TRENDING:

പാണ്ഡവരും 'വെജിറ്റേറിയൻ' അക്ഷയപാത്രവും ധൃതരാഷ്ട്രരുടെ സ്ഥലം മാറ്റവും; മഹാഭാരതത്തിന്റെ അപരിചിതമായ വായന

Last Updated:

മഹാഭാരതത്തിന്റെ തീർത്തും അപരിചിതമായ വായന മാത്രമല്ല ഹസ്തിനപുരി ലേഖികയിലൂടെ കെ പി നിർമൽ കുമാർ നടത്തുന്നത്, സമകാലിക രാഷ്ട്രീയ വിമർശനം കൂടിയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലപ്പെട്ട നൂറ്റുവർക്കായി ഒരു രക്തസാക്ഷി പ്രമേയം, അല്ലെങ്കിൽ ഒരു അനുശോചന പ്രമേയം. ഇത്രയെങ്കിലും അവതരിപ്പിക്കണം എന്നു പ്രസംഗിക്കുകയാണ് യുദ്ധനാനന്തര ഹസ്തിനപുരിയിൽ ചാർവാകൻ. ഹസ്തിനപുരിയിൽ പാണ്ഡവർ അധികാരമേറ്റതോടെ നടക്കുന്നത് ഒരു 'ദുരധികാര പർവ'മാണെന്ന് പ്രസംഗിച്ച ആ നിമിഷം ചാർവാകൻ മുഖമടച്ചു വീഴുകയാണ്. ചാരവകുപ്പ് മേധാവിയായ നകുലന്റെ കിങ്കരനാണ് യുക്തിവാദിയായ ചാർവാകാന്റെ കഴുത്തിൽ കുടുക്കിട്ടു വലിച്ചു വീഴ്ത്തുന്നത്.
കെ പി നിർമൽകുമാർ
കെ പി നിർമൽകുമാർ
advertisement

പ്രഭാഷകർ വെടികൊണ്ടു വീണ കാലത്താണ് കെ പി നിർമൽ കുമാറിന്റെ ഹസ്തിനപുരി ലേഖിക ഈ റിപ്പോർട്ട് പുറത്തുവിടുന്നത്.

സായാഹ്ന ഫൗണ്ടേഷനാണ് കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ ഇപ്പോൾ ഡിജിറ്റൽ ബുക്കായി പ്രസിദ്ധീകരിക്കുന്നത്. ആദ്യം പുറത്തുവന്നത് മൊബൈൽ ബുക്കാണ്. പ്രസാധനത്തിന്റെ ഈ പുതിയ വഴിയിലൂടെ ആദ്യം പോകുന്നവരിൽ ഒരാളായ നിർമൽ കുമാറിന്റെ ശബ്ദം കൃത്യം 50 വർഷം മുൻപാണ് മലയാള സാഹിത്യത്തിൽ ചർച്ചയാകുന്നത്. 1971ൽ ജലം എന്ന കഥയ്ക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം കിട്ടുമ്പോൾ. ഇരുപതുകളുടെ തുടക്കത്തിലുള്ള ഒരു ചെറുപ്പക്കാരൻ ഭാഷയിൽ നടത്തിയ അമ്മനാട്ടമായിരുന്നു അത്.

advertisement

സ്പൂഫുകൾകൊണ്ടു കഥപറയുന്ന ഇന്നത്തെ ചലച്ചിത്രകാരന്മാർ പോലും ഇനിയും എത്തിയിട്ടില്ലാത്ത വഴികളിലൂടെയാണ് അന്ന് ആ കൗമാരക്കാരൻ ഭാഷയെ കൊണ്ടുപോയത്. കൃഷ്ണഗന്ധകജ്വാല എന്ന കഥയുടെ പേരിന്റെ അർത്ഥം പോലും ഇനിയും നിർവചിച്ചു തീർന്നിട്ടില്ല വായനക്കാരൻ. അതുകൊണ്ടാണ് 'പേനയുടെ സമരമുഖ'ത്തിൽ കെ പി അപ്പൻ മലയാളത്തിന്റെ രണ്ടു ധാരകളെ പ്രതിനിധീകരിക്കുന്ന എഴുത്തുകാരായി കെ പി നിർമൽ കുമാറിനേയും മേതിൽ രാധാകൃഷ്ണനേയും എഴുതിച്ചേർത്തത്.

