കേരളത്തിൽ എ ഐ സി സി പ്രതിനിധി കൺവീനർ ആയ 17 അംഗ കോർ കമ്മിറ്റിയെ നിയമിച്ചതിലൂടെ അസാധാരണമായ ചില മാറ്റങ്ങൾക്ക് കൂടിയാണ് കോൺഗ്രസ് തുടക്കമിട്ടിരിക്കുന്നത്. സംസ്ഥാന കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായാണ് കെപിസിസി നേതൃത്വത്തിന് മുകളിൽ മറ്റൊരു സമിതിക്ക് രൂപം നൽകി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ഹൈക്കമാൻഡ് നേരിട്ട് കടിഞ്ഞാൺ ഏറ്റെടുക്കുന്നത്.
കോൺഗ്രസ് കുടുംബത്തിലെ മുതിർന്ന കാരണവരായ എ കെ ആന്റണിയും എഐസിസിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും മുൻ കെപിസിസി അധ്യക്ഷൻമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും കെ സുധാകരനും രമേശ് ചെന്നിത്തലയും തുടങ്ങി ഷാനിമോൾ ഉസ്മാൻ വരെ നീളുന്ന 17അംഗ സമിതി നിലവിൽ വന്നതോടെ ഒരർത്ഥത്തിൽ സംസ്ഥാന കോൺഗ്രസിന്റെ നേതൃതലത്തിലെ എല്ലാ സമവാക്യങ്ങളും ഇനി അപ്രസക്തമാവുകയാണ്.
advertisement
17 അംഗ കോർ കമ്മിറ്റി
സണ്ണി ജോസഫ്, വി ഡി സതീശൻ, എ കെ ആന്റണി, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ മുരളീധരൻ, വി എം സുധീരൻ, എം എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ പി അനിൽ കുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് അംഗങ്ങൾ.
അധ്യക്ഷനും വർക്കിംഗ് പ്രസിഡന്റുമാരും ഉൾപ്പെട്ട കെപിസിസി നേതൃത്വം, കോൺഗ്രസ് ഹൈപവർ കമ്മിറ്റിയായ രാഷ്ട്രീയകാര്യ സമിതി, കെപിസിസി എക്സിക്യൂട്ടീവ്.., തുടങ്ങിയവയുടെ എല്ലാം അധികാരം ഇനി നാമമാത്രമാകും. കെപിസിസി വൈസ് പ്രസിഡന്റ് പദവിയിലും ജനറൽ സെക്രട്ടറി പദവിയിലും ഒന്നും എത്താൻ കഴിയാതിരുന്ന പല പ്രമുഖരും രാഷ്ട്രീയകാര്യ സമിതിയിൽ അംഗമായി പാർട്ടിയിലെ അധികാര കേന്ദ്രത്തിന്റെ ഭാഗമായി തിളങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു. അതിന് ഹൈക്കമാൻഡ് വെച്ച ചെക്കായി മാറിയിരിക്കുകയാണ് കോർ കമ്മിറ്റി.
പരാതി പറഞ്ഞ നേതാക്കളെ ജംബോ കമ്മിറ്റിയിൽ പദവി നൽകി തൃപ്തരാക്കിയ ശേഷം നിർണായക തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയിൽ സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം നയതീരുമാനങ്ങളെടുക്കാൻ കഴിയുന്ന ഉന്നതധികാര സമിതിയായി 17 അംഗ കോർ കമ്മിറ്റി മാറുമെന്ന് ചുരുക്കം.
ഇതും വായിക്കുക: മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
തിരഞ്ഞെടുപ്പ് മാത്രം മുന്നിൽക്കണ്ടുള്ള നീക്കമാണ് ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഉറപ്പിക്കാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. നിർണായക നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവചനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് യുഡിഎഫിന് അധികാരത്തിലേക്ക് നടന്നടുക്കാൻ ആയാൽ പിന്നെ കലപില തുടങ്ങുക ഒരേയൊരു പദം ലക്ഷ്യമിട്ടാകും... മുഖ്യമന്ത്രി പദം.
നിലവിലെ നേതൃത്വം തിരഞ്ഞെടുപ്പിനെ നയിക്കുകയും മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അതിന്റെ ക്രെഡിറ്റ് വി ഡി സതീശൻ അവകാശപ്പെടുകയും ചെയ്താൽ അത്ര പെട്ടന്ന് ആർക്കും എതിർക്കാൻ കഴിയില്ല. നിർണായക ഘട്ടത്തിൽ പാർട്ടിയെ നയിച്ചതിന്റെ അവകാശവാദം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഉന്നയിക്കുമെന്ന് ഉറപ്പ്. അപസ്വരങ്ങൾക്ക് സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും പാർട്ടിക്കുവേണ്ടി ബോധപൂർവം മൗനം പാലിച്ചു മുന്നണിയെ അധികാരത്തിൽ എത്തിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഗ്രേസ് മാർക്ക് രമേശ് ചെന്നിത്തലയും സ്വാഭാവികമായി ആവശ്യപ്പെടും.
പല ധ്രുവങ്ങളിലേക്ക് ചിതറിയ നേതാക്കളെ ഒരു കുടക്കീഴിൽ അണിനിരത്തിയതിന്റെ ആത്മവിശ്വാസം കെ സി വേണുഗോപാലിനും ഉണ്ടാകുമെന്ന് തീർച്ച. ഈ സാധ്യതകളെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് വിജയിച്ചാൽ അതിന്റെ ക്രെഡിറ്റും പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വവും കൂട്ടായ നേതൃത്വത്തിന് ആകുമെന്ന നിർണായക തീരുമാനം എ ഐ സി സി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
പെയ്മെന്റ് സീറ്റ് എന്നോ ഗ്രൂപ്പ് താൽപര്യങ്ങളെന്നോ ഉള്ള വിമർശനങ്ങളുടെ സാധ്യത ഒഴിവാക്കി ജയസാധ്യത മുൻനിർത്തിയുള്ള സ്ഥാനാർത്ഥി നിർണയത്തിനാകും കോർ കമ്മിറ്റി മുൻഗണന നൽകുക. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുഷിയെ കമ്മിറ്റിയുടെ കൺവീനർ ആക്കിയതും ഇതേ ഉദ്ദേശത്തോടെ തന്നെ. ചുരുക്കിപ്പറഞ്ഞാൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കോർ കമ്മിറ്റിയിലെ 17 പേരിൽ ഒരാൾ ആകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയെന്ന് ഉറപ്പ്. പക്ഷേ ശേഷിക്കുന്ന 16 പേരുടെ പിന്തുണയും ഉറപ്പാക്കുക എന്നതാവും ക്യാപ്റ്റൻസിയുടെ മാനദണ്ഡം.
