കോട്ടുകാൽ ഉച്ചക്കട ആർ.സി. ഭവനിൽ ചന്ദ്രിക (67), ഉച്ചക്കട സുനിൽ ഭവനിൽ സന്തോഷ് എന്ന സുനിൽകുമാർ (45), കാഞ്ഞിരംകുളം മല്ലൻകുളം ചൂണ്ടയിൽപേട്ട് കടയറ പുത്തൻവീട്ടിൽ ഷൈജു എന്ന സുനിൽ (43), കാഞ്ഞിരംകുളം തടത്തിക്കുളം പുളിനിന്ന വീട്ടിൽ ആർ.ജെ. രാകേഷ് (29), ഉച്ചക്കട എസ്.എസ്. നിവാസ് തേരിവിള വീട്ടിൽ അനൂപ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിനുപുറമെ, ജാർഖണ്ഡ് സ്വദേശികളായ ശശികുമാർ (19), ഭഗവത്കുമാർ (19) എന്നിവർ പോലീസ് കസ്റ്റഡിയിലുണ്ട്.
ചന്ദ്രികയുടെ മരുമകൾക്ക് സ്വന്തമായുള്ള ഇരുനില വീടുൾപ്പെടെ 33 സെൻ്റ് സ്ഥലം വിശ്വാമിത്രന് മൂന്നു കോടി രൂപയ്ക്ക് വിറ്റിരുന്നു. എന്നാൽ, ഈ തുക കുറഞ്ഞുപോയെന്ന് വാദിച്ച് ചന്ദ്രിക വിറ്റ വീട്ടിൽത്തന്നെ താമസം തുടങ്ങി. തുടർന്ന് വിശ്വാമിത്രനും ഭാര്യയും ഈ വീട്ടിൽ കയറി താമസിക്കുകയും ഇരു കൂട്ടരും കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനിടയിൽ വിശ്വാമിത്രനെ ഒഴിവാക്കാൻ ചന്ദ്രിക ബന്ധുവായ അനൂപിന്റെ സഹായം തേടി. ഇതിനായി ഒരു ലക്ഷത്തി കാൽ ലക്ഷം രൂപ നൽകുകയും ചെയ്തു.
advertisement
അനൂപ്, സന്തോഷുമായി ചേർന്ന് ഗൂഢാലോചന നടത്തുകയും ഷൈജുവിനെയും രാകേഷിനെയും തൻ്റെ അതിഥി തൊഴിലാളി ക്യാമ്പിൽനിന്ന് രണ്ട് പേരെയും സംഘടിപ്പിച്ച് 22-ന് പുലർച്ചെ വിശ്വാമിത്രൻ്റെ വീട് കയറി ആക്രമിക്കുകയായിരുന്നു. വിശ്വാമിത്രന്റെ ഭാര്യ വീട്ടിലില്ലാത്ത തക്കം നോക്കി ചന്ദ്രിക പ്രതികളെ ഫോണിൽ വിവരമറിയിച്ചു. പ്രതികൾക്ക് വീടിൻ്റെ പിൻവാതിൽ തുറന്നുനൽകുകയും, വിശ്വാമിത്രൻ രക്ഷപ്പെടാതിരിക്കാൻ മുൻവാതിൽ അകത്തുനിന്ന് പൂട്ടിയിടുകയും ചെയ്തു.
ഉറക്കത്തിലായിരുന്ന വിശ്വാമിത്രനെ ഇരുമ്പുകമ്പിയും തടിക്കഷണവും ഉപയോഗിച്ച് പ്രതികൾ ആക്രമിച്ചു. തെളിവ് നശിപ്പിക്കാനായി സിസിടിവികളും ഹാർഡ് ഡിസ്‌കും ഇവർ കൊണ്ടുപോയി.
ആക്രമണത്തിനു പിന്നാലെ പിടിയിലായ അഞ്ചു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. മറ്റു രണ്ടുപേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിഴിഞ്ഞം എസ്.എച്ച്.ഒ. ആർ. പ്രകാശ്, എസ്.ഐ. ദിനേശ്, എസ്.സി.പി.ഒ. വിനയകുമാർ, സി.പി.ഒ. റെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
