കേന്ദ്ര ആരാഗ്യമന്ത്രാലയം 938.80 കോടിയാണ് കേരളത്തിന് നൽകിയത്. വകയിരുത്തിയ 913.24 കോടിയേക്കാള്‍ കൂടുതൽ സംസ്ഥാനത്തിന് നൽകിയെന്നും വ്യക്തമാക്കുന്നു. ആശാ വര്‍ക്കര്‍മാരുടെ പ്രതിഫല പ്രശ്നത്തിൽ കേന്ദ്ര സർക്കാരിനെ പഴിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ച മറയ്ക്കാനാണ്. 938.80 കോടിക്ക് പുറമെ അധികമായി 120.45 കോടി രൂപ ഫെബ്രുവരി 12ന് നൽകിയെന്നും അവകാശപ്പെടുന്നു.
ഏറ്റവും പുതിയ പ്രതിഫലം നൽകുന്നതിനാണ് ബജറ്റിൽ അനുവദിച്ച തുക കഴിഞ്ഞും 120.45 കോടി അധികമായി നൽകിയത്. കേന്ദ്രം സമയാസമയം ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി വര്‍ക്കര്‍മാരുടെയും ശമ്പളം വര്‍ധിപ്പിച്ചിട്ടുണ്ട്. സക്ഷം അങ്കണവാടി, പോഷൻ 2.0 പദ്ധതിയിലൂടെ കഴിഞ്ഞ വർഷം 21,200 കോടിയും ഈ വർഷം 21960 കോടിയും വകയിരുത്തി.
advertisement
ആശാ വര്‍ക്കര്‍മാരുടെ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കണക്കുകൾ നിരത്തി പ്രസ്താവന ഇറക്കിയത്. കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയില്ലെന്നും ഒരു സംസ്ഥാനത്തോടും കേന്ദ്രം ഇത്തരത്തിൽ അവഗണന കാട്ടുന്നില്ലെന്നും വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.
ബജറ്റിൽ അനുവദിച്ചതിനേക്കാള്‍ കൂടുതലാണ് കേരളത്തിന് നൽകുന്നത്. ഒരു സംസ്ഥാനത്തോടും പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രം വിവേചനം കാണിച്ചിട്ടില്ല. അഞ്ചാമത്തെ തവണയായിട്ടാണ് അധികമായി 120 കോടി ഫെബ്രുവരിയിൽ നൽകിയത്. അതിനു മുമ്പ് നാലു തവണകളായിട്ടാണ് 913 കോടി നൽകിയത്.
ഭരണപരാജയം കാരണം സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര സര്‍ക്കാരിനെ പഴിക്കുന്നത് നിര്‍ഭാഗ്യകരമാണ്. അവരുടെ കഴിവുകേട് മറച്ചുപിടിക്കുന്നതിനായാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്‍റെ ഇത്തരം ക്ഷേമ പദ്ധതികള്‍ക്ക് തുരങ്കംവെച്ച് കേന്ദ്രത്തെ താറടിച്ചുകാണിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.