കൊല്ലം സ്വദേശികളായ എട്ട് പേരും തിരുവനന്തപുരം സ്വദേശിയായ ഒരാളും ഉൾപെടെ ഒൻപത് പേരെയാണ് പൊലീസ് സന്നിധാനത്തുവെച്ചു കരുതൽ തടങ്കലിലാക്കിയത്. കൂടാതെ നടപന്തലിൽ ഇരുന്ന് നാമജപം നടത്തിയ കായംകുളം സ്വദേശി രഞ്ജിത് എന്നയാളെയും രണ്ട് ദിവസമായി സന്നിധാനത്ത് താമസിക്കുന്ന കണ്ണൂർ സ്വദേശിയായ ശ്രീനാഥിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ എല്ലാവരും ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്. കരുതൽ തടവിലാക്കിയ ഒൻപതു പേരെ പോലീസ് മലയിറക്കി പമ്പയിൽ എത്തിച്ചു. ഇവരിൽ രണ്ടു പേർ ആട്ട ചിത്തിര വിശേഷ ദിവസം പ്രതിഷേധത്തിന് നേതൃത്വം കൊടുത്തവരാണെന്ന് പൊലീസ് പറഞ്ഞു.
advertisement
ആയിരത്തോളം ഫേസ്ബുക്ക് പ്രൊഫൈലുകൾ കേരള പൊലീസ് നിരീക്ഷിക്കുന്നു
തുടർന്ന്, വൈകുന്നേരം ഏഴു മണിയോടെയാണ് സന്നിധാനം പൊലീസ് സ്റ്റേഷന് മുന്നിൽ നാടകീയ സംഭവങ്ങൾ ആരംഭിച്ചത്. പൊലീസ് സ്റ്റേഷന് അകത്ത് കയറി വി മുരളീധരൻ പ്രതിഷേധം ആരംഭിച്ചു. മേൽ ഉദ്യോഗസ്ഥർക്ക് മാത്രമേ അറസ്റ്റിനെക്കുറിച്ച് അറിയൂ എന്ന് എസ്ഐ പറഞ്ഞതോടെ പ്രതിഷേധം ശക്തമായി. എംപി നളിൻകുമാർ കാട്ടീലും ബിജെപി നെതാവ് ജെ ആർ പത്മകുമാറും മുരളീധരന് ഒപ്പമുണ്ടായിരുന്നു. അറസ്റ്റിലായ എല്ലാവരെയും വിട്ടയക്കണമെന്നു വി മുരളീധരൻ ആവശ്യപ്പെട്ടു. സന്നിധാനത്തിന്റെ ചുമതല ഉള്ള എസ് പിയുമായി ഫോണിൽ സംസാരിച്ച ശേഷമാണ് ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം വി മുരളീധരനും സംഘവും അവസാനിപ്പിച്ചത്.