മഹാഭാരത വായന 

രാഷ്ട്രീയ വിചാരണയ്ക്ക് എഴുത്തുകാരൻ ഉപയോഗിക്കുന്ന ഒരു ഉപകരണം മാത്രമാണ് മഹാഭാരതം. വ്യാസൻ എഴുതിയതിന് അപ്പുറത്തേക്കുള്ള യാത്രകളാണത്. വ്യാസനോടു പോലും വിമർശന ചോദ്യങ്ങൾ ഉയരുന്നുണ്ട് ആ ഉദ്യമത്തിൽ. മക്കളുടെ പിതൃത്വം ആർക്ക് എന്ന ചോദിക്കുമ്പോൾ കൊട്ടാരം ലേഖികയ്ക്കു പാഞ്ചാലി നൽകുന്ന ഉത്തരം: 'എല്ലാം വ്യാസൻ പൂരിപ്പിക്കട്ടെ. അയാളുടെ മകന്റെ ഭാര്യ ഗാന്ധാരി നൂറുപെറ്റ കഥ പോലെ അവിവാഹിതനായ അയാൾ തന്നെ പൊലിപ്പിച്ച് എഴുതട്ടെ.'

advertisement

ഗാന്ധാരിക്കു നൂറ്റൊന്നു മക്കൾ എന്നതിലെ യുക്തി അല്ല ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. വ്യാസൻ പറയുന്നത് ഒരു കഥയാണെന്ന് ഓർമിപ്പിക്കുക മാത്രമാണ് എഴുത്തുകാരൻ. അതുവഴി എവിടേക്കും പോകാൻ സ്വാതന്ത്ര്യമുണ്ടെന്ന് ബോധിപ്പിക്കുക കൂടിയാണ്. വ്യാസൻ വ്യക്തമായി എഴുതാതെ പോയ അക്കഥയ്ക്ക് ഒരു വിശദീകരണം കൂടി കെ പി നിർമൽ കുമാർ നൽകുന്നുണ്ട്:  'മക്കളെ ചൂണ്ടി ഓരോരുത്തരുടേയും അച്ഛൻ ആരെന്ന് യുധിഷ്ടിരൻ. ഈ കിടപ്പറയിൽ അഞ്ച് പുരുഷന്മാർ ഇരുട്ടിൽ ഒന്നൊന്നായി നിത്യവും ശയിക്കുമ്പോൾ ഞാൻ അവരുടെ പിതൃത്വവും നാളും നോക്കാറില്ലെന്ന് പാഞ്ചാലി.' ഇങ്ങനെ നിർമമതയോടെയും ചിലപ്പോൾ നിഷ്ഠുരമായും സംസാരിക്കുന്ന പാഞ്ചാലിയെയാണ് യുദ്ധാനന്തര ഹസ്തിനപുരിയിൽ കോട്ടാരം ലേഖിക കണ്ടെത്തുന്നത്.

advertisement

കുട്ടിക്കൃഷ്ണമാരാരുടെ ഭാരതപര്യടനം, എംടിയുടെ രണ്ടാമൂഴം, പി കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ. ഇപ്പോൾ കെ സി നാരായണന്റെ മഹാഭാരതം ഒരു സ്വതന്ത്ര്യ സോഫ്റ്റ് വെയറും. ഇങ്ങനെ മഹാഭാരതത്തെ ഇഴപിരിച്ചെടുത്ത അനേകം ഉദ്യമങ്ങൾ മലയാളത്തിൽ ഉണ്ടായി. അവയിൽ നിന്നെല്ലാം ഭിന്നമായിരുന്നു കെ പി നിർമൽ കുമാറിന്റെ രണ്ട് വായനകൾ. ജനമേജയന്റെ ജിജ്ഞാസയും ഇന്നത്തെ അതിഥി അതീതശക്തിയും. ഭീമന്റെ സ്വഭാവത്തിൽ എം ടി വരുത്തിയ മാറ്റമായിരുന്നു രണ്ടാമൂഴം. ഇനി ഞാൻ ഉറങ്ങട്ടെ കർണനെ വേറിട്ടു വായിച്ചെടുക്കുന്ന പി കെ ബാലകൃഷ്ണനാണ്. മാരാർ മഹാഭാരതത്തെ ഇഴപിരിച്ചെടുക്കുകയായിരുന്നു, പൊളിച്ചുപണിയുകയായിരുന്നില്ല. എന്നാൽ നിർമൽ കുമാർ മഹാഭാരതത്തിലേക്ക് സമകാലിക യുക്തി സന്നിവേശിപ്പിക്കുകയാണ്. ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും അകമ്പടിയില്ലാത്ത ഇതിഹാസമായതിനാൽ മഹാഭാരതം നൽകുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്. രാമായണത്തിലൊന്നും ഒരു വായനക്കാരന് ലഭിക്കാത്ത ജഡായുച്ചിറകുകളാണ് മഹാഭാരതത്തിന്റെ ചക്രവാളത്തിൽ വിരിഞ്ഞു പാറിപ്പറക്കുന്നത്.

