തമിഴ്‌നാട്- പൊങ്കല്‍
മകരസംക്രാന്തിയിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആണ് തമിഴ്‌നാട്ടിലെ പ്രധാന ആഘോഷം. നാല് ദിവസം നീണ്ടുനില്‍ക്കുന്ന പൊങ്കല്‍ ആഘോഷം സൂര്യനേയും പ്രകൃതിയേയും ആരാധിക്കുന്നതിന്റെ ഭാഗമായാണ് ആഘോഷിക്കുന്നത്.
-ഒന്നാം ദിവസം-ഭോഗി- ആളുകള്‍ വീട്ടിലെ പഴയ സാധനങ്ങള്‍ ഒഴിവാക്കുകയോ കത്തിച്ചുകളയുകയോ ചെയ്യുന്നു. പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നു.
- രണ്ടാം ദിനം തൈപ്പൊങ്കല്‍- അരിയും, പാലും, ശര്‍ക്കരയും ചേര്‍ത്ത പൊങ്കല്‍ വിഭവം ഉണ്ടാക്കുന്ന ദിനമാണിത്. സൂര്യദേവന് നിവേദിച്ചുകൊണ്ടാണ് പൊങ്കല്‍ തയ്യാറാക്കുന്നത്.
- മൂന്നാംദിനം- മാട്ടുപ്പൊങ്കല്‍- പശുക്കള്‍, കാളകള്‍ എന്നിവയെ ആരാധിക്കുന്നു. കുടുംബങ്ങള്‍ പൂമാലകളിട്ട് അവയെ ആരാധിക്കുന്ന ദിവസമാണ് മാട്ടുപ്പൊങ്കല്‍.
advertisement
- നാലാംദിനം കാണും പൊങ്കല്‍- കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെയും ബന്ധുക്കളുടെയും വീടുകളിലേക്ക് സന്ദര്‍ശനം നടത്തുന്ന ദിവസമാണിത്.
പഞ്ചാബ് - ലോഹ്‌രിയും സംക്രാന്തി ആഘോഷങ്ങളും
മകരസംക്രാന്തിയ്ക്ക് മുന്നോടിയായി പഞ്ചാബില്‍ നടക്കുന്ന ആഘോഷമാണ് ലോഹ്‌രി. ആളുകള്‍ പരമ്പരാഗത നാടോടിഗാനങ്ങള്‍ പാടിയും ഭാംഗ്ര നൃത്തം ചെയ്തും ആഘോഷിക്കുന്ന സമയമാണിത്. വിളവെടുപ്പ് കാലമാകുന്നതോടെ കുടുംബങ്ങള്‍ തീകുണ്ഡത്തിന് ചുറ്റും കൂടിയാണ് ഈ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തുന്നത്. മകരസംക്രാന്തി ദിനത്തില്‍ ശര്‍ക്കര കൊണ്ടുണ്ടാക്കിയ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പട്ടങ്ങള്‍ പറത്തിയും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.
ഗുജറാത്ത്- ഉത്തരായന്‍, പട്ടം പറത്തല്‍
ഉത്തരായന്‍ എന്ന പേരിലാണ് ഗുജറാത്തില്‍ മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നത്. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പട്ടം പറത്തല്‍ ആഘോഷങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ഈ ദിവസം തുടക്കം കുറിക്കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പട്ടം പറത്താനും മറ്റുള്ളവരുടെ പട്ടങ്ങള്‍ പൊട്ടിച്ച് താഴേക്കിടാനും ശ്രമിക്കുന്ന ദിവസമാണിത്. ജിലേബി പോലെയുള്ള മധുരപലഹാരങ്ങളും ഈ ദിനം എല്ലാവര്‍ക്കും നല്‍കുന്നു.
കര്‍ണാടക- എല്ലു-ബെല്ല
എള്ള്, ശര്‍ക്കര, നാളികേരം, കടല എന്നിവ കൊണ്ടുണ്ടാക്കിയ മധുരപലഹാരം പരസ്പരം കൈമാറിയാണ് കര്‍ണാടകയില്‍ മകരസംക്രാന്തി ആഘോഷിക്കുന്നത്. കര്‍ണാടകയിലെ മകരസംക്രാന്തി ആഘോഷത്തിന് കരിമ്പിനും പ്രത്യേകസ്ഥാനമുണ്ട്. പുരന്‍ പൊളി, എള്ള് കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ എന്നിവയും ഈ ദിവസം എല്ലാവര്‍ക്കും വിതരണം ചെയ്യുന്നു. കാളയോട്ട മത്സരങ്ങളും അന്നദാനസദ്യയും ഈ ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.
മഹാരാഷ്ട്ര -തില്‍ഗുല്‍
തില്‍ഗുല്‍ ലഡു, എള്ള്, ശര്‍ക്കര എന്നിവ കൊണ്ടുണ്ടാക്കിയ മധുരപലഹാരങ്ങള്‍ എന്നിവ വിതരണം ചെയ്തുകൊണ്ടാണ് മഹാരാഷ്ട്രയിലെ മകരസംക്രാന്തി ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. മധുരം സ്വീകരിച്ച് മൃദുലമായി സംസാരിക്കുക എന്നാണ് ഈ ചടങ്ങിന്റെ ഐതീഹ്യം. സ്ത്രീകള്‍ ഹല്‍ദി-കുങ്കുമം ചടങ്ങുകളും സംഘടിപ്പിക്കുന്നു. കൂടാതെ ആഘോഷങ്ങളുടെ ഭാഗമായി പട്ടം പറത്തല്‍ മത്സരങ്ങളും നടക്കാറുണ്ട്. കുടുംബങ്ങള്‍ ഒന്നിച്ചിരുന്ന് പരമ്പരാഗത വിഭവങ്ങളും ഈ സമയത്ത് പാചകം ചെയ്യാറുണ്ട്.
