ഇതിനിടെ, നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസം ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് മെസേജ് അയച്ചെന്ന വിവരം പുറത്തുവന്നിരുന്നു.2017 ഫെബ്രുവരി 22നാണ് മെസേജ്അയച്ചത്. തെറ്റുചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നായിരുന്നു മെസേജ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ദീലീപ് ഇത്തരത്തിൽ മെസേജ് അയച്ചിരുന്നു. പ്രതി പൾസർ സുനിയാണെന്ന് പുറത്തു വന്നതോടെയാണ് ദലീപ് സമ്മർദത്തിലായതെന്നും ഇതോടെ അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് മെസേജ് അയച്ചതെന്നുമാണ് പ്രോസിക്യൂഷൻ വാദം. മെസേജ് പ്രോസിക്യുഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
ദിലീപിന് കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടി അന്നത്തെ ഭാര്യയായിരുന്ന മഞ്ജു വാര്യരോട് വെളിപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് ക്വട്ടേഷൻ നൽകാൻ ദിലീപിനെ പ്രേരിപ്പിച്ചത് എന്നാണ് പ്രോസിക്യൂഷൻ്റെ കേസ്. ദിലീപും കാവ്യാ മാധവനുമായുള്ള ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് ഈ സംഭവങ്ങളുടെയെല്ലാം തുടക്കം. 'രാമൻ', 'RUK അണ്ണൻ', 'മീൻ', 'വ്യാസൻ' തുടങ്ങിയ പേരുകളിലാണ് കാവ്യയുടെ ഫോൺ നമ്പറുകൾ ദിലീപ് തൻ്റെ ഫോണിൽ സേവ് ചെയ്തിരുന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
advertisement
ഏഴു വർഷവും എട്ടുമാസവും നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാന്‍ പോകുന്നത്. കഴിഞ്ഞ തവണ കോടതി ചോദിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരുന്നു. നടൻ ദിലീപ് ഉൾപ്പെടെ കേസിലെ 10 പ്രതികളും തിങ്കളാഴ്ച ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം.
2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10ന് അറസ്റ്റ് ചെയ്തു. പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ 3ന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു.
2017 നവംബറിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2018 മാര്‍ച്ച് 8ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. 2018 ജൂണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. നാലര വര്‍ഷം കൊണ്ടാണ്. സാക്ഷി വിസ്താരം പൂര്‍ത്തിയായത്.
2024 ഡിസംബര്‍ 11നാണ് കേസിലെ അന്തിമവാദം ആരംഭിച്ചത്. 2025 ഏപ്രില്‍ 7ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി. 2025 ഏപ്രില്‍ 9ന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. തുടര്‍ന്ന് പ്രോസിക്യൂഷന്റെ മറുപടി വാദവും പൂര്‍ത്തിയായി.
കേസിലെ പ്രതികൾ
- ഒന്നാംപ്രതി- സുനിൽകുമാർ എന്ന പൾസർ സുനി
- രണ്ടാം പ്രതി- മാർട്ടിൻ ആന്റണി
- മൂന്നാം പ്രതി- മണികണ്ഠൻ ബി
- നാലാം പ്രതി- വിജീഷ് വി പി
- അഞ്ചാംപ്രതി- വടിവാൾ സലീം എന്ന സലീം എച്ച്
- ആറാം പ്രതി- പ്രദീപ്
- ഏഴാം പ്രതി- ചാർലി തോമസ്
- എട്ടാം പ്രതി- ദിലീപ് എന്ന പി ഗോപാലകൃഷ്ണൻ
- ഒൻപതാം പ്രതി- മേസ്തിരി സനിൽ
- പത്താം പ്രതി- ശരത് ജി നായർ (സൂര്യ ട്രാവൽസ് ഉടമ)
