകൻ, അത്തിപ്പൊറ്റ സ്വദേശി മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിന് പുറക് വശത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപതരയോടെ ക്വാർട്ടേഴ്സിൽ നിന്നും സമീപത്തെ തോട്ടിലേക്ക് മീൻ പിടിക്കാൻ പോയതായിരുന്നു ഇരുവരും. പിന്നീട് തിരിച്ചു വന്നില്ല.
തിരച്ചിൽ തുടരുന്നതിനിടയിൽ ഇന്ന് രാവിലെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റാണ് മരണമെന്ന് സംശയമുയർന്നിരുന്നു. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
advertisement
Also Read-എൽഎൽബി പരീക്ഷയ്ക്ക് കോപ്പിയടിച്ചു; സിഐയ്ക്ക് സസ്പെൻഷൻ
തോട്ടിൽ നിന്നും അൻപത് മീറ്ററോളം മാറി നെൽപാടത്താണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. രണ്ടു മൃതദേഹവും രണ്ടിടത്തായാണ് കിടന്നത്.
എന്നാൽ പാടത്ത് വൈദ്യുതി വേലിയൊന്നും കണ്ടെത്താനായിട്ടില്ല. തോടിന് സമീപം ഒരു മോട്ടോർപുരയുണ്ട്. കാട്ടുപന്നിക്കായി വെച്ച കെണിയിൽ ഇവർ അകപ്പെടുകയായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് സ്ഥലമുടമയേയും സുഹൃത്തിനേയും കസ്റ്റഡിയിൽ എടുത്തത്. മറ്റെവിടെ നിന്നെങ്കിലും ഷോക്കേറ്റ് മരിച്ചതിന് ശേഷം മൃതദേഹം വയലിൽ കൊണ്ടു വന്നിട്ടതാണോയെന്നും സംശയമുണ്ട്.