TRENDING:

മണ്ണോ വെള്ളമോ ഇല്ലാതെ കുങ്കമപ്പൂ കൃഷി ചെയ്ത ദമ്പതികള്‍ പ്രതിവര്‍ഷം സമ്പാദിക്കുന്നത് അരക്കോടി രൂപ

Last Updated:

55 ലക്ഷം രൂപയാണ് തുടക്കത്തില്‍ കൃഷിക്കായി നിക്ഷേപിച്ചത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.3 കോടി രൂപ ഇവര്‍ സമ്പാദിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജമ്മു കശ്മീരിലെ തണുപ്പേറിയ കാലാവസ്ഥയില്‍ കൃഷി ചെയ്‌തെടുക്കുന്ന കുങ്കുമപ്പൂവ് ലോക പ്രശസ്തമാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ സുഗന്ധദ്രവ്യങ്ങളിലൊന്നായ കുങ്കുമപ്പൂവ് കൃഷി ചെയ്ത് അരക്കോടിയോളം രൂപയുടെ പ്രതിവര്‍ഷ വരുമാനമുണ്ടാക്കുകയാണ് നാഗ്പൂരില്‍ നിന്നുള്ള ഈ ദമ്പതിമാര്‍. അക്ഷയ് ഹോലെ, ദിവ്യ ലോഹാകാരെ എന്നിവരാണ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച വരുമാനമുണ്ടാക്കുന്നത്. നാഗ്പൂരിലെ ചൂടേറിയ കാലാവസ്ഥയില്‍ കുങ്കുമപ്പൂവ് കൃഷി അസാധ്യമാണ്. അതിനാല്‍ എയറോപോണിക്‌സ് എന്ന സാങ്കേതിവിദ്യ ഉപയോഗിച്ചാണ് ഇവര്‍ കൃഷി ചെയ്യുന്നത്. 400 ചതുരശ്ര അടി മാത്രം വലുപ്പമുള്ള ചെറിയൊരു മുറിയിലാണ് കുങ്കുമപ്പൂവ് കൃഷി. മുറിയ്ക്കുള്ളില്‍ തണുപ്പും, ഈര്‍പ്പം നിറഞ്ഞതുമായ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ബിബിഎ ബിരുദധാരിയായ അക്ഷയ് ബാങ്ക് ഉദ്യോഗസ്ഥയായ ദിവ്യയോടൊപ്പം ചേര്‍ന്ന് 2020ലാണ് കുങ്കുമകൃഷിയിലേക്ക് ഇറങ്ങുന്നത്. കുങ്കുമപ്പൂവിന് കൂടിയ അളവില്‍ ആവശ്യക്കാര്‍ ഉണ്ടെങ്കിലും വളരെ കുറച്ചുമാത്രമാണ് ഇന്ത്യയില്‍ കൃഷി ചെയ്യുന്നത്.
News18
News18
advertisement

കുങ്കുമപ്പൂവിന്റെ ഉയര്‍ന്ന വിലയും ആവശ്യകതയും രാജ്യത്തെ ഉത്പാദനവും കണക്കിലെടുത്താന്‍ ഇത് കൃഷി ചെയ്യാന്‍ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ അക്ഷയ് പറഞ്ഞു. പരിചയ സമ്പന്നരായ കര്‍ഷകരുടെ ഒപ്പം താമസിച്ചാണ് കൃഷി രീതി പഠിച്ചത്. അതിനായി മൂന്നരമാസം കശ്മീരില്‍ താമസിച്ചു.

ഏകദേശം ഒരു കിലോഗ്രാം തൂക്കം വരുന്ന വെറും 100 കുങ്കുമപ്പൂ തൈകള്‍ ഉപയോഗിച്ചാണ് കൃഷി ചെയ്ത് തുടങ്ങിയത്. ആദ്യഘട്ടത്തില്‍ വളരെ കുറച്ച് കുങ്കുമപ്പൂവ് മാത്രമാണ് ഉത്പാദിക്കാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍, ഇതില്‍ നിരാശരാകാതെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് അവര്‍ കൃഷി വിപുലീകരിച്ചു. അടുത്ത തവണ 350 കിലോഗ്രാം വിത്തുകളാണ് നട്ടത്. അതില്‍ നിന്ന് 1600 ഗ്രാം വിളവ് ലഭിച്ചു. അത് അവര്‍ക്ക് പ്രതീക്ഷ നല്‍കി. ഹിന്‍ഗ്നയില്‍ 400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു മുറിയും 480 ചതുരശ്രഅടി വിസ്തീര്‍ണമുള്ള മറ്റൊരു യൂണിറ്റും സ്ഥാപിച്ചതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

