TRENDING:

കോണ്‍ഗ്രസ് പുനസംഘടന; അവസാന ചര്‍ച്ചകള്‍ ഫലം കാണുമോ? ഗ്രൂപ്പുകള്‍ കാത്തിരിക്കുന്നത് എന്തിന്?

Last Updated:

കേരളത്തിലെ പുനസംഘടന എത്രയും വേഗം പൂർത്തിയാക്കണമെന്ന നിലപാടിലാണ് രാഹുൽ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രതിഷേങ്ങൾ ഇനി ഫലിക്കില്ല. ഇത്തവണത്തെ ചർച്ചയിൽ തീരുമാനമുണ്ടാകും. അതുകൊണ്ട് തന്നെ കാത്തിരുന്ന് കാണാം. കോൺഗ്രസിൽ ജില്ല അധ്യക്ഷൻമാരെ കണ്ടെത്താനുള്ള ചർച്ച സംബന്ധിച്ച് മുതിർന്ന ഗ്രൂപ്പ് നേതാക്കളുടെ ഇപ്പോഴത്തെ അഭിപ്രായം ഇതാണ്.   മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും മുന്നിൽ നിറുത്തി നടത്തിയ അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് കാത്തിരിക്കാനുള്ള തീരുമാനത്തിൽ ഇവർ എത്തിയത്. രാഹുൽ ഗാന്ധിയുടെ  പ്രതികരണം  അനുകൂലമല്ല എന്നത് തന്നെ കാരണം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കേരളത്തിലെ പുനസംഘടന എത്രയും വേഗം പൂർത്തിയാക്കണമെന്ന നിലപാടിലാണ് രാഹുൽ. സംസ്ഥാന നേതൃത്വം അന്തിമ പട്ടിക സമർപ്പിച്ചില്ലെങ്കിൽ എഐസിസി സ്വന്തം നിലയ്ക്ക് പട്ടിക പ്രഖ്യാപിക്കുമെന്ന ഭീഷണി വരെ രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായി എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് കൂടിയാണ്  ലിസ്റ്റ് വന്ന ശേഷമുള്ള സാഹചര്യം കൂടി കണക്കിലെടുത്താകാം ഇനിയുള്ള നീക്കങ്ങൾ എന്ന പൊതുധാരണയിൽ ഇവർ എത്തിയത്.

കാത്തിരിക്കാനുള്ള കാരണം

സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പുകൾക്കിടയിൽ കേട്ട് കേൾവി പോലുമില്ലാത്തതായിരുന്നു കാത്തിരിക്കുക എന്നത്. പിടിച്ച പിടിയിൽ കാര്യം സാധിച്ചായിരുന്നു മിക്കപ്പോഴും ഗ്രൂപ്പ് നേതാക്കൾ മുന്നേറിയിരുന്നത്. ‌ കെ.കരുണാകരൻ മുതൽ  ഉമ്മൻ ചാണ്ടി വരെയുള്ള നേതാക്കൾ കോൺഗ്രസ് ഹൈക്കമാണ്ടിനോട് വിലപേശിയിരുന്നതും  അങ്ങനെയായിരുന്നു.  ഈ നേതാക്കളെ മാറ്റി നിറുത്തി  കേരളത്തിൽ സംഘടനയെ മുന്നോട്ട് കൊണ്ട് പോകാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി അന്ന് ആ വാശിക്ക് മുന്നിൽ കോൺഗ്രസ് ഹൈക്കമാണ്ട് വഴങ്ങുകയും ചെയ്തിരുന്നു. എന്നാൽ അതല്ല ഇപ്പോൾ കാലം. എ,ഐ ഗ്രൂപ്പുകൾ  പേരിന് മാത്രമായി. മുമ്പ്  ഗ്രൂപ്പുകളെ മുന്നിൽ നിന്ന് നയിച്ചവരിൽ  ചിലരെങ്കിലും ഇന്ന് ഹൈക്കമാന്‍ഡ് പക്ഷത്താണ്.

