അള്ളാഹുവിനോടുള്ള ഇബ്രാഹിം നബിയുടെ ഭക്തിയെ അനുസ്മരിപ്പിക്കുന്ന ബക്രീദ് ദിനത്തിൽ ഇസ്ലാം മത വിശ്വാസികൾ ദൈവത്തിന്റെ അനുഗ്രഹത്തിനായി പുതിയ വസ്ത്രങ്ങൾ ധരിച്ച് പള്ളികളിൽ പ്രാർത്ഥന നടത്തുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിക്കുകയും ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്നു.
സൗദി അറേബ്യ , യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തർ, കുവൈറ്റ്, ഒമാൻ, ജോർദാൻ, സിറിയ, ഇറാഖ്, മറ്റ് അറബ് രാജ്യങ്ങൾ, യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിൽ ജൂൺ 6നായിരുന്നു പിറ കണ്ടത്. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളിൽ ജൂൺ 15 അറഫാ ദിനവും ജൂൺ 16 ന് ബക്രീദും ആഘോഷിക്കും.
advertisement
ഇന്ത്യയെക്കൂടാതെ പാകിസ്ഥാൻ, മലേഷ്യ, ഇന്തോനേഷ്യ, ജപ്പാൻ, ഹോങ്കോങ്, ബ്രൂണെ എന്നീ രാജ്യങ്ങളും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ജൂൺ 17നായിരിക്കും ബക്രീദ്.
അള്ളാഹുവിനോടുള്ള ഭക്തിയാൽ തന്റെ മകനായ ഇസ്മായേലിനെ വരെ ബലിയർപ്പിക്കാൻ തയ്യാറായ ഇബ്രാഹിം നബിയ്ക്ക് അള്ളാഹു കാരുണ്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി ഒരു ആടിനെ ബലി നൽകാനായി കൊടുത്തുവെന്നാണ് വിശ്വാസം. പരമ്പരാഗതമായി കുർബാനി എന്നറിയപ്പെടുന്ന ഈ മൃഗബലിക്ക് ശേഷം വിശ്വാസികള്‍ ആ മാംസം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയൽക്കാർക്കും മറ്റ് ആവശ്യക്കാർക്കും വിതരണം ചെയ്യുന്നു.