കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ താരസംഘടനയായ 'അമ്മ'യിലെ പുരുഷ മേധാവിത്വത്തിനെതിരെ ആഞ്ഞടിച്ചാണ് റിമ പൊതുരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇടതുപക്ഷ ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുകയും പരിപാടികളില്‍ സജീവമായി പങ്കെടുക്കാറുള്ള റിമയ്ക്ക് പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ വന്‍സ്വീകാര്യതയാണുള്ളത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കോട്ടയായ എറണാകുളം പിടിച്ചെടുക്കാനുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ റിമയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നത്.
advertisement
ചലച്ചിത്രസംവിധായകനും റിമയുടെ ഭര്‍ത്താവുമായ ആഷിക് അബുവിനും സി.പി.എം നേതൃത്വവുമായി ഏറെ അടുപ്പമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആഷിക് അബുവിനെ കോണ്‍ഗ്രസിലെ ഹൈബി ഈഡനെതിരെ എറണാകുളത്ത് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. അഭിനേത്രി എന്നതിലുപരി ശക്തമായ സ്ത്രീപക്ഷ നിലപാടുകളെടുത്ത വ്യക്തി എന്ന നിലയിലാണ് റിമ കല്ലിങ്കല്‍ പൊതുമണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. റിമയുടെ ഈ ഇമേജ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഗുണം ചെയ്യുമെന്നതാണ് ഇവരുടെ സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് പൊതുസ്വീകാര്യതയുള്ള മുഖങ്ങള്‍ കുറവാണെന്നതാണ് റിമയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്.
Also Read നടി മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്ക്?
അമ്മയിലെ പുരുഷാധിപത്യത്തില്‍ പ്രതിഷേധിച്ച് നടിമാരുടെ കൂട്ടായ്മയായ ഡബ്‌ളിയു.സി.സി രൂപീകരിച്ചപ്പോഴും അതിന്റെ പ്രധാന ശബ്ദമായതും റിമ കല്ലിങ്കലായിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന പലരും പിന്നീട് നിശബ്ദരായപ്പോഴും റിമ തന്റെ നിലപാടില്‍ തന്നെ ഉറച്ചു നിന്നു. ഇടതു സംഘടനകളുമായി അടുപ്പം പുലര്‍ത്തുമ്പോഴും മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന വേദിയിലെത്തി 'അവള്‍ക്കൊപ്പം' എന്ന ബാനര്‍ ഉയര്‍ത്തി പരസ്യമായി പ്രതിഷേധിച്ചതും റിമയ്ക്ക് കൈയ്യടി നേടിക്കൊടുത്തിരുന്നു. നവോത്ഥാന മൂല്യം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ സജീവമായി പങ്കെടുത്തതും റിമയെ സി.പി.എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ഏറെ സ്വീകാര്യയാക്കിയിട്ടുണ്ട്. അതേസമയം സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് നടിയോ പാര്‍ട്ടി നേതൃത്വമോ ഇതുവരെ മനസ് തുറന്നിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
