പൂരാടദിനമായ ബുധനാഴ്ച രാവിലെ മുതൽ നഗരത്തിൽ വലിയ തിരക്കായിരുന്നു. പത്തരയോടെ ചങ്ങനാശ്ശേരി-വാഴൂർ, കറുകച്ചാൽ-മണിമല, കറുകച്ചാൽ-മല്ലപ്പള്ളി റോഡുകളിൽ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മൂന്ന് റോഡുകളിൽനിന്നെത്തിയ വാഹനങ്ങൾ സെൻട്രൽ ജംഗ്ഷനിൽ കുരുങ്ങി. വ്യാപാരികളും നാട്ടുകാരും ചേർന്ന് ഒരുവിധത്തിൽ ഗതാഗതം നിയന്ത്രിച്ചു. വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും അവിടെ ഓണാഘോഷം നടക്കുന്നതിനാൽ ആരും എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു.
advertisement
ഈ സമയം ഇതുവഴി എത്തിയ ചമ്പക്കര സ്വദേശിയായ യുവാവ് ഒടുവിൽ സെൻട്രൽ ജംഗ്ഷന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുത്തു. മൂന്നു റോഡുകളിൽനിന്നും എത്തിയ വാഹനങ്ങൾ യുവാവ് ഒറ്റയ്ക്ക് നിയന്ത്രിച്ചു. കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിട്ടു. കൈലിയും ഷർട്ടും ധരിച്ച് ഗതാഗതം നിയന്ത്രിച്ച യുവാവിനെ യാത്രക്കാർ കൗതുകത്തോടെയാണ് കണ്ടത്. പലരും നന്ദി പറഞ്ഞു. ചിലർ ഇത് മൊബൈലില്‍ പകർത്തി. കടുത്ത ചൂടിനെ അവഗണിച്ചായിരുന്നു യുവാവ് ട്രാഫിക് നിയന്ത്രിച്ചത്. കണ്ടുനിന്ന ചിലർ ഇയാൾക്ക് കുപ്പിവെള്ളവും വാങ്ങി നൽകി. തടസമൊഴിവാക്കി വാഹനങ്ങൾ കടത്തിവിട്ടും നിയന്ത്രണങ്ങൾ പാലിക്കാതിരുന്ന ഡ്രൈവർമാരെ വഴക്ക് പറഞ്ഞും മൂന്നു മണിക്കൂറോളം ഒറ്റയ്ക്ക് ഗതാഗതം നിയന്ത്രിച്ച യുവാവിന് നാട്ടുകാർ ഒടുവിൽ നോട്ട് മാലയിട്ട് സ്വീകരിക്കുകയായിരുന്നു.
യുവാവ് ഗതാഗത നിയന്ത്രിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വ്യാപാരികളടക്കം പേരറിയാത്ത യുവാവിന് അഭിനന്ദനവുമായി രംഗത്തെത്തി.