കേന്ദ്ര സർക്കാരിന് കേരളത്തോടുള്ള കടുത്ത അവഗണനയും വിവേചനവുമാണ് ബജറ്റിലൂടെ വെളിവാകുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, വികസനത്തിനായുള്ള പ്രത്യേക പാക്കേജുകളെല്ലാം പൂർണ്ണമായും തഴയപ്പെട്ടതായും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. 2021-ൽ 2.2 ലക്ഷം കോടി രൂപയായിരുന്ന ഗ്രാന്റ് ഇപ്പോൾ 1.4 ലക്ഷം കോടി രൂപയായി വെട്ടിക്കുറച്ചു. കേരളത്തോടുള്ള അവഗണനയ്ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു
തമിഴ്‌നാടിനും കർണാടകയ്ക്കും ആന്ധ്രാപ്രദേശിനും ഉൾപ്പെടെ അതിവേഗ റെയിൽ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് മാത്രം എന്താണ് അയോഗ്യതയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പുതിയ പദ്ധതികൾ വരുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന വികാരമല്ല നമ്മുടെ സംസ്ഥാനത്തെ ചില കക്ഷികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
advertisement
2016-ൽ നാട് വല്ലാതെ തകർന്നുപോയ കാലത്താണ് ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിലേറ്റിയത്. അതോടെ നിരാശയിലായിരുന്ന ജനങ്ങൾ പ്രത്യാശയുള്ളവരായി മാറി. ഇവിടെ ഒന്നും നടക്കില്ലെന്ന് കരുതിയ സ്ഥാനത്ത് പലതും നടക്കുമെന്ന അവസ്ഥയിലേക്ക് ജനങ്ങളെത്തി. 2021-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സകല കുത്സിത നീക്കങ്ങളും നടത്തിയിട്ടും ജനങ്ങൾ എൽഡിഎഫിന്റെ സീറ്റുകൾ വർദ്ധിപ്പിച്ച് 99 സീറ്റുകളോടെ വീണ്ടും അധികാരത്തിലേറ്റിയതാണ് നമ്മുടെ നാടിന്റെ അനുഭവമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