ബിഹാര്‍-ജാര്‍ഖണ്ഡ്- കിച്ചഡി സംക്രാന്തി
കിച്ചഡി സംക്രാന്തി എന്ന പേരിലാണ് മകരസംക്രാന്തി ബിഹാറിലും ജാര്‍ഖണ്ഡിലും ആഘോഷിക്കുന്നത്. കിച്ചഡി എന്ന വിഭവമാണ് ഈ സമയത്ത് ഇവിടെ ഏറ്റവുമധികം പാചകം ചെയ്യുന്നത്. അരി, പച്ചക്കറികള്‍, ലെന്റില്‍സ് എന്നിവ ചേര്‍ത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. കൂടാതെ പുണ്യനദികളില്‍ സ്‌നാനം ചെയ്യാനും ആളുകള്‍ കൂട്ടത്തോടെ എത്തുന്നു. ആഘോഷങ്ങളുടെ ഭാഗമായി എള്ള്, പുതപ്പ്, ഭക്ഷണം തുടങ്ങിയവ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുന്നതും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.
പശ്ചിമ ബംഗാള്‍ -ഗംഗാ സാഗര്‍ മേള
മകരസംക്രാന്തിയോട് അനുബന്ധിച്ച് പശ്ചിമ ബംഗാളില്‍ നടക്കുന്ന ആഘോഷമാണ് ഗംഗാ സാഗര്‍ മേള. മകരസംക്രാന്തിയില്‍ ഗംഗയില്‍ പുണ്യ സ്‌നാനം ചെയ്യാന്‍ നിരവധി പേര്‍ പശ്ചിമ ബംഗാളിലേക്ക് എത്തുന്നതും പതിവാണ്. സൂര്യദേവനെ ആരാധിക്കുന്നതിന്റെ ഭാഗമായാണ് ഈ ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്.
രാജസ്ഥാന്‍- പട്ടം പറത്തലും സദ്യയും
മകരസംക്രാന്തി ദിനത്തില്‍ പട്ടം പറത്തലോടെയാണ് രാജസ്ഥാനില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. സുഹൃത്തുക്കളും കുടുംബങ്ങളും പട്ടം പറത്തല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മുന്നോട്ടുവരുന്നു. ഗജക്, ടില്‍ പാട്ടി, ലഡു, എന്നിവയും വിതരണം ചെയ്യുന്നു. കൂടാതെ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ഈ ആഘോഷത്തിന് മിഴിവേകുന്നു.
ഉത്തര്‍പ്രദേശ്- മാഗ് മേള
മകരസംക്രാന്തിയുടെ ഭാഗമായി പ്രയാഗ്‌രാജില്‍ മാഗ് മേള നടക്കുന്നു. ഗംഗ-യമുന-സരസ്വതി നദീ സംഗമമായ ത്രിവേണി സംഗമത്തില്‍ ഭക്തര്‍ മുങ്ങിനിവരുകയും ചെയ്യുന്നു. ടില്‍ ലഡു, ഗഡ് ലഡു, കിച്ചഡി എന്നിവ വിതരണം ചെയ്യുകയും ചെയ്യുന്നു. കൂടാതെ ഭക്ഷണം, വസ്ത്രം, എന്നിവ ദാനം ചെയ്യുന്നതും ഈ ദിനത്തിന്റെ പ്രത്യേകതയാണ്.
അസം- മാഗ് ബിഹു
അസമിലെ വിളവെടുപ്പ് ഉത്സവമാണ് മാഗ് ബിഹു. മകരസംക്രാന്തിയോട് അനുബന്ധിച്ചാണ് ഈ ആഘോഷം നടക്കുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്ന ദിവസമാണിന്ന്.
ആന്ധ്രാപ്രദേശ് , തെലങ്കാന- പെഡ്ഡ പാണ്ടുഗ
മകരസംക്രാന്തിയോട് അനുബന്ധിച്ച് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും നടക്കുന്നത്. ഭോഗി, സംക്രാന്തി, കാണുമ എന്നീ പേരുകളില്‍ മൂന്ന് ദിവസങ്ങളിലായി ആഘോഷം നടക്കുന്നു. പെഡ്ഡ പാണ്ടുഗ എന്ന പേരിലാണ് മകരസംക്രാന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഭോഗി- പഴയ വസ്തുക്കളും മറ്റും ഒഴിവാക്കുകയും വീടുകള്‍ വൃത്തിയാക്കുകയും ചെയ്യുന്നു.
സംക്രാന്തി- അരിസേലു പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുകയും സ്ത്രീകള്‍ വീടിന് മുന്നില്‍ വിവിധ നിറക്കൂട്ടുകള്‍ ചേര്‍ത്ത് രംഗോലിയിടുകയും ചെയ്യുന്നു.
കാണുമ: കാര്‍ഷികമേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് കന്നുകാലികളെ ആരാധിക്കുന്ന ദിനമാണിത്.