സർക്കാരിന്റെ അനിമൽ ഹസ്ബൻഡറി വകുപ്പാണ് സേർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. വിസി നിയമനത്തിന് ലഭിച്ച അപേക്ഷകൾ ഓൺലൈനിൽ യോഗം ചേർന്ന് പരിശോധിച്ച ശേഷം അന്തിമ പാനൽ തയാറാക്കുന്നതിനു വേണ്ടിയാണ് ഏപ്രിൽ 15ന് തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ യോഗം ചേരാൻ തീരുമാനിച്ചത്. സേർച്ച് കമ്മിറ്റിയുടെ ഘടന ഭേദഗതി ചെയ്ത ബില്ല് നിയമസഭ പാസാക്കിയെങ്കിലും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്ത ബില്ലിലെ വ്യവസ്ഥ പ്രകാരമാണ് സർക്കാർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്.
സിപിഐയുടെ പ്രതിനിധിയായ മന്ത്രി ചിഞ്ചു റാണിയാണ് സർവകലാശാലയുടെ പ്രോ ചാൻസിലർ. വിസി നിയമന വിഷയത്തിൽ ഗവർണറുമായുള്ള നല്ല ബന്ധം നഷ്ടപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് സേർച്ച് കമ്മറ്റി യോഗം മാറ്റിവയ്ക്കാൻ മന്ത്രിയെ പ്രേരിപ്പിച്ചതെന്നറിയുന്നു.
advertisement
മരണപ്പെട്ട പൂക്കോട് കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ റാഗിങ്ങിന് കാരണക്കാരായ 18 വിദ്യാർത്ഥികളെ മൂന്നു വർഷത്തേക്ക് കോളേജിൽ നിന്നും പുറത്താക്കാനുള്ള താത്കാലിക വിസിയുടെ നടപടിയിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയ്ക്കുള്ള എതിർപ്പുകൂടി കണക്കെടുത്താണ് സ്ഥിരം വിസി നിയമന നടപടിയുമായി സർക്കാർ മുന്നോട്ടുപോയത്.