ശാരീരിക ആരോഗ്യം ശരിയായ ഭക്ഷണം കഴിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നതു പോലെ മാനസിക ഊര്‍ജ്ജവും നിങ്ങളുടെ ഭക്ഷണക്രമത്തെ ആശ്രയിച്ചാണിരിക്കുന്നത്. ശരിയായി ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങളുടെ അറിവിന് ശക്തമായ ഉത്തേജനം നല്‍കാന്‍ കഴിയും. മാത്രമല്ല, നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തിന് പോഷകസമ്പന്നമായ ഭക്ഷണക്രമം ഗുണം ചെയ്യും. ഇത് വൈജ്ഞാനിക തകര്‍ച്ചയ്ക്കും ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍ക്കുമുള്ള സാധ്യത തടയുന്നു.
ബുദ്ധിവളര്‍ച്ചയ്ക്കും ഓര്‍മ്മശക്തി കിട്ടാനും മാനസിക വ്യക്തത മെച്ചപ്പെടുത്താനും നിങ്ങളുടെ ഭക്ഷണത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്ന് നോക്കാം. വൈജ്ഞാനിക കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള അവശ്യ ഭക്ഷണപാനീയങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷണക്രമം ആരോഗ്യ വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്.
advertisement
തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണക്രമത്തെ കുറിച്ച് മണികൊണ്ട അപ്പോളോ ക്ലിനിക്കിലെ ഡോ. ഗായത്രി ശ്രീനിവാസന്‍ പറയുന്നുണ്ട്. "ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകു", എന്ന് പഴമൊഴി പറയാറുണ്ട്. വൈജ്ഞാനിക പ്രവര്‍ത്തനവും മാനസിക വ്യക്തതയും മെച്ചപ്പെടുത്തുന്നതില്‍ പോഷകാഹാരം ഒരു പ്രധാന പങ്കുവഹിക്കുന്നുവെന്ന് ഡോ. ഗായത്രി പറയുന്നു. ശരിയായ ഭക്ഷണക്രമം തലച്ചോറിന് ഇന്ധനമായതിനാല്‍ അത് വീക്കം കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. പ്രത്യേകിച്ച് സമ്മര്‍ദ്ധം ചെറുക്കാനും മാനസിക ക്ഷീണത്തെ മറികടക്കാനും നമുക്ക് സമീകൃതാഹാരം ആവശ്യമാണ്. കൂടാതെ ഒമേഗ-3 അടങ്ങിയ ഭക്ഷണക്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, സിങ്ക്, മഗ്‌നീഷ്യം, അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ന്യൂറോ ട്രാന്‍സ്മിറ്ററുകളായ സെറോടോണിന്‍, ഡോപാമൈന്‍ എന്നിവയുടെ സ്രവണം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.
നഗര ജീവിതത്തിലെ വേഗത തലച്ചോറിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കെജെ സോമയ്യ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് വകുപ്പിലെ സീനിയര്‍ ഡയറ്റീഷ്യന്‍ ഡോ. മോണല്‍ വേലങ്കി പറയുന്നു. വേഗതയേറിയ നഗര ജീവിതം പലപ്പോഴും സമ്മര്‍ദത്തിനും മാനസിക ക്ഷീണത്തിനും കാരണമാകുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നിരുന്നാലും തലച്ചോറിന് ഉന്മേഷം പകരുന്നതിനും വൈജ്ഞാനിക വ്യക്തത വരുത്തുന്നതിനും നാം കഴിക്കുന്ന ആഹാരം വളരെ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോഷകാഹാരം കഴിക്കുന്നത് മാനസിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.
തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഭക്ഷണപാനീയങ്ങളുടെ ഒരു പട്ടികയും വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് തയ്യാറാക്കിയിട്ടുണ്ട്. ഡോ. ഗായത്രി ശ്രീനിവാസന്‍ നിര്‍ദേശിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.
*കൊഴുപ്പ് അടങ്ങിയ മത്സ്യം- മത്തി, സാല്‍മണ്‍, അയല (ഒമേഗ3യുടെ നോണ്‍ വെജ് സ്രോതസ്സുകളാണിത്)
* ഇലക്കറികള്‍- ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിനുകളുടെയും കലവറയാണ് ഇലക്കറികള്‍. ഇവ നാഡീവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
*മുട്ട- കോശങ്ങളുടെ ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു
* നട്‌സ് ആന്‍ഡ് സീഡ്‌സ്- വാല്‍നട്‌സ്, ബദാം, ചിയ സീഡ്‌സ്, ഫ്ളാക്സ് സീഡ്‌സ്, പംകിന്‍ സീഡ്‌സ് എന്നിവ ശരീരത്തിന് വിറ്റാമിന്‍ ഇ നല്‍കുന്നു. സിങ്ക്, സെലേനിയം, മഗ്നീഷ്യം എന്നിവയും നല്‍കുന്നു
* ബെറീസ്, അവക്കാഡോ- ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് ഇവ. മസ്തിഷ്‌ക കോശങ്ങളുടെ സംരക്ഷണത്തിന് ഇവ സഹായിക്കുന്നു.
