വനിതാ കമ്മീഷന്‍ നോക്കുകുത്തി; പിരിച്ചുവിട്ട് പുതിയ കമ്മീഷനെ നിയമിക്കണമെന്ന് വി. മുരളീധരൻ

webtech_news18
കേരളത്തിലെ വനിതകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയാതെ നോക്കുകുത്തിയായി മാറിയ സംസ്ഥാന വനിതാ കമ്മീഷനെ പിരിച്ചുവിട്ട് പുതിയ വനിതാ കമ്മീഷനെ നിയമിക്കണമെന്ന് വി മുരളീധരൻ എം പി ആവശ്യപ്പെട്ടു. സി.പി.എം എല്‍.എല്‍.എയായ പി.കെ.ശശിക്കെതിരായ പീഡന പരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ടതില്ലെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിലപാട് കേരളത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെതന്നെ ചോദ്യം ചെയ്യുന്നതാണ്. ഈ കേസില്‍ മാത്രമല്ല, ജലന്ധര്‍ ബിഷപ്പിനെതിരേ കന്യാസ്ത്രീ നല്‍കിയ പരാതിയിലും സംസ്ഥാന വനിതാ കമ്മീഷന്‍ ഫലപ്രദമായ ഒരിടപെടല്‍ നടത്തുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

പി.കെ ശശിക്കെതിരെ പരാതി ലഭിച്ചില്ല; കിട്ടിയാൽ അന്വേഷിക്കുമെന്ന് എം.സി ജോസഫൈൻ


പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണെന്ന് പറയുമ്പോഴും സി.പി.എമ്മിന്റെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു സംവിധാനമായി വനിതാ കമ്മീഷന്‍ മാറിയിരിക്കുന്നു എന്നുവേണം ഈ നടപടികളിലൂടെ മനസിലാക്കാന്‍. സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്നു പറയുന്ന വനിതാ കമ്മീഷന്റെ നിലപാട് കേസ് ഒതുക്കിതീര്‍ക്കുന്നതിന്റെ ഭാഗമായുള്ളതാണ്.


രാഷ്ട്രീയ പശ്ചാത്തലമുള്ളവരാണ് വനിതാ കമ്മീഷനില്‍ നിയമിക്കപ്പെടാറുള്ളതെങ്കിലും ആ സ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ നിക്ഷ്പക്ഷമായ നിലപാട് സ്വീകരിക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കുകയുമാണ് കീഴ് വഴക്കം. എന്നാല്‍ ഇപ്പോള്‍ സ്ഥിതി തീര്‍ത്തും വിഭിന്നമായി മാറിയിരിക്കുന്നു. സി.പി.എം കേന്ദ്ര കമ്മറ്റി അംഗമായിരിക്കുകയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിലുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ സമയം മുഴുവന്‍ ചെലവഴിക്കുന്നത്. കേരളത്തിലെ വനിതകളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയമില്ലാതിരിക്കുകയും ചില പ്രത്യേക വിഷയങ്ങള്‍ തെരഞ്ഞെടുത്ത് ഇടപെടുകയും ചെയ്യുന്ന സംസ്ഥാന വനിതാ കമ്മീഷനെ പിരിച്ചുവിട്ട് പുതിയ വനിതാ കമ്മീഷനെ തെരഞ്ഞെടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. 
>

Trending Now