304 ബി വകുപ്പു പ്രകാരം 10 വർഷവും, 306 ൽ ആറു വർഷം തടവും 2 ലക്ഷം പിഴയും 498 എ രണ്ട് വർഷം തടവും 50000 പിഴയും സ്ത്രീധന നിരോധനം 3ൽ ആറ് വർഷം തടവും സ്ത്രീധന നിരോധനം 4ൽ ഒരു വർഷവും തടവിന് കോടതി ശിക്ഷ വിധിച്ചു. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.
advertisement
ഇന്ന് രാവിലെ കോടതി ചേർന്നയുടൻ പ്രതിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ജഡ്ജി ആരാഞ്ഞു. താൻ നിരപരാധിയാണെന്നും വിസ്മയുടേത് ആത്മഹത്യയാണെന്നും പ്രതി പറഞ്ഞിരുന്നു. അച്ഛന് സുഖമില്ലെന്നും ഓർമ്മക്കുറവുണ്ടെന്നും അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രതി കോടതിയിൽ പറഞ്ഞു. ശിക്ഷയിൽ ഇളവ് വേണമെന്നും കിരൺകുമാർ ആവശ്യപ്പെട്ടു.
അതേസമയം സമൂഹത്തിന് മാതൃകയാകുന്ന വിധിയുണ്ടാകണമെന്നും അനുകമ്പ പാടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഈ കേസിലെ സാമൂഹിക പ്രസക്തി മനസിലാക്കണം. കോടതി വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. 304 ബി പ്രകാരമുള്ള ശിക്ഷ പ്രതിക്ക് നൽകണം. സ്ത്രീധന പീഡനത്തെ തുടര്‍ന്നുളള മരണത്തിന്‍റെ പേരിലാണ് ഈ വകുപ്പ് ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷത്തില്‍ കുറയാതെയുളള തടവോ അല്ലെങ്കില്‍ ജീവപര്യന്തമോ ആണ് ഈ വകുപ്പില്‍ കിട്ടാവുന്ന പരമാവധി ശിക്ഷ.
കേസ് വ്യക്തിക്ക് എതിരെ അല്ല എന്ന് പ്രോസിക്യുട്ടർ വ്യക്തമാക്കി. പ്രതി വിദ്യാസമ്പന്നനും സർക്കാർ ഉദ്യോഗസ്ഥനുമായിട്ടും പ്രാകൃത നടപടിയാണ് ഭാര്യയോട് കാണിച്ചത്. നാളെ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രാസിക്യൂഷൻ പറഞ്ഞു. പെൺകുട്ടിയെ നിലത്തിട്ട് ചവിട്ടിയത് സ്ത്രീധനത്തിന്‍റെ പേരിലാണ് സമൂഹം ഇത് ഒരിക്കലും അംഗീകരിക്കില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം ജീവപര്യന്തം പാടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പരിഷ്കൃത സമൂഹത്തിൽ ലോകത്തെവിടെയും അത്മഹത്യ പ്രേരണയിൽ ജീവപര്യന്തം നൽകിയിട്ടില്ല. ലോകത്തെല്ലാം സ്ത്രീധന മരണങ്ങളിലും ജീവപര്യന്തം നൽകിയിട്ടില്ല. രാജ്യം ഉറ്റുനോക്കുന്ന കേസാണെന്ന് പറയാനാകില്ല. യുപിയിൽ പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ പോലും സുപ്രീം കോടതി മൂന്നംഗ ബഞ്ച് ജീവപര്യന്തം ശിക്ഷിച്ചില്ല. 10 വർഷമാണ് ശിക്ഷ നൽകിയത്. കൊലപാതക കേസിന് സമാനമല്ല ആത്മഹത്യ കേസ് എന്നും പ്രതിഭാഗം വാദിച്ചു.
വിസ്മയ കേസിൽ വൻ സുരക്ഷയാണ് കൊല്ലം ജില്ലാ കോടതി വളപ്പിൽ ഏർപ്പെടുത്തിയത്. ശിക്ഷാവിധി കേൾക്കാൻ വൻ ജനാവലി കോടതിയിൽ എത്തിയിരുന്നു. ഇന്ന് 45 മിനിട്ടോളം നീണ്ട വാദത്തിനൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.
2021 ജൂൺ 21നാണ് നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ വിസ്മയ വി. നായരെ ശാസ്താംകോട്ട ശാസ്താ നടയിലുള്ള ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിറ്റേദിവസം ഭർത്താവ് മോട്ടോർ വാഹന വകുപ്പിൽ എ.എം.വി.ഐ ആയിരുന്ന കിരൺ കുമാറിന്റെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു ജൂൺ 25ന് വിസ്മയയുടെത് തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു.