അഖിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ, 'രണ്ടുമൂന്ന് ദിവസമായി ഞാൻ വലിയ എന്തോ തെറ്റ് ചെയ്തതുപോലെ ആളുകൾ പോസ്റ്റുകൾ ഇടുകയും എന്നെ അതിൽ മെൻഷൻ ചെയ്യുകയും ചെയ്യുന്നുണ്ട്. കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നതുകൊണ്ട് ഒരു പരിധിയിൽ കൂടുതൽ എഴുതാനോ പറയാനോ സാധിക്കില്ല. എന്നാലും പറയാൻ കഴിയുന്നവ പരിമിതിക്കുള്ളിൽനിന്ന് പറയാം.
എൻ്റെ ആദ്യത്തെ നോവൽ പ്രസിദ്ധീകരിച്ചിട്ട് 10 വർഷം കഴിഞ്ഞു. അന്നുമുതലോ അതിനും എത്രയോ മുൻപ് സോഷ്യൽ മീഡിയയിൽ എഴുതുന്ന കാലം മുതലോ എൻ്റെ എഴുത്തുകൾ പലതരത്തിൽ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ആരോഗ്യകരമായും അല്ലാതെയും. പലതും 'ഇവൻ ഇനി എഴുതാൻ പേനയെടുത്ത് പോകരുത്' എന്ന നിലയിൽ പോലും ആളുകൾ വിമർശനം എന്നപേരിൽ ആക്ഷേപം നടത്തിയിട്ടുണ്ട്. അതിനൊന്നും പ്രതികരിക്കാൻ പോകാതെ, വിമർശനത്തിൽ കഴമ്പുണ്ടോ, എഴുത്ത് മെച്ചപ്പെടുത്താൻ എന്തെങ്കിലും കാര്യങ്ങൾ അതിൽ ഉണ്ടോ എന്നൊക്കെയാണ് ഞാൻ നോക്കിയിരുന്നത്. അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ എഴുത്ത് നിർത്തിപ്പോകാൻ മനസ്സില്ലാത്തതുകൊണ്ട് ഓരോ പുസ്തകത്തിലും എഴുത്ത് മെച്ചപ്പെടുത്താൻ പരമാവധി ഞാൻ ശ്രദ്ധിക്കാറുമുണ്ട്.' അഖിൽ കുറിച്ചു.
advertisement
അതേസമയം, അവാർഡ് നേട്ടത്തിൽ അഭിമാനത്തോടെ തന്നെ നോക്കിയ പിതാവിന്റെ കണ്ണുകൾ നിറയാൻ ചിലരുടെ വാക്കുകൾ കാരണമായെന്നും എന്നും സത്യം ജയിക്കട്ടെയെന്നും പറഞ്ഞാണ് അഖിൽ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. അഖിലിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം നേടിക്കൊടുത്ത നോവലായ റാം കെയര്‍ ഓഫ് ആനന്ദിയെ എഴുത്തുകാരി മുത്തുച്ചിപ്പിയോട് ഉപമിച്ചിരുന്നു. നോവലുമായി ബന്ധപ്പെട്ട് ഇന്ദുമേനോൻ നടത്തിയ വിമര്‍ശനങ്ങളാണ് പരാതിയുടെ അടിസ്ഥാനം. ഫേസ്ബുക്ക് പോസ്റ്റിലൂടെ എഴുത്തുകാരി ഉന്നയിച്ച വിമർശനങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ തന്നെ തുടര്‍ച്ചയായി അപമാനിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് കേസുകൊടുത്തതെന്ന് അഖില്‍ പി ധര്‍മജന്‍ മുൻപ് പ്രതികരിച്ചിരുന്നു.