പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ വീഡിയോ കോൺഫറൻസിങ് വഴിയുള്ള ഹിയറിങ്ങുകൾ പൂർണമായും നിർത്തിയതായി ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. “ഈ വിഷയം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി. ഞങ്ങൾ വളരെക്കാലമായി ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യമാണിത്. വെർച്വൽ ഹിയറിങ്ങുകൾ നിർത്തലാക്കിയ ഹൈക്കോടതികളോട് അതിനുള്ള വിശദീകരണം ഞങ്ങൾ ചോദിക്കും,”സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
ഇതു സംബന്ധിച്ച് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിനു പുറമേ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (NCLT), നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (NCLAT), നാഷണൽ ഗ്രീൻ ട്രിബ്യൂണൽ (NGT) എന്നിവയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെർച്വൽ ഹിയറിങ്ങുകൾ നിർത്തലാക്കിയോ എന്നതിനെക്കുറിച്ച് ട്രൈബ്യൂണലുകളുടെ രജിസ്ട്രാർമാരിൽ നിന്നും കോടതി പ്രതികരണം തേടിയിട്ടുണ്ട്.
advertisement
ജഡ്ജിമാർക്ക് ടെക്നോളജി അറിയില്ല എന്ന കാരണം കൊണ്ട് കക്ഷികളെയും അഭിഭാഷകരെയും ബുദ്ധിമുട്ടിക്കാനാകില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ഇത്തരം സേവനങ്ങൾ കോവിഡ് പോലുള്ള സാഹചര്യങ്ങളിൽ മാത്രം ഉപയോഗിച്ചാൽ പോരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിർച്വൽ ഹിയറിങ്ങ് മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള മറ്റ് മൂന്ന് ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഓൾ ഇന്ത്യ ജൂറിസ്റ്റ് അസോസിയേഷൻ, നാഷണൽ ഫെഡറേഷൻ ഓഫ് സൊസൈറ്റീസ് ഫോർ ഫാസ്റ്റ് ജസ്റ്റിസ്, അഭിഭാഷകൻ വരുൺ ഠാക്കൂർ എന്നിവരാണ് ഈ ഹർജികൾ സമർപ്പിച്ചിരിക്കുന്നത്.