തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ 1856 ഓഗസ്റ്റ് 20നായിരുന്നു ശ്രീനാരായന ഗുരുവിന്റെ ജനനം. പിതാവായ കൊച്ചുവിളയിൽ മാടൻ സംസ്‌കൃത അധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദത്തിലും ഹിന്ദുപുരാണങ്ങളിലും അറിവുണ്ടായിരുന്നു. കുട്ടിയമ്മ ആയിരുന്നു മാതാവ്.
പിന്നീട് സാധാരണ ജീവിതം നയിച്ച അദ്ദേഹത്തിന്റെ മാതാവ് മരണപ്പെട്ടത് പതിഞ്ചാം വയസിലാണ്. അദ്ദേഹത്തിന്റെ കൗമാരകാലം അച്ഛനെ സഹായിച്ചും, പഠനത്തിലും, അടുത്തുള്ള ക്ഷേത്രത്തിലെ ആരാധനയിലും മുഴുകിയായിരുന്നു. പിതാവിന്റെ മരണശേഷമാണ് അദ്ദേഹം സന്യാസ ജീവിതത്തിലേക്ക് കടക്കുന്നത്.
തൈക്കാട് അയ്യാ ഗുരുവുമായുള്ള കൂടിക്കാഴ്ചയാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ചട്ടമ്പി സ്വാമിയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. 1888 മാർച്ചിൽ ശിവരാത്രിനാളിൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ഒരു ശിവപ്രതിഷ്ഠ നടത്തി ചരിത്രം മാറ്റിയെഴുതി. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയായിരുന്നു ഈ പ്രതിഷ്ഠ.
advertisement
പിന്നീട് സമാനമായ രീതിയിൽ താഴ്ന്ന ജാതിക്കാർക്ക് വേണ്ടി നിരവധി മുന്നേറ്റങ്ങൾ ഗുരുവിന്റെ നേതൃത്വത്തിൽ നടത്തി. 1904ലാണ് അദ്ദേഹം ശിവഗിരിയിൽ ആശ്രമം സ്ഥാപിച്ചത്. ഇതിനിടയിൽ എസ്എൻഡിപി യോഗം പോലെയുള്ള സംഘടനകളും സ്ഥാപിതമായി.
1928 സെപ്റ്റംബർ 22ന് ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണ ഗുരു സമാധിയായത്. നവോത്ഥാന പ്രവർത്തനങ്ങൾക്കും സാമൂഹ്യ പരിഷ്‌കരണത്തിനും അപ്പുറം ഗുരുവിന്റെ ദർശനങ്ങൾക്ക് ഇന്നും സാമൂഹിക പ്രസക്തിയുണ്ട്.