പോക്കറ്റ് മണി ഉണ്ടാക്കാൻ അല്ല ജയസൂര്യ ഒഴിവ് സമയത്ത് നിർമാണ ജോലിക്ക് പോകുന്നത്. മറിച്ച് കുടുംബം നോക്കാൻ വേണ്ടി ആണ്. തമിഴ്നാട്ടിലെ വില്ലുപുരം ആണ് ജയസൂര്യയുടെ സ്വദേശം. പക്ഷേ ഇവൻ ജനിച്ചതും വളർന്നതും എല്ലാം ഇവിടെ കേരളത്തിൽ ആണ്. 20 കൊല്ലം മുൻപ് ആണ് ജയസൂര്യയുടെ അച്ഛൻ രാജാ കണ്ണനും ഗോവിന്ദാമ്മയും വില്ലുപുരത്ത് നിന്നും കോട്ടക്കൽ വരുന്നത്.
advertisement
ഒരു അപകടത്തിൽ പരിക്കേറ്റ് അച്ഛൻ കിടപ്പിൽ ആയതോടെ അമ്മ ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ആണ് കുടുംബം നോക്കിയത്. പഠനത്തിൽ മിടുക്കൻ ആയ ജയസൂര്യ ഒഴിവ് ദിവസങ്ങളിൽ ജോലിക്ക് പോയി തുടങ്ങി. കോവിഡ് കാലത്ത് അമ്മക്ക് പുറത്ത് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ അച്ഛൻ്റെ മരുന്ന് ചെലവും വീട്ടു വാടകയും കുടുംബ ചെലവും എല്ലാം ജയസൂര്യയുടെ മാത്രം ചുമലിൽ ആയി. ഇതോടെ അവൻ നിർമാണ ജോലിക്ക് പോയി തുടങ്ങി.
കഴിഞ്ഞ ദിവസം ജോലിക്ക് ഇടയിൽ ആണ് പ്ലസ് ടു ഫലം അവൻ അറിഞ്ഞതും. ഇനി പഠിക്കണം നല്ല ജോലി നേടണം.. ആഗ്രഹിക്കാൻ ജയസൂര്യക്ക് ഇപ്പോൾ ആത്മവിശ്വാസം കൂടി കൈവന്നു. ജയസൂര്യയുടെ മിന്നും ജയത്തോടെ മറ്റ് ചില നല്ല കാര്യങ്ങൾ കൂടി നടന്നു. അവന് കൂടുതൽ പഠന സഹായം വാഗ്ദാനം ചെയ്ത് നിരവധി പേര് വന്നു കഴിഞ്ഞു. അച്ഛൻ്റെ ചികിത്സയും ഇവർക്ക് സ്വന്തമായി ഒരു വീടും നൽകുമെന്നും സുമനസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.