നാസ്‌കോം ടെക്‌നോളജി ആന്‍ഡ് ലീഡര്‍ഷിപ്പ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ജീവനക്കാരന്‍ എല്ലാ ആഴ്ചയും എത്ര മണിക്കൂര്‍ ജോലി ചെയ്യണമെന്ന് അദ്ദേഹത്തോട് ചോദിച്ചു. ഇതിന് മറുപടിയായി 47.5 മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.
"ഒരു ദിവസം ഏകദേശം ഒമ്പത് മണിക്കൂറും ആഴ്ചയില്‍ അഞ്ച് ദിവസവുമാണ് ഞങ്ങളുടെ ജോലി സമയം. പ്രശ്‌നം അതിരൂക്ഷമാണെങ്കില്‍ പോലും വാരാന്ത്യത്തില്‍ ജീവനക്കാര്‍ക്ക് ഇ മെയില്‍ അയക്കരുതെന്നാണ് കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ പിന്തുടരുന്ന തത്വം," പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ ഇടയ്ക്കിടെ വാരാന്ത്യങ്ങളില്‍ ജോലി ചെയ്യുമെങ്കിലും തന്റെ ജീവനക്കാരോട് ഇക്കാര്യം ആവശ്യപ്പെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുടെ മേലുള്ള അധിക സമ്മര്‍ദം ഒഴിവാക്കാന്‍ ഇവര്‍ക്ക് ഇമെയില്‍ അയക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാരാന്ത്യത്തില്‍ ജോലി പൂര്‍ത്തിയാക്കാന്‍ ഒരു ജീവനക്കാരന് കഴിയില്ലെന്ന് അറിയാവുന്ന സാഹചര്യത്തില്‍ പിന്നീട് 'ദുഃഖം' രേഖപ്പെടുത്തിയിട്ട് അര്‍ത്ഥമില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
advertisement
ഐടി പ്രൊഫഷണലുകളുടെ ജനസംഖ്യാപരമായ പ്രത്യേകതകള്‍ കണക്കിലെടുക്കുമ്പോള്‍ അവരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ പ്രായം കുറഞ്ഞ ജീവനക്കാരുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടേണ്ടത് പ്രധാനമാണെന്ന് അശ്വിന്‍ യാര്‍ഡി പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മൂന്ന് മാസം കൂടുമ്പോള്‍ ജീവനക്കാരുടെ പ്രൊമോഷനും ആറാഴ്ച കൂടുമ്പോള്‍ ജീവനക്കാരുടെ ഇടയില്‍ സര്‍വെയും നടത്താറുണ്ടെന്നും ജീവനക്കാര്‍ക്കാവശ്യമായ കരിയര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോലി സമയത്തേക്കാള്‍ ഫലത്തിന് മുന്‍ഗണന നല്‍കണമെന്ന് ഇതേ പരിപാടിയില്‍ SAP ഇന്ത്യയെ നയിക്കുന്ന നാസ്‌കോം അധ്യക്ഷ സിന്ധു ഗംഗാധരനും എടുത്തുപറഞ്ഞു. മാരിക്കോ സിഇഒ സൗഗത ഗുപ്തയും സമാനമായ ചിന്ത പങ്കുവെച്ചു. ഇടയ്ക്കിടെ രാത്രി 11 മണിയോടെ ഇമെയിലുകള്‍ അയക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈന, ജപ്പാന്‍ തുടങ്ങിയ ആഗോള ശക്തികളുമായി മത്സരിക്കുന്നതിന് ഇന്ത്യയിലെ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നാണ് നാരായണ മൂര്‍ത്തി കഴിഞ്ഞ വര്‍ഷം പ്രസ്താവന നടത്തിയത്. അതേസമയം, ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോയുടെ ചെയര്‍മാന്‍ എസ്എന്‍ സുബ്രഹ്‌മണ്യന്‍ യുവാക്കള്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് വാദിച്ചു. ഇതും വലിയ ചര്‍ച്ചയ്ക്ക് തിരി കൊളുത്തിയിരുന്നു. ഞായറാഴ്ചകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതിന് എസ് എന്‍ സുബ്രഹ്‌മണ്യന്‍ അടുത്തിടെ നിരാശ പ്രകടിപ്പിച്ചിരുന്നു. ഞായറാഴ്ചകളില്‍ ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാന്‍ കഴിയാത്തതില്‍ താന്‍ ഖേദിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.