advertisement

കഴിഞ്ഞ രണ്ടു വര്‍ഷവും ഇരുവരുടെയും വരുമാനം 40 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയാണ്. എന്നാല്‍, കൃഷി ചെയ്ത് ലാഭമുണ്ടാക്കുന്നതിന് പകരം ഒട്ടേറെപ്പേരെ സമാനമായ കൃഷി രീതിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നുണ്ട്. 150 പേര്‍ക്ക് ഇവര്‍ ഇതിനോടകം കുങ്കുമപ്പൂവ് കൃഷിയില്‍ പരിശീലനം നല്‍കി. ഇവരുടെ പരിശീലനം നേടിയ 29 പേരാണ് ഇപ്പോള്‍ സ്വന്തം യൂണിറ്റുകള്‍ സ്ഥാപിച്ച് കൃഷി പിന്തുടരുന്നത്. ഒരാളില്‍ നിന്ന് 15,000 രൂപയാണ് ഫീസായി ഇടാക്കുന്നത്. പരിശീലനം നല്‍കുന്നതിനൊപ്പം സ്വന്തമായി കുങ്കുമപ്പൂവ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹമുള്ള കര്‍ഷകരെ സഹായിക്കുകയും ചെയ്യുന്നു. പാക്കേജിംഗിനും മാര്‍ക്കറ്റിംഗിനുമായി അവര്‍ കര്‍ഷകരില്‍ നിന്ന് കുങ്കുമപ്പൂവ് ശേഖരിക്കുന്നുമുണ്ട്. ഇതിലൂടെ ഒരു സുസ്ഥിര ബിസിനസ് മോഡല്‍ സൃഷ്ടിക്കുന്നു.

advertisement

"കഴിഞ്ഞ വര്‍ഷം 45 കിലോഗ്രാം കുങ്കുമപ്പൂവ് ആണ് ഞങ്ങള്‍ കൃഷി ചെയ്തത്. 100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ ഏകദേശം 10 ലക്ഷം രൂപയുടെ ചെലവുണ്ട്. വിത്ത് മേടിക്കാനും മറ്റുമായി അഞ്ച് ലക്ഷം രൂപയുമാകും. ഇത് ഒരു തവണ മാത്രം നടത്തുന്ന നിക്ഷേപമാണ്. വിത്തുകള്‍ നമ്മള്‍ ഒരിക്കല്‍ മാത്രമെ വാങ്ങൂ. ഓരോ വിത്തും മൂന്ന് മുതല്‍ അഞ്ച് വരെ പൂക്കള്‍ ഉണ്ടാകും," അദ്ദേഹം.

"ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് വിളവെടുപ്പ്. വിത്ത് ഉത്പാദനത്തിനായി ബാക്കിയുള്ള സമയം നീക്കി വെച്ചിരിക്കുന്നു. എയറോപോണിക്‌സ് സാങ്കേതികവിദ്യക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഈടുറ്റ വിധത്തിലാണ് നിര്‍മിച്ചിരിക്കു ന്നത്. ഇവയ്ക്ക് 20 മുതല്‍ 25 വര്‍ഷം വരെ കേടുപാടുകളില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയും," അക്ഷയ് പറഞ്ഞു.

advertisement

"ഞങ്ങളുടെ ലാഭ വിഹിതം ഏകദേശം 80 ശതമാനമാണ്. കാരണം, ഇതിന് തുടര്‍ച്ചയായി ചെലവുകളൊന്നുമില്ല," അക്ഷയ് വ്യക്തമാക്കി. വളവും കൂലിപ്പണിക്കാരും ഇല്ലാത്തതിനാല്‍ എല്ലാകാര്യങ്ങളും സ്വന്തമായി ചെയ്യാന്‍ കഴിയും.

55 ലക്ഷം രൂപയാണ് തുടക്കത്തില്‍ കൃഷിക്കായി നിക്ഷേപിച്ചത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.3 കോടി രൂപ ഇവര്‍ സമ്പാദിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമാണ് കൂടുതല്‍ തുക ലാഭമായി ലഭിച്ചത്. കശ്മീരിലെ സഫ്രോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രേഡ് ചെയ്ത അവരുടെ കുങ്കുമപ്പൂവ് ഗ്രാമിന് 630 രൂപയ്ക്കാണ് വില്‍ക്കുന്നത്. "പരമ്പരാഗത കൃഷിയെ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. മണ്ണോ വെള്ളമോ ഇല്ലാതെ വായുവും മൂടല്‍മഞ്ഞും ഉപയോഗിച്ചാണ് ഞങ്ങള്‍ കുങ്കുമപ്പൂവ് വളര്‍ത്തുന്നത്. അത് ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു," അക്ഷയ് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
മണ്ണോ വെള്ളമോ ഇല്ലാതെ കുങ്കമപ്പൂ കൃഷി ചെയ്ത ദമ്പതികള്‍ പ്രതിവര്‍ഷം സമ്പാദിക്കുന്നത് അരക്കോടി രൂപ
Open in App
Home
Video
Impact Shorts
Web Stories