ഫിലപ്പിൻസിലെ അതിസമ്പന്നനാണ് വില്യം ബെലോ. രാജ്യത്തെ ഹൗസിങ് നിർമാണ രംഗത്തെ പ്രമുഖനാണ് ബെലോ. എന്നാൽ അൽപ്പം വിചിത്രമായ ഹോബിയാണ് അദ്ദേഹത്തിന്റേത്, മറ്റൊന്നുമല്ല, മുതലകളെ വളർത്തൽ. രണ്ട് ഫാമുകളിലായി 23,000 മുതലകളെയാണ് ഈ സമ്പന്നൻ ഭക്ഷണം നൽകി വളർത്തുന്നത്. വെറുതേ സന്തോഷത്തിന് വളർത്തുക മാത്രമല്ല, ഇതിൽ നിന്ന് ലക്ഷങ്ങളുടെ വരുമാനവും ഉണ്ടാക്കുന്നുണ്ട്. സിസിങ് എന്ന ഫിലിപ്പീൻ ഭക്ഷണത്തിന് ഇവയുടെ മാംസം ഉപയോഗിക്കുന്നു. തൊലി LVMH പോലുള്ള അന്താരാഷ്ട്ര ബ്രാൻഡുകൾക്ക് വിൽക്കുകയും ചെയ്യുന്നു.
advertisement
ജാക്ക് മായെ അറിയാത്തവരായി ആരുമുണ്ടാകില്ല. ആലിബാബ മുൻ സിഇഒ ആയ ജാക്ക് മായെ ചൈനയിലെ സംഗീതോത്സവങ്ങളിൽ നൃത്തം ചെയ്യുന്നതായി കണ്ടാൽ അതിശയിക്കാനില്ല. മൈക്കിൾ ജാക്സന്റെ വേഷം ധരിച്ച് ചുവടുവെക്കുകയാണ് അദ്ദേഹത്തിന്റെ ഇഷ്ട വിനോദം. 2017 ൽ ആലിബാബയുടെ വാർഷിക സമ്മേളനത്തിൽ മൈക്കിൾജാക്സന്റെ നൃത്തം അവതരിപ്പിച്ച ജാക്ക് മായുടെ ചിത്രങ്ങൾ വൈറലായിരുന്നു.
24 വയസ്സ് മാത്രമാണ് എറിക് ടിസീ എന്ന അതി സമ്പന്നന്റെ പ്രായം. ഒറ്റ രാത്രികൊണ്ട് ഡൊണാൾഡ് ട്രംപിനേക്കാൾ ധനികനായ എറിക്കിനെ കറിച്ച് നേരത്തേയും വാർത്തകൾ വന്നിരുന്നു. ചൈനയിലെ സിനോ ബയോഫാർമസ്യൂട്ടിക്കൽ ഉടമകളായ മാതാപിതാക്കൾ തങ്ങളുടെ ആസ്ഥിയുടെ അഞ്ചിൽ ഒന്ന് എറിക്കിന് നൽകിയതോടെയാണ് ഇദ്ദേഹം കോടീശ്വരന്മാരുടെ പട്ടികയിൽ ഇടംപിടിച്ചത്.
3.8 ബില്യൺ യുഎസ് ഡോളറാണ് ഈ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ആസ്ഥി. ഇൻസ്റ്റഗ്രാമിലും സജീവമായ എറിക്കിന്റെ പ്രധാന ഹോബികൾ ഡോൾഫിനുകൾക്കൊപ്പം നീന്തുക, ആൽപ്സ് പർവത നിരകളിലൂടെ പാരാഗ്ലൈഡിങ് എന്നിവയൊക്കെയാണ്.
ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് പ്രധാന ഹോബി എന്തായിരിക്കും? അധികം ആലോചിച്ച് തല പുകയ്ക്കേണ്ട, കടലിനിടയിൽ നാസയുടെ റോക്കറ്റുകൾ തേടുകയാണ് ഇദ്ദേഹം. ഭൂമിക്കപ്പുറമുള്ള ലോകം തേടിയുള്ള മനുഷ്യ ശ്രമങ്ങളുടെ പരാജയ ശേഷിപ്പുകൾ കടലിനടിയിൽ അന്വേഷിക്കുകയാണ് അദ്ദേഹം. ഇതുകൊണ്ടും തീർന്നില്ല, ജോലി സ്ഥലത്തടക്കം സ്ലീപ്പിങ് ബാഗ് കൊണ്ടുവരുന്നതും നന്നായി ഉറങ്ങുന്നതുമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്നും ജെഫ് ബെസോസ് സമ്മതിച്ചിട്ടുണ്ട്.
ഇനി ഗൂഗിൾ കോ ഫൗണ്ടർ സെർജി ബിൻ ഒഴിവു നേരങ്ങളിൽ എന്തു ചെയ്യുമെന്ന് നോക്കാം, ഹെലികോപ്റ്റുമായി ആകാശത്തേക്ക് പറക്കുക, അവിടെ നിന്ന് താഴേക്ക് ചാടുക അതാണ് ഗൂഗിൾ സഹസ്ഥാപകന്റെ ഇഷ്ട വിനോദം.