* ധാന്യങ്ങള്‍- തവിട്ട് അരി, ഗോതമ്പ്, കടല, ഓട്‌സ് എന്നിവ ഊര്‍ജം നല്‍കുകയും തലച്ചോറിന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.
* ഡാര്‍ക് ചോക്ലേറ്റ്- ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഫ്ളേവനോയ്ഡുകള്‍ അടങ്ങിയിരിക്കുന്നു
*സുഗന്ധവ്യഞ്ജനങ്ങള്‍- കുര്‍ക്കുമിന്‍ അടങ്ങിയ മഞ്ഞള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. കറവപ്പട്ട, ഗ്രാമ്പു, പഴം പച്ചക്കറികള്‍ എന്നിവയും തലച്ചോറിന്റെ കോശങ്ങളെ സംരക്ഷിക്കുന്നു.
* പ്രോബയോട്ടിക്‌സ്- തൈര്, മോര് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് മാനസിക ക്ഷേമത്തിന് പ്രധാനമാണ്.
ഭക്ഷണം പോലെ തന്നെ ധാരാളമായി വെള്ളം കുടിക്കേണ്ടതും തലച്ചോറിന്റെ ആരോഗ്യത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കും. തലച്ചോറിന്റെ 75 ശതമാനവും വെള്ളമാണ്. നിര്‍ജ്ജലീകരണം ശ്രദ്ധ, മാനസികാവസ്ഥ, ഓര്‍മ്മശക്തി എന്നിവയെ ബാധിക്കും. ഇത് ബ്രെയിന്‍ ഫോഗിന് കാരണമാകും. ശരീരത്തില്‍ നിന്നും വിഷവസ്തുക്കളെ പുറന്തള്ളാന്‍ വെള്ളം സഹായിക്കുന്നു. പോഷകങ്ങള്‍ ശരീരത്തിലേക്ക് എത്തിക്കുന്നതും വെള്ളമാണ്. അതുകൊണ്ട് തണ്ണിമത്തന്‍, ഓറഞ്ച്, കക്കിരി തുടങ്ങി ധാരാളം ജലാംശം അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടതും പ്രധാനമാണ്.
വേനല്‍ക്കാലത്ത് നാരങ്ങാവെള്ളം കുടിക്കുന്നതും പുതിന സര്‍ബത്ത് കുടിക്കുന്നതും ഗുണം ചെയ്യും. ഒരു ദിവസം കുറഞ്ഞത് 6 മുതല്‍ 8 ഗ്ലാസ് വരെ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താന്‍ തേങ്ങാവെള്ളം, നാരങ്ങാവെള്ളം, പുതിന ചേര്‍ന്ന പാനീയം എന്നിവ കുടിക്കാന്‍ ഡോ. മോണല്‍ നിര്‍ദ്ദേശിക്കുന്നു.
നല്ല ഭക്ഷണക്രമം പിന്തുടരുന്നതിന്റെ ഗുങ്ങള്‍ ആരോഗ്യത്തില്‍ എപ്പോള്‍ മുതല്‍ കാണാനാകുമെന്നതിനെ കുറിച്ചും ഡോ. ഗായത്രി വിശദീകരിച്ചിട്ടുണ്ട്. മേല്‍പറഞ്ഞ രീതിയില്‍ ഭക്ഷണക്രമം പിന്തുടരുകയാണെങ്കില്‍ രണ്ട് മുതല്‍ നാല് ആഴ്ച്ചയ്ക്കുള്ളില്‍ നിങ്ങളുടെ ആരോഗ്യത്തില്‍ പുരോഗതി കാണാനാകുമെന്ന് ഡോ. ഗായത്രി പറയുന്നു. നല്ല ഭക്ഷണ ക്രമം രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഉറക്കം നിയന്ത്രിക്കാനും ക്ഷീണം കുറയ്ക്കാനും സഹായിക്കും. മാനസികാവസ്ഥ മെച്ചപ്പെടുത്തും. ഓര്‍ക്കുറവ്, വ്യക്തതക്കുറവ് എന്നിവ തടയാനും ചിന്തകളെ ഉണര്‍ത്താനും അത് സഹായിക്കുമെന്നും ഡോക്ടര്‍ പറയുന്നു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. അതുവഴി ഡീജനറേറ്റീവ് രോഗങ്ങളായ അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നിവ തടയുന്നു.