തിരുവനന്തപുരം: നടന്മാരായ മമ്മൂട്ടിക്കും ഫഹദ് ഫാസിലിനുമെതിരെ മോശം പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ആലപ്പുഴയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ഡോ. കെ.എസ് രാധാകൃഷ്ണന്. ശ്രീലങ്കന്‍ ഭീകരാക്രമണത്തെ അപലപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മമ്മൂട്ടിയെയും ഫഹദിനെയും അദ്ദേഹം പരാമര്‍ശിച്ചത്. മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ശ്രീലങ്കന്‍ ഭീകരാക്രമണത്തില്‍ എന്ത് പറയാന്‍ താല്പര്യമുണ്ടെന്നറിയാന് താല്പര്യമുണ്ടെന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
'മമ്മൂട്ടിയെയും ഫഹദിനെയും കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല. ഇരുവരും അറിയപ്പെടുന്ന കലാകാരന്മാരാണ്. മമ്മൂട്ടി അനുഭവസമ്പത്തുള്ള മുതിര്‍ന്ന കലാകാരനും ഫഹദ് യുവതലമുറയുടെ പ്രതിനിധിയും. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞത്. ഇരുവരും നാട്ടില്‍ സമാധാനം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരും അതിന്റെ ഗുണഭോക്താക്കളുമാണ്. നാട്ടില്‍ സമാധാനം നിലനിന്നുകാണമെന്ന ആഗ്രഹമുള്ളതു കൊണ്ടാണ് ഇക്കാര്യത്തില്‍ അവരുടെ അഭിപ്രായം ആരാഞ്ഞത്.' - കെ.എസ് രാധാകൃഷ്ണന് ന്യൂസ് 18 നോട് പറഞ്ഞു.
advertisement
Also Read ശ്രീലങ്കന്‍ സ്ഫോടനത്തില്‍ മമ്മൂട്ടിക്കും ഫഹദിനും എന്താണ് പറയാനുള്ളത്?
അതേസമയം ശ്രീലങ്കന്‍ ഭീകരാക്രമണത്തെ കുറിച്ചുള്ള പോസ്റ്റില്‍ മമ്മൂട്ടിയുടെയും ഫഹദിന്റെയും അഭിപ്രായം ചോദിച്ചത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കോണ്‍ഗ്രസ് അനുഭാവിയായിരുന്ന കെ.എസ് രാധാകൃഷ്ണന് സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായും പി.എസ്.സി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്താണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി പാളയത്തിലെത്തിയത്. തൊട്ടുപിന്നാലെ ആലപ്പുഴയിലെ എന്‍.ഡി.എ സ്ഥാനാര്‍തിയായി മത്സരിക്കുകയും ചെയ്തു.
