സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയായിരുന്ന കേരള കോൺഗ്രസ് പിളർന്നും വളർന്നുമാണ് ഇവിടെ വരെയെത്തിയത്. ജനിച്ചപ്പോൾ കോൺഗ്രസിന് ബദൽ ആകുമെന്ന് തോന്നിച്ചെങ്കിലും വ്യക്തി താൽപ്പര്യങ്ങളിലും സമുദായ താൽപ്പര്യങ്ങളിലും കുടുങ്ങി മുന്നണി മാറ്റങ്ങളും ലയനങ്ങളുമാണ് അരനൂറ്റാണ്ടിനിടെ കേരള കോൺഗ്രസുകളെ മുറിച്ച് ചെറുതാക്കിയത്.
ഒരു മുന്നണിയിൽനിന്ന് മറ്റൊരു മുന്നണിയിലേക്ക് മാറുമ്പോഴും രണ്ട് പാർട്ടികൾ ലയിക്കുമ്പോഴും ഒരു വിഭാഗം എപ്പോഴും എതിർക്കുകയും പുതിയൊരു കേരള കോൺഗ്രസിനെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് പതിവ് ശൈലി. ഇതുവരെ ഒരു ഡസനോളം കേരള കോൺഗ്രസുകളാണ് ആറു പതിറ്റാണ്ടിനിടെ ജനിച്ചത്. ചിലതെല്ലാം ഉദിച്ചതിനേക്കാൾ വേഗത്തിൽ അസ്തമിച്ചു. അത്തരത്തിൽ 10 വർഷം മുമ്പ് പിറവി കൊണ്ടതാണ് ജനാധിപത്യ കേരള കോൺഗ്രസ്.
advertisement
എൽഡിഎഫിലായിരുന്ന പി.ജെ ജോസഫും യുഡിഎഫിലായിരുന്ന കെ.എം മാണിയും ലയിക്കാൻ തീരുമാനിച്ചപ്പോൾ അതിൽ താൽപ്പര്യമില്ലാതെ എൽഡിഎഫിനൊപ്പം തുടരാൻ തീരുമാനിച്ച ജോസഫ് വിഭാഗത്തിലെ നേതാക്കൾ ചേർന്നാണ് 2015 ൽ ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ചത്. പിന്നാലെ 2016 ലെ തിരഞ്ഞെടുപ്പിൽ ഇടുക്കി, പൂഞ്ഞാർ, ചങ്ങനാശ്ശേരി, തിരുവനന്തപുരം എന്നീ നാല് സീറ്റുകളാണ് എൽഡിഎഫ് അനുവദിച്ചത്. പാർട്ടിയുടെ സ്ഥാപക നേതാക്കളായ ഫ്രാൻസിസ് ജോർജ് ഇടുക്കിയിലും പി.സി ജോസഫ് പൂഞ്ഞാറിലും കെ.സി ജോസഫ് ചങ്ങനാശ്ശേരിയിലും ആന്റണി രാജു തിരുവനന്തപുരത്തും സ്ഥാനാർഥികളായി. നാലിടത്തും തോറ്റു.
തിരുവനന്തപുരത്ത് വെറും 805 വോട്ടിനാണ് മൂന്നാം സ്ഥാനത്തിൽ നിന്ന് രക്ഷപെട്ടതെങ്കിൽ സ്വതന്ത്രനായി പിസി ജോർജ് ജയിച്ച പൂഞ്ഞാറിൽ 2600 വോട്ടിന്റെ വ്യത്യാസത്തിലാണ് എൻഡിഎയ്ക്ക് പിന്നിൽ നാലാം സ്ഥാനം എന്ന അപമാനത്തിൽ നിന്ന് പാർട്ടി രക്ഷപെട്ടത്.1849 വോട്ടിന് പരാജയപ്പെട്ട ചങ്ങനാശ്ശേരി മാത്രമായിരുന്നു ജയത്തോട് അടുത്ത ഏക മണ്ഡലം.
2019-ൽ ഫ്രാൻസിസ് ജോർജ് യുഡിഎഫിലേക്ക് പോയി.ആന്റണി രാജുവുൾപ്പടെയുള്ള മറ്റുനേതാക്കൾ ഫ്രാൻസിസിനൊപ്പം പോയില്ല. ജനാധിപത്യ കേരള കോൺഗ്രസായി എൽഡിഎഫിനൊപ്പം ഉറച്ച് നിന്നു. എന്നാൽ കേരളാ കോൺഗ്രസ് (എം) 2020ൽ എൽഡിഎഫിലേക്ക് വന്നതോടെ മൂന്ന് സീറ്റ് പോയി. തിരുവനന്തപുരം മാത്രമാണ് പാർട്ടിക്ക് മത്സരിക്കാൻ കിട്ടിയത്. 2021ൽ കോൺഗ്രസിൽനിന്ന് മണ്ഡലം പിടിച്ചെടുത്ത ആന്റണി രാജുവിന് രണ്ടര വർഷക്കാലം മന്ത്രിസ്ഥാനവും ലഭിച്ചു.
