ഓണസമ്മാനമായി തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് 10,000 രൂപ വീതം നൽകിയെന്നായിരുന്നു പരാതി. വിജിലൻസ് ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെക്കുറിച്ച് അന്വേഷിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പരാതിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്. ദൃശ്യങ്ങൾ പരിശോധിക്കാൻ വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും അജിത തങ്കപ്പൻ ഓഫീസ് പൂട്ടി പോയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദൃശ്യങ്ങൾ വിജിലൻസിന് വീണ്ടെടുക്കാനായത്.
കവറുമായി കൗൺസിലർമാർ ചെയർപേഴ്സണിന്റെ ഓഫീസിൽനിന്ന് മടങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പണം ലഭിച്ചിരുന്നുവെന്ന് ചില കൗൺസിലർമാർ മൊഴി നൽകിയ ചെയ്തിരുന്നു. പണം നൽകിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അജിത തങ്കപ്പൻ. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അജിത തങ്കപ്പൻ ആവർത്തിക്കുന്നു.
advertisement
വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ചെയർപേഴ്സണിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സമരം ശക്തമാക്കി. ഇടത് വനിതാ സംഘടനകളുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപിയുടെ അനിശ്ചിതകാല സമരവും തുടരുകയാണ്.
അതേസമയം, തൃക്കാക്കര നഗരസഭ ചെയർപേഴ്സണിന്റെ ഓഫീസ് പൂട്ടിയ സംഭവത്തിൽ നിയമോപദേശം അജിത തങ്കപ്പന് അനുകൂലമെന്നാണ് സൂചന. ഓഫീസ് പൂട്ടാൻ നഗരസഭാ സെക്രട്ടറിക്ക് അധികാരമില്ല. സ്ഥാവര ജംഗമ വസ്തുക്കളുടെ സംരക്ഷണം മാത്രമാണ് സെക്രട്ടറിയുടെ ഉത്തരവാദിത്വം. ചെയർപേഴ്സൺ ഓഫീസിനകത്ത് കയറുന്നത് തടയാൻ സെക്രട്ടറിക്ക് അവകാശമില്ലെന്ന് നിയമോപദേശം ലഭിച്ചതായാണ് വിവരം.
പണക്കിഴി വിവാദത്തിൽ വിജിലൻസ് സംഘം തെളിവെടുപ്പിന് എത്തിയതിന് പിന്നാലെയായിരുന്നു ഓഫീസ് പൂട്ടി ചെയർപേഴ്സൺ അജിത തങ്കപ്പൻ പുറത്തു പോയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഈ ദൃശ്യങ്ങൾ വിജിലൻസിന് വീണ്ടെടുക്കാനായത്. വിജിലൻസ് സംഘം പിന്നാലെ നഗരസഭാ സെക്രട്ടറി കൃഷ്ണകുമാർ ഓഫീസ് പൂട്ടി സീൽ വച്ചിരുന്നു. വിജിലൻസ് സംഘത്തിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി എന്നായിരുന്നു സെക്രട്ടറി നൽകിയ വിശദീകരണം. നിർണായകമായ തെളിവുകൾ നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിച്ചതെന്നും നഗരസഭാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ആയിരുന്നു വിജിലൻസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
