വിശപ്പ് അമിതമായ ദേഷ്യവും അസ്വസ്ഥതയും ഉണ്ടാക്കുകയും സന്തോഷത്തെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് യുകെയിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റി (ARU), ഓസ്ട്രിയയിലെ കാൾ ലാൻഡ്‌സ്റ്റൈനർ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് എന്നിവിടങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നു.
പ്രായപൂർത്തിയായ മധ്യയൂറോപ്പിൽ നിന്നുള്ള 64 പേരിലാണ് പഠനം നടത്തിയത്. തുടർച്ചയായി 21 ദിവസം അവർക്ക് വിശപ്പുണ്ടാവുന്ന സമയത്തെ വൈകാരികമായ അവസ്ഥയെന്താണെന്ന് നിരീക്ഷിച്ചു. വിശപ്പ് കൂടുന്തോറും സ്വഭാവത്തിലോ പ്രവർത്തനത്തിലോ എന്തെങ്കിലും മാറ്റം വരുന്നുണ്ടോയെന്നും മനസ്സിലാക്കി. ദിവസവും അഞ്ച് നേരം വിശപ്പ് സമയത്തെ തങ്ങളുടെ മനസ്സിൻെറ അവസ്ഥയെക്കുറിച്ച് 64 പേരും ഒരു സ്മാർട്ട് ഫോൺ ആപ്പിൽ രേഖപ്പെടുത്തുകയാണ് ചെയ്തത്.
advertisement
ഓരോ ദിവസത്തെയും സാഹചര്യങ്ങൾ എങ്ങനെയാണെന്നും വീട്ടിലാണോ ഓഫീസിലാണോ എന്നെല്ലാം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള വിവരശേഖരണമാണ് ഗവേഷകർ നടത്തിയത്. വിശപ്പും ദേഷ്യവും തമ്മിൽ നല്ല ബന്ധമുണ്ടെന്ന് ഇവരുടെ വൈകാരിക അവസ്ഥകളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു. വ്യത്യസ്ത പ്രായം, ലിംഗം, ശരീര പ്രകൃതി, ദഹന വ്യവസ്ഥ എന്നിവയുള്ള ആളുകളിലാണ് പഠനം നടത്തിയത്. എന്നാൽ ഇത്തരം വ്യത്യസ്തതകളൊക്കെയുണ്ടെങ്കിലും വിശക്കുമ്പോൾ മിക്കവരും ഒരുപോലെ പെരുമാറുന്നുവെന്നാണ് പഠനം പറയുന്നത്.
37 ശതമാനം പേരും വിശക്കുമ്പോൾ വല്ലാതെ അസ്വസ്ഥരാണ്. 34 ശതമാനം പേർക്ക് വിശക്കുമ്പോൾ ദേഷ്യം വരുന്നുണ്ട്. 38 ശതമാനം പേർക്ക് വിശപ്പ് വരുന്നതോടെ സന്തോഷം കുറയുകയാണ് ചെയ്യുന്നത്. വിശപ്പിന്റെ ദൈനംദിന ഏറ്റക്കുറച്ചിലുകൾ മൂലവും വ്യത്യസ്ത അവസ്ഥകൾ ഉണ്ടാകുന്നുണ്ടെന്നും പഠനം പറയുന്നു.
“വിശപ്പിന് നമ്മുടെ വികാരങ്ങളെ സ്വാധീനിക്കാൻ സാധിക്കുമെന്ന് പലർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അധികം ഗവേഷണമൊന്നും നടന്നിട്ടില്ല. ആദ്യമായാണ് ഇത്തരത്തിൽ ഒരു ശാസ്ത്രീയ പഠനം വിശപ്പുമായി ബന്ധപ്പെട്ട് നടത്തുന്നത്. ആളുകളുടെ ദൈനംദിന ജീവിതത്തെ വിലയിരുത്തിയ ഞങ്ങൾക്ക് മനസ്സിലായിട്ടുള്ളത് വിശപ്പിന് ദേഷ്യം, അസ്വസ്ഥത, സന്തോഷമില്ലായ്മ എന്നിവയുമായി അടുത്ത ബന്ധമുണ്ടെന്ന് തന്നെയാണ്,” പഠനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിലെ (ARU) സോഷ്യൽ സൈക്കോളജി പ്രൊഫസർ വീരേൻ സ്വാമി പറഞ്ഞു.
വിശപ്പ് ഒരാളിൽ സുഖകരമല്ലാത്ത വികാരങ്ങളാണ് ഉണ്ടാക്കുന്നത്. ദിവസങ്ങളോളം ആളുകളുടെ മാനസികാവസ്ഥയെ മനസ്സിലാക്കി വിലയിരുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. ഓരോ ദിവസവും വിശക്കുമ്പോൾ ഒരാൾക്ക് എന്താണ് തോന്നുന്നതെന്ന് തങ്ങൾ രേഖപ്പെടുത്തി വെച്ചിട്ടുണ്ടെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.