മലര്‍ന്നു കിടക്കുന്നത് ശരീരത്തെ സമനിലയില്‍ നിലനിര്‍ത്താനും പുറകുവശത്തെയും സന്ധികളിലെയും അനാവശ്യ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാല്‍മുട്ടുകള്‍ക്ക് താഴെ ഒരു തലയിണ വെച്ച് കിടക്കുന്നത് നിങ്ങളുടെ ഇടുപ്പിന്റെ സ്വാഭാവിക സ്ഥാനം നിലനിര്‍ത്തുമെന്നും അതില്‍ പറയുന്നു. രാവിലെ ഫ്രഷ് സ്‌കിന്നോടു കൂടി ഉണരാമെന്നതും മലര്‍ന്നു കിടന്നുറങ്ങുന്നത് കൊണ്ടുള്ള മറ്റൊരു ഗുണമാണ്.
എന്നാല്‍, നീണ്ടുനിവര്‍ന്നു കിടക്കുന്നത് എല്ലാവര്‍ക്കും യോജിക്കണമെന്നില്ല. കൂര്‍ക്കംവലി ഉള്ളവര്‍ക്ക് ഇങ്ങനെ കിടക്കുന്നത് ബുദ്ധിമുട്ടായിരിക്കും. കൂടാതെ, നടുവേദന ഉള്ളവര്‍ ഇങ്ങനെ കിടക്കുന്നത് ഒഴിവാക്കണം. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കില്‍ ഉറങ്ങുന്ന പൊസിഷൻ മാറ്റുക.
advertisement
ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശരീരത്തിന്റെ ചലനവും കിടക്കുന്ന രീതിയുമൊക്കെ മനസ്സിലാക്കാനുള്ള സ്മാര്‍ട്ട് ബെഡും ഇപ്പോള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഉറങ്ങാന്‍ കിടക്കുന്ന രീതിയില്‍ നിങ്ങള്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ, ശ്വാസോച്ഛ്വാസത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നെല്ലാം ഈ സ്മാര്‍ട്ട് ബെഡ് പറയും. ഒരു കൂട്ടം സെന്‍സറുകള്‍ കൊണ്ടാണ് ഇതെല്ലാം സാധ്യമാക്കുന്നത്. അതിനാല്‍ നിലവില്‍ കിടക്കുന്ന ബെഡിലും പഴയ ബെഡിലുമൊക്കെ ഇത് ഘടിപ്പിച്ചാല്‍ വിവരങ്ങള്‍ നിങ്ങളിലേക്കെത്തും.
ഹൈദരാബാദ് ബിറ്റ്‌സ് പിലാനിയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. ഒരു കൂട്ടം സെന്‍സറുകളുടെ സഹായത്തോടെയാണ് നിങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ശരീരത്തിന്റെ കണക്കുകളെല്ലാം വ്യക്തമായി രേഖപ്പെടുത്തുന്നത്. ഓരോരുത്തര്‍ക്കും എന്താണോ അറിയേണ്ടത് എന്നതിന്റെ അടിസ്ഥാനത്തില്‍ സെന്‍സറുകള്‍ മാറും. വ്യത്യസ്ത ആളുകള്‍ക്ക് വേണ്ടി വ്യത്യസ്ത സെന്‍സറുകളാണ് പ്രവര്‍ത്തിക്കുക.
ലാബില്‍ നിര്‍മ്മിക്കുന്ന ഒരു സെന്‍സറിന് 20 രൂപയാണ് വില വരുന്നത്. എന്നാല്‍ മാര്‍ക്കറ്റില്‍ ഇതിന് 50-60 രൂപ വരെ വില വരാനുള്ള സാധ്യതയുണ്ട്. ബെഡിന്റെ വലിപ്പത്തിനനുസരിച്ച് ആവശ്യം വരുന്ന സെന്‍സറുകളുടെ എണ്ണത്തിലും മാറ്റം വരും. വലിയ ബെഡിന് കൂടുതല്‍ സെന്‍സറുകള്‍ വേണ്ടിവരും. 200 രൂപ വിലവരുന്ന ഒരു കണ്‍ട്രോളറും ഉപഭോക്താക്കള്‍ വാങ്ങിക്കേണ്ടതുണ്ട്. സെന്‍സറുകളുടെയും കണ്‍ട്രോളറിന്റേയും സഹായത്തില്‍ മൊബൈല്‍ ആപ്പിലൂടെയാണ് വിവരങ്ങള്‍ അറിയാന്‍ സാധിക്കുക.
നിങ്ങളുടെ ഉയരം, തൂക്കം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളെല്ലാം ഈ ആപ്പില്‍ നല്‍കണം. ഒരാള്‍ ബെഡില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോള്‍ സ്മാര്‍ട്ട് ബെഡിലെ പ്രഷര്‍ സെന്‍സറുകള്‍ ആളുടെ കിടപ്പിന്റെ രീതി, ഹൃദയമിടിപ്പ് തുടങ്ങിയ വിവരങ്ങളെല്ലാം മാപ്പ് ചെയ്യും. കിടക്കുന്ന രീതിയില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ അതും നിങ്ങളെ അറിയിക്കും.