കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കെതിരായ അതിക്രമത്തില്‍ ഭയപ്പെടുത്തുന്ന രീതിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ഗോവ മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു പഠനത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 68 ശതമാനം ഡോക്ടര്‍മാരും ജോലി സ്ഥലത്ത് അതിക്രമം നേരിടുന്നതായി കണ്ടെത്തി. പുതുതായി ജോലിയ്ക്ക് കയറുന്ന ഡോക്ടര്‍മാരാണ് ഏറ്റവും വലിയ അപകട ഭീഷണി നേരിടുന്നത്. അഞ്ച് വര്‍ഷത്തില്‍ താഴെ പരിചയസമ്പത്തുള്ള ഡോക്ടര്‍മാരില്‍ പകുതിയോളം പേരും രാത്രി ഷിഫ്റ്റില്‍ ആക്രമണം നേരിടേണ്ടി വരുന്നുന്നുണ്ട്. ഇത്തരത്തിൽ രണ്ട് വര്‍ഷം മുമ്പാണ് കേരളത്തില്‍ കേവലം 22 വയസ്സു മാത്രം ഉണ്ടായിരുന്ന വന്ദന എന്ന ഡോക്ടർ ജോലിക്കിടയിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്.
advertisement
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഡോക്ടര്‍മാര്‍ക്കെതിരായ 200ലധികം അതിക്രമ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവരില്‍ പലരും ശിക്ഷിക്കപ്പെട്ടിട്ടുമില്ല.
എല്ലാ വര്‍ഷവും ജൂലൈ ഒന്ന് രാജ്യമെമ്പാടും ദേശീയതലത്തില്‍ ഡോക്ടേഴ്സ് ദിനമായി ആചരിക്കപ്പെടുന്നു. 1991ലാണ് ഇന്ത്യയില്‍ ആദ്യമായി ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ച് തുടങ്ങിയത്. രാജ്യത്തെ ഏറ്റവും ആദരണീയരായ ഡോക്ടര്‍മാരില്‍ ഒരാളും പൊതുജനാരോഗ്യത്തില്‍ ഇപ്പോഴും ആഴത്തില്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്നതുമായ ഡോ. ബി സി റോയി (ബിധാന്‍ ചന്ദ്ര റോയി)യുടെ ജന്മദിനമാണ് ജൂലൈ ഒന്ന്. 1882 ജൂലൈ ഒന്നിന് ജനിച്ച അദ്ദേഹം 1962 ജൂലൈ ഒന്നിന് അന്തരിക്കുകയും ചെയ്തു.
ആധുനിക ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെ ഘടനരൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനമായി ആയി ആഘോഷിക്കുന്നത്.
14 വര്‍ഷം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ഡോ. ബി സി റോയി തന്റെ ഭരണകാലത്ത് നിര്‍ണായകമായ ആരോഗ്യ സംരക്ഷണ, വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ), മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ) എന്നിവ സ്ഥാപിക്കപ്പെട്ടത്.
1961 ഫെബ്രുവരി 4 ന്, അദ്ദേഹത്തിന് ഭാരത രത്‌ന ലഭിച്ചു. മഹാത്മാഗാന്ധിയുടെ പേഴ്സണൽ ഫിസിഷ്യൻ കൂടിയായിരുന്നു അദ്ദേഹം.
ജൂലൈ ഒന്ന് ഡോ. റോയിയെ അനുസ്മരിക്കുന്നതിന് മാത്രമല്ല, സമാനമായ രീതിയില്‍ അദ്ദേഹത്തെ പിന്തുടര്‍ന്ന് സേവനം അനുഷ്ഠിക്കുന്ന എല്ലാ ഡോക്ടര്‍മാരെയും രാജ്യം സ്‌നേഹപൂര്‍വം ഓര്‍മിക്കുന്നു.
രോഗികളെ ശുശ്രൂഷിക്കുന്നതിനായി പകലെന്നോ പാതിരാത്രിയെന്നോ നോക്കാതെ, സ്വന്തം കാര്യങ്ങള്‍ പോലും മാറ്റി വെച്ച് അവര്‍ ഓടിയെത്തുന്നു. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടപ്പോഴും, എബോളയും നിപയും പിടിമുറുക്കിയപ്പോഴും സ്വന്തം ജീവനെക്കുറിച്ച് പോലും ആശങ്കപ്പെടാതെ അവര്‍ ഇവിടെയുണ്ടായിരുന്നു, നമ്മോടൊപ്പം.
ഈ സാഹചര്യത്തില്‍ സൗഖ്യം നല്‍കുന്നവരെ ആരെ സൗഖ്യപ്പെടുത്തുമെന്ന ഈ വര്‍ഷത്തെ പ്രമേയം പ്രധാന്യം അര്‍ഹിക്കുന്നു. അവരുടെ മാനസികമായ മുറിവുകള്‍, ഉറക്കമിളച്ചുള്ള ജാഗ്രത, ചിലപ്പോള്‍ താങ്ങാന്‍ പോലും കഴിയാത്ത ദുഃഖഭാരം ആര് ഏറ്റെടുക്കുമെന്ന ചോദ്യം ഇത് ഉയര്‍ത്തുന്നു.