നിർണായകമായ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിലാണ് തൊണ്ടി മുതൽ കേസിലെ വിധി വരുന്നത്. മയക്കുമരുന്നു കേസിലെ തൊണ്ടിമുതലായ, പ്രതിയായ ഓസ്‌ട്രേലിയൻ പൗരന്റെ അടിവസ്ത്രമായ ജട്ടി വെട്ടിച്ചെറുതാക്കി കൃത്രിമം കാട്ടിയ കേസിലെ രണ്ടാം പ്രതിയായിരുന്നു ആന്റണി രാജു.ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് നിയമസഭാംഗത്വം നഷ്ടമായ കേരളത്തിലെ ആദ്യ നിയമസഭ സാമാജികനായ ആൻ്റണി രാജു വെള്ളിയാഴ്ച ചേർന്ന ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമാണ്. ഇതോടെ മണ്ഡലത്തിൽ എൽഡിഎഫിന്റെ പദ്ധതിയും മാറ്റേണ്ടി വരും.
ആന്റണി രാജു അയോഗ്യനായതോടെ സിപിഎം സീറ്റ് ഏറ്റെടുക്കാനാണ് എല്ലാ സാധ്യതയും. ലത്തീൻ കത്തോലിക്കാ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലമാണ് തിരുവനന്തപുരം. അത്തരമൊരു സാമുദായിക പിൻബലമായിരുന്നു ആന്റണി രാജുവിന് എൽഡിഎഫിലുണ്ടായിരുന്ന സ്വാധീനം. മറ്റൊരു സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന് അനുവദിക്കാനുള്ള സാധ്യത വളരെ കുറവാണ്.
2011ൽ അല്പം രൂപം മാറിയ തിരുവനന്തപുരം വെസ്റ്റാണ് ഇപ്പോഴത്തെ തിരുവനന്തപുരം. പൂർണമായും തിരുവനന്തപുരം നഗരസഭയിലെ വാർഡുകൾ ചേർന്ന മണ്ഡലത്തിൽ മന്ത്രിഭാഗ്യം ഉണ്ട്. 1996 മുതൽ നാല് മന്ത്രിമാരാണ് ഇവിടെ നിന്നും ഉണ്ടായത്. ആന്റണി രാജുവിനുപുറമെ എം വി രാഘവൻ, എസ് സുരേന്ദ്രൻപിള്ള, വിഎസ് ശിവകുമാർ എന്നിവർ ഇവിടെ നിന്ന് മന്ത്രിമാരായി.
1996 മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിലെ ഒരു കേരളാ കോൺഗ്രസിനായിരുന്നു തിരുവനന്തപുരം വെസ്റ്റും പിന്നീട് വന്ന തിരുവനന്തപുരവും നൽകിയിരുന്നത്. ആറ് മത്സരങ്ങളിൽ മൂന്ന് ജയം. ജയിച്ച രണ്ടു കേരളാ കോൺഗ്രസുകാർ മന്ത്രിയായി.
കഴിഞ്ഞ തവണ 15 സീറ്റുകളാണ് നാല് കേരളാകോൺഗ്രസുകൾക്ക് നൽകിയത്. യുഡിഎഫ് വിട്ട കേരള കോൺഗ്രസ് എം വിഭാഗത്തിന് 2021 ൽ 13 സീറ്റ് നൽകിയായിരുന്നു എൽഡിഎഫ് മുന്നണിയിലേക്ക് തുടക്കം. ഇതിൽ സിപിഎമ്മിന് വലിയ വേരോട്ടമുള്ള കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ് എമ്മിന് നൽകിയതോടെ നേതൃത്വത്തിനെതിരേ പ്രവർത്തകർ തെരുവിൽ ഇറങ്ങി. ഒടുവിൽ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി സിപിഎം സ്ഥാനാർഥി തന്നെ മത്സരിക്കുകയും നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു. എന്നാൽ, ഇക്കുറി സീറ്റ് ഞങ്ങൾക്ക് തന്നെ വേണമെന്ന് നിർബന്ധം പിടിച്ചിരിക്കുകയാണ് ജോസ് കെ മാണി.
കുറ്റ്യാടി സീറ്റിന്റെ കാര്യത്തിൽ ജോസ് വിഭാഗം നിർബന്ധം പിടിക്കുകയും അതിന് വഴങ്ങുകയും ചെയ്താൽ മണ്ഡലത്തിൽ സിപിഎമ്മിന് തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയുണ്ട്. അങ്ങനെ വന്നാൽ പകരം പേരാമ്പ്ര മണ്ഡലമാവും കേരള കോൺഗ്രസ് എം ചോദിക്കുക എന്നാണ് സൂചന. എന്നാൽ ഒത്തുതീർപ്പ് എന്ന നിലയിൽ കേരളാ കോൺഗ്രസിന്റെ സീറ്റായ തിരുവനന്തപുരത്തിന് കേരള കോൺഗ്രസ് എം വഴങ്ങിയേക്കാം.
പക്ഷെ ബിജെപി പ്രതീക്ഷ വെക്കുന്ന സീറ്റുകളിലൊന്നായതിനാൽ തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാർഥിയെ നിർത്താതിരിക്കാനാവില്ല. സാമുദായിക സമവാക്യങ്ങളെല്ലാം ഒത്തുപോകുന്നവിധത്തിൽ പുതിയൊരു സ്ഥാനാർഥിയെ കണ്ടെത്തുക എന്നതാകും സിപിഎം നേരിടുന്ന വെല്ലുവിളി.