advertisement

നിലവിൽ  സംസ്ഥാന കോൺഗ്രസിൽ ചുമതലയുള്ളത് അഞ്ചു പേര്‍ക്കാണ്. കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ, വർക്കിങ് പ്രസിഡണ്ടുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി.തോമസ്, ടി.സിദ്ദിഖ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇവരെല്ലാം മുമ്പ് ഗ്രൂപ്പ് നേതൃത്വത്തിലോ ഗ്രൂപ്പിന്റെ ഭാഗമായോ പ്രവർത്തിച്ചവരാണ്. അങ്ങനെ ഗ്രൂപ്പ് പ്രധാനികളായി നിന്ന ഇവർ ഒപ്പമെത്തിയതാണ് ഹൈക്കമാണ്ടിന് ബലം നൽകിയത്.  മുന്നിൽ നിന്ന് നയിച്ചിട്ടും നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും ഇപ്പോൾ പഴയത് പോലെ  വിലപേശാനുമാകില്ല.  പിന്നാലെ ഗ്രൂപ്പ് പിളർത്തി കെ.സുധാകരനേയും, വി.ഡി.സതീശനേയും ഹൈക്കമാണ്ട് സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കാൻ ചുമതലപ്പെടുത്തിയതോടെ ഗ്രൂപ്പുകളും ചിതറി. അതോടെ  അതൃപ്തി അറിയിക്കുക എന്നതായി ആകെ ചെയ്യാൻ കഴിയുന്നകാര്യം.  അത് തന്നെ പലതവണയായതോടെ ആ തന്ത്രവും ഫലിക്കാതെയായി. ഇനി കാത്തിരിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് ഗ്രൂപ്പ് നേതാക്കളും ഗ്രൂപ്പ് ചാവേറുകളും തിരിച്ചറിഞ്ഞതും അങ്ങനെയാണ്.

advertisement

കാത്തിരിപ്പിന് പിന്നിലെ പുതിയ തന്ത്രം

പ്രതിഷേധിക്കാൻ ആൾബലം ഇല്ലാത്തത് മാത്രമല്ല കാത്തിരിക്കാൻ ഗ്രൂപ്പ് നേതാക്കൾ തീരുമാനിച്ചതിന് കാരണം. കെ.പി.സി.സി പ്രസിഡണ്ടിനേയും പ്രതിപക്ഷ നേതാവിനേയും നിയമിച്ചപ്പോൾ നടത്തിയ പ്രതിഷേധങ്ങൾ ഫലിക്കാതെ പോയതിൽ നിന്നുണ്ടായ തിരിച്ചറിവും  കാരണമാണ്. അന്ന് ആദ്യം ഗ്രൂപ്പിന്റെ പേരിൽ എതിർത്തു. പിന്നെ വ്യക്തിപരമായി അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി. നിലപാട് അറിയിക്കാതെ വിട്ടുനിന്നു. ഇത് കൊണ്ട് ഒന്നും ഒരു ഗുണവുമുണ്ടായില്ലെന്ന് മാത്രമല്ല  ഹൈക്കമാണ്ടില്‍ ഇവർക്ക് പഴയ സ്വാധീനമില്ലെന്നത് പരസ്യമാകുകയും ചെയ്തു. അതുകൊണ്ടാണ് കെ.പി.സി.സി പ്രസിഡണ്ടിന്റെ ഒപ്പമുള്ളവർ ചില പേരുകൾ പുറത്ത് വിട്ടിട്ടും ഗ്രൂപ്പ് നേതാക്കളുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതികരണങ്ങളുണ്ടാകാത്തത്.

advertisement

പട്ടിക പുറത്ത് വരാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഗ്രൂപ്പ് നേതൃത്വം. മണ്ഡലത്തിൽ സ്വാധീനമുള്ള മുതിർന്ന നേതാക്കളെ പോലും ഒഴിവാക്കിയുള്ള പേരുകളാണ് പല ഡിസിസികളുടെ തലപ്പത്തേക്കും ഇപ്പോൾ പറഞ്ഞ് കേൾക്കുന്നത്. ഈ പട്ടികയ്ക്കാണ് ഹൈക്കമാണ്ട് അംഗീകാരം നൽകുന്നതെങ്കിൽ പാർട്ടിയിൽ പരക്കെ അതൃപ്തിയുണ്ടാകുമെന്നാണ് ഇവർ കണക്ക് കൂട്ടുന്നത്. ആ അതൃപ്തി മുതലെടുക്കാനാണ് ഇപ്പോഴത്തെ കാത്തിരിപ്പ്. ഡിസിസി, കെ.പി.സി.സി സ്ഥാനങ്ങൾ മോഹിച്ച് ഗ്രൂപ്പ് വിട്ട് പുതിയ പ്രസിഡണ്ടിനും പ്രതിപക്ഷനേതാവിനും ഒപ്പം കൂടിയവർ സ്ഥാനം കിട്ടാതെയാകുമ്പോൾ തിരിച്ചെത്തുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.

