ആളുകള്‍ക്ക് ഓഫീസില്‍ വരാതെ വിദൂരത്തിരുന്ന് ജോലി ചെയ്യാന്‍ കഴിയുന്ന ഒരു പുതിയ നിയമന രീതി ക്ലാര്‍ന പരീക്ഷിക്കുന്നുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിലെ തങ്ങളുടെ ഓഫീസില്‍ ഈ പുതിയ രീതി പരീക്ഷിക്കുന്നുണ്ടെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു. നിലവില്‍ രണ്ടു പേരെ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്നത്. എന്നാല്‍ കാലക്രമേണ ഇത് വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വിദ്യാര്‍ഥികള്‍ അല്ലെങ്കില്‍ ചെറിയ പട്ടണങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് അവസരം നല്‍കാനാണ് കമ്പനി ശ്രമിക്കുന്നത്. ക്ലാര്‍നയിലെ നിരവധി ഉപയോക്താക്കള്‍ ബ്രാന്‍ഡില്‍ വിശ്വസ്തത രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ അവര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നത് ആസ്വദിക്കാന്‍ താത്പര്യപ്പെടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
advertisement
"ഒരു ബ്രാന്‍ഡിന്റെ വീക്ഷണകോണില്‍ നിന്നും ഒരുകമ്പനിയുടെ വീക്ഷണകോണില്‍ നിന്നുമാണ് ഇക്കാര്യം പറയുന്നത്. നിങ്ങളുടെ ഉപഭോക്താവിന് സഹായമായി ഒരു മനുഷ്യന്‍ എപ്പോഴും ഉണ്ടായിരിക്കണമെന്ന് നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ഇത് വളരെ നിര്‍ണായകമായ ഘടകമാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഇതിനായി നമ്മള്‍ ശ്രമിക്കുമ്പോള്‍ ചെലവ് വര്‍ധിക്കും. അപ്പോള്‍ കൂടുതലായി എഐയെ ആശ്രയിക്കും. ഈ സമയം നിങ്ങള്‍ താഴ്ന്ന നിലവാരത്തിലേക്ക് പോകാന്‍ സാധ്യതയുണ്ട്. ഭാവിയില്‍ മനുഷ്യരില്‍ കൂടുതല്‍ നിക്ഷേപിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്," അദ്ദേഹം വ്യക്തമാക്കി.
എഐ വ്യാപകമായി ഉപയോഗിക്കുന്നതിലുള്ള തന്റെ വീക്ഷണങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിന് മുമ്പ് കമ്പനി തങ്ങളുടെ ജീവനക്കാരുടെ എണ്ണം 5000ല്‍ നിന്ന് 3000 ആയി കുറച്ചിരുന്നതായി സെബാസ്റ്റ്യന്‍ സിഎന്‍ബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് ലിങ്ക്ഡ്‌ഇന്നില്‍ കാണാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, എല്ലാ ജീവനക്കാരെയും ഒഴിവാക്കിയത് എഐ മൂലമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ആളുകള്‍ സ്വന്തം നിലയ്ക്ക് കമ്പനി വിടുന്നതും ഒരു വലിയ കാരണമാണ്. കമ്പനി ചെറുതാക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും പുതിയ ആളുകളെ ജോലിക്കെടുക്കുന്നത് നിര്‍ത്തുമെന്നും അവര്‍ ജീവനക്കാരോട് പറഞ്ഞു. അതിന് ശേഷം 15 മുതല്‍ 20 ശതമാനം ജീവനക്കാര്‍ കമ്പനി വിട്ടുപോയി. ആരെയും പിരിച്ചുവിടാതെ കമ്പനി ചെറുതായി," സെബാസ്റ്റ്യന്‍ പറഞ്ഞു.