എന്നാല്‍, തിഹാര്‍ ജയില്‍ ജീവിതം അടുത്തുനിന്ന് കാണാനുള്ള അവസരമാണ് ഗാസിയബാദില്‍ നിന്നുള്ള സൈക്കോളജി വിഭാഗം ട്രെയ്‌നിയായ ദിയ കഹാലിക്ക് ലഭിച്ചത്. തിഹാര്‍ ജയിലില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം ലഭിച്ചത് ജയില്‍ അഴിക്കുള്ളിലെ ജീവിതം കാണാനും കുറ്റവാളികളുമായി സംസാരിക്കാനും അവര്‍ക്ക് അവസരമൊരുക്കി. തിഹാര്‍ ജയിലിലെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ദിയ കഹാലി ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുന്നത്.
രണ്ടാഴ്ചത്തെ ഇന്റേണ്‍ഷിപ്പിനുള്ള അവസരമാണ് ദിയയ്