advertisement

 വേറേയുമുണ്ട് ലക്ഷ്യം

ഗ്രൂപ്പ് നേതാക്കളുടെ കാത്തിരിപ്പിന് പിന്നിൽ വേറെയുമുണ്ട് ലക്ഷ്യങ്ങൾ. അതിൽ പ്രധാനം ഹൈക്കമാണ്ടിന്റെ ഭാഗമായി നിൽക്കുന്ന കെ.സി.വേണുഗോപാല്‍ സംസ്ഥാനത്ത് നടത്തുന്ന ഇടപെടൽ തുറന്ന് കാണിക്കുക എന്നതാണ്. കെ.സി.വേണുഗോപാലിന്റെ സമ്മതം കൂടി ലഭിച്ചവരുടെ പേരുകളാണ് ഇപ്പോൾ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. കെ.പി.സി.സി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും വർക്കിങ് പ്രസിഡണ്ടുമാരും ഇത് കൂടി പരിഗണിച്ചാണ് പേരുകൾ നിർദ്ദേശിച്ചതെന്നും ഇവർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുതിയ പട്ടികയിലുള്ളവർക്കെതിരെ ഉയരുന്ന പ്രതിഷേധം കെ.സി.വേണുഗോപാലിനെതിരെയുള്ള പ്രതിഷേധമായി കൂടി വരുത്താൻ എളുപ്പമാണെന്നും ഇവർ കണക്ക് കൂട്ടുന്നുണ്ട്.  കൊല്ലം ഡിസിസിയുടെ തലപ്പത്തേക്ക് ഇപ്പോൾ പറഞ്ഞ് കേൾക്കുന്ന പി.രാജേന്ദ്ര പ്രസാദാണ് വരുന്നതെങ്കിൽ അത് കൊടിക്കുന്നിൽ സുരേഷിനും ഒപ്പം കെ.സി.വേണു ഗോപാലിനും എതിരെ ഒരുപോലെ ഉന്നയിക്കാനാകുമെന്നതാണ് ഈ കണക്ക് കൂട്ടലിന് പിന്നിൽ.  പാലക്കാട് ഉൾപ്പടെ മറ്റ് പല ജില്ലകളിലും ഇത്തരം കടന്നാക്രമണത്തിന് കാത്തിരിക്കുകയാണ് ഇവർ.

ഡിസിസി കടുത്താൽ സ്വാധീനം കൂടും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഡിസിസി പ്രസിഡണ്ടുമാരുടെ പട്ടികയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നാൽ അത്  കെ.പി.സി.സി ഭാരവാഹികളെ തീരുമാനിക്കുന്ന ചർച്ചകളിലും പ്രതിഫലിക്കും. അതാണ് ഗ്രൂപ്പ് നേതാക്കളുടെ കാത്തിരിപ്പിന് പിന്നിലെ മറ്റൊരു രാഷ്ട്രീയം. പ്രതിഷേധം കടുത്താൽ കെ.പി.സി.സി ഭാരവാഹികളെ തീരുമാനിക്കുമ്പോൾ ചർച്ചകൾ പ്രസിഡണ്ടിനും വർക്കിങ് പ്രസിഡണ്ടുമാർക്കും പ്രതിപക്ഷ നേതാവിനുമപ്പുറത്തേക്ക് കൂടി നീളും. കുറഞ്ഞപക്ഷം രമേശ് ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും മറ്റ് ചില മുതിർന്ന നേതാക്കളുടേയും അഭിപ്രായം കൂടി കേൾക്കേണ്ടി വരും.  ആ അവസരത്തിനായി കൂടിയാണ് ഇപ്പോഴത്തെ മൗനം.  പക്ഷെ കാത്തിരിപ്പിന്റെ ഈ തന്ത്രം എത്ര കണ്ട് വിജയിക്കും. അതറിയാൻ കാത്തിരിക്കുക തന്നെ വേണം.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോണ്‍ഗ്രസ് പുനസംഘടന; അവസാന ചര്‍ച്ചകള്‍ ഫലം കാണുമോ? ഗ്രൂപ്പുകള്‍ കാത്തിരിക്കുന്നത് എന്തിന്?
Open in App
Home
Video
Impact Shorts
Web Stories