advertisement

മഹാഭാരതത്തിലെമ്പാടും പാണ്ഡവരുടെ മാംസാഹാര രീതികൾ കടന്നുവരുന്നുണ്ട്. അപ്പോൾ അവിടെ എന്തിനാണ് പാഞ്ചാലിയുടെ വെജിറ്റേറിയൻ അക്ഷയപാത്രം എന്നാണ് കൊട്ടാരം ലേഖികയുടെ സംശയം. മനുഷ്യന്റെ ചോര പാഞ്ചാലിയുടെ മുടിയിൽ തേച്ചുകൊടുക്കുന്ന ഭീമൻ വരുന്ന ജീവിത പശ്ചാത്തലത്തിൽ മാനിനേയും മുയലിനേയും പിടിക്കുന്ന വനവാസ കഥകൾ ഒരു സാധാരണ സംഭവമാണ്.

യുദ്ധാനന്തരം ധൃതരാഷ്ട്രർ

യുദ്ധാനന്തരം വിചരണ ചെയ്യപ്പെടുന്നത് പ്രധാനമായും രണ്ടുപേരാണ്. ഭീഷ്മരും ധൃതരാഷ്ട്രരും. ശരശയ്യയിലായ ഭീഷ്മരെ പരിചരിക്കാൻ നിയോഗിക്കപ്പെടുന്ന പാഞ്ചാലി പിതൃഹത്യയോളം പോന്ന കൊലചെയ്യുന്നതിന്റെ സാധ്യത നിർമൽകുമാർ നേരത്തെ കഥയാക്കിയിട്ടുണ്ട്. ഒരിക്കലും പൂർത്തിയാകാത്ത ആ വാദങ്ങൾക്കിടയിലേക്കാണ് കൊട്ടാരം ലേഖികയുടെ പുതിയ ചോദ്യങ്ങൾ എത്തുന്നത്.

അനുജന്റെ മക്കളുടെ ഭാര്യയെ കൗരവർ തുണിയുരിഞ്ഞ് പിച്ചിച്ചീന്തുമ്പോൾ നിങ്ങൾ സിംഹാസനത്തിൽ രസിച്ചിരുന്ന് അശ്ലീലം അസ്വദിച്ചില്ലേ എന്നാണ് കൊട്ടാരം ലേഖികയുടെ ചോദ്യം. ഒന്ന് ഇടപെടാമായിരുന്നില്ലേ എന്ന ദയനീയ അഭ്യർത്ഥനയല്ല; ആസ്വദിച്ചില്ലേ എന്ന ക്രൂദ്ധമായ ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകയാണ്. അതിന് ശാന്തമായാണ് ധൃതരാഷ്ട്ര മറുപടി.

'അൽപവസ്ത്ര എന്നു സ്വയം മേനി പറഞ്ഞ് സദസ്സിൽ നിന്നവളാണ് പാഞ്ചാലി. കൗരവർ അവളെ ലാളിച്ച് മടിയിൽ ഇരിക്കാൻ ക്ഷണിച്ചു. അവൾ ഹൃദയപൂർവം അനുസരിച്ചു. അതു ചമ്രം പടിഞ്ഞിരുന്നു കണ്ട പാണ്ഡവർക്കില്ലാത്ത പരാതി പിന്നെ നിങ്ങൾക്കെന്തിനാണ്.'

സ്ത്രീപീഡന വാർത്തകളെക്കുറിച്ചു ചോദ്യമുയരുമ്പോൾ ഭരണാധികാരികളിൽ നിന്ന് ഇന്നത്തെ കാലത്തും കിട്ടുന്നത് ഇങ്ങനെയുള്ള ഉത്തരങ്ങളാണ്. ക്ഷുദ്ര ശക്തികൾക്കു വിളനിലം അനുവദിച്ച് അരാജകത്വം സൃഷ്ടിച്ച ധൃതരാഷ്ട്രരെ ഉടനടി വടക്കു പടിഞ്ഞാറൻ ഹിമാലയചുരം പ്രതിരോധ സേനയുടെ മേധാവിയായി നിയമിച്ചു യുധിഷ്ടിരൻ എന്ന റിപ്പോർട്ടിലൂടെ കൊട്ടാരം ലേഖിക ഇന്നത്തെ വടക്കു കിഴക്കൻ നിയമനങ്ങളുടെ രാഷ്ട്രീയമാണ് പരാമർശിക്കുന്നത് എന്നു വായനക്കാരനു കണ്ടെത്താം.

വസ്ത്രാക്ഷേപം ചെയ്യുമ്പോൾ മൂകസാക്ഷികൾ ആയിരുന്നവരെ വിചാരണ ചെയ്യും എന്നു പറഞ്ഞിട്ട് എന്തായി? എന്ന് ലേഖിക പാഞ്ചാലിയോടു ചോദിക്കുകയാണ്. യുദ്ധാനന്തര നിസഹായതയിൽ അന്നു കണ്ടു രസിച്ചവരിൽ ശേഷിക്കുന്നത് എന്റെ ഭർത്താക്കന്മാർ മാത്രമെന്നാണ് പാഞ്ചാലി നൽകുന്ന മറുപടി.

എന്റെ മകനെ വലിച്ചു കീറി, കൊന്നു ചോരയൂറ്റി, അവന്റെ ശരീരം നീ വേർപെടുത്തി അല്ലെ ഭീമാ? എന്നാണ് ഗാന്ധാരി വിലപിച്ചത്. ഭാര്യ ശപഥം ചെയ്താൽ വേറെ തരമുണ്ടോ. പൂ ചൂടാൻ കല്യാണ സൗഗന്ധികമായാലും മുടിയിൽ തേക്കാൻ കൗരവകരളിലെ ചുടു ചോരയായാലും കൊണ്ടുവന്നു കൊടുത്തല്ലേ പറ്റൂ എന്നാണ് ഉത്തരം. പാണ്ഡവരുടെ അരമനകൾക്കു മുന്നിൽ കൗരവ രാജവിധവകളുടെ യാചനാ സമരം എന്തിന് എന്ന് ചോദിക്കുമ്പോൾ '100 കൊട്ടാരങ്ങളിൽ നിന്ന് അവരെ കുടിയൊഴിപ്പിക്കാൻ ഉത്തരവിട്ടു. വിധവകൾ അപ്പോൾ നാമജപ സമരം നടത്തി. യുക്തിവാദി ചാർവാകനാണ് കുത്തിത്തിരുപ്പു ഉണ്ടാക്കിയത്. നൂറുപേരേയും കാശിയിലെ വൃദ്ധ മന്ദരിത്തിലേക്ക് അയയ്ക്കാനാണ് പുതിയ ഉത്തരവ്.'

വിവരണം ഒട്ടും ആവശ്യമില്ലാത്ത സമകാലിക വായന. അവിടെ അടുത്ത ചോദ്യം ഉയരുന്നു. ആ നൂറു കൊട്ടാരങ്ങൾ എന്തുചെയ്യാൻ പോകുന്നു? 'യുദ്ധ സ്മാരകം ആക്കും. യുഗസംക്രമണമല്ലേ. ഭാവിയോട് നമുക്കു പലതും പറയാനില്ലേ? എല്ലാം വ്യാസനു പറയാൻ ആകുമോ.'

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വ്യാസൻ പറഞ്ഞ മഹാഭാരതത്തിലൂടെ തന്നെയാണ് സധൈര്യം ഈ യാത്ര.

മലയാളം വാർത്തകൾ/ വാർത്ത/Life/
പാണ്ഡവരും 'വെജിറ്റേറിയൻ' അക്ഷയപാത്രവും ധൃതരാഷ്ട്രരുടെ സ്ഥലം മാറ്റവും; മഹാഭാരതത്തിന്റെ അപരിചിതമായ വായന
Open in App
Home
Video
Impact Shorts
Web Stories