തിരുവനന്തപുരം: മന്നം ജയന്തി ദിനത്തില്‍ തന്നെ ശബരിമലയില്‍ യുവതീ പ്രവേശന വിധി നടപ്പാക്കി എന്‍.എസ്.എസിന്റെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശക്തമായ മറുപടി നല്കി സര്‍ക്കാരും ഇടതു മുന്നണിയും.
ഏതു മുഖ്യമന്ത്രി വിചാരിച്ചാലും ശബരിമലയില്‍ ആചാരലംഘനം നടക്കില്ലെന്നായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ ഇന്നലത്തെ വെല്ലുവിളി. എന്നാല്‍ 12 മണിക്കൂറിനുള്ളില്‍ യുവതികളെ പ്രവേശിപ്പിച്ച സര്‍ക്കാര്‍ മന്നം ജയന്തി ദിനത്തില്‍ തന്നെ എന്‍.എസ്.എസിന് തിരിച്ചടി നല്‍കുകയായിരുന്നു.
advertisement
- Also Read ശബരിമല യുവതീപ്രവേശനം: നാളെ ഹർത്താൽ
ശബരിമലയില്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ യുവതീ പ്രവേശന വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ശക്തമായി വിമര്‍ശിച്ചത് എന്‍.എസ്.എസ് ജനനറല്‍ സെക്രട്ടറി സുകുമാരന്‍ നായരായിരുന്നു.
യുവതീ പ്രവേശനത്തെ അനുകൂലിച്ച് ആദ്യഘട്ടത്തില്‍ ആര്.എസ്.എസ് രംഗത്തെത്തിയപ്പോഴും ആചാരലംഘനം അനുവദിക്കാനാകില്ലെന്നും പുനപരിശോധനാ ഹര്‍ജി നല്‍കുമെന്നുമുള്ള നിലപാടിലായിരുന്നു എന്‍.എസ്.എസ്. തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ കെ.പരാശരനാണ് എന്‍.എസ്.എസിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗത്തിലും എന്‍.എസ്.എസ് പങ്കെടുത്തിരുന്നില്ല. പരസ്യമായി തെരുവിലിറങ്ങിയില്ലെങ്കിലും ശബരിമല കര്‍മ്മ സമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് എന്‍.എസ്.എസ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമുദായിക സംഘടനകളുടെ യോഗത്തില്‍ വനിതാ മതില് നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോഴും എന്‍.എസ്.എസ് അതിനെതിരെ ശക്തമായി രംഗത്തെത്തി. വനിതാ മതിലിനെ തള്ളിയതിനൊപ്പം കര്‍മ്മ സമിതിയുടെ അയ്യപ്പ ജ്യോതിയെ എന്‍.എസ്.എസ് പിന്തുണയ്ക്കുകയും ചെയ്തു. വനിതാ മതില് കഴിയുന്നതോടെ കേരളം ചെകുത്താന്റെ നാടായി മാറുമെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരിച്ചത്.
സര്‍ക്കാര്‍ നിലപാടിനെതിരായ പ്രതിഷേധത്തിന്റെ ഒരുി ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും എന്‍.എസ്.എസ് കടന്നാക്രമിച്ചു. മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയെങ്കിലും അവര്‍ക്കും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ശക്തമായ മറുപടിയാണ് നല്കി.
ഇതിനിടെ ഇടതു മുന്നണിയില്‍ മുന്നണിയില്‍ പ്രവേശനം നേടുകയും സര്‍ക്കാരിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്ത കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്. ബാലകൃഷ്ണ പിള്ളയെയും സുകുമാരന്‍ നായര്‍ കടന്നാക്രമിച്ചു.
എന്നാല്‍ വനിതാ മതിലിനു പിന്നാലെ സര്‍ക്കാരിനെതിരായ ആക്രമണം ശക്തമാക്കുന്നതിനിടയിലാണ് മന്നം ജയന്തി ദനത്തില് തന്നെ രണ്ട് യുവതികള്‍ ശബരില ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. ഇത് എന്‍.എസ്.എസിനെ സംബന്ധിച്ചടുത്തോളം സുപ്രധാന ദിനത്തില്‍ സര്‍ക്കാരില്‍ നിന്നും ഓര്‍ക്കാപ്പുറത്ത് ലഭിച്ച പ്രഹരമായെന്നതാണ് സത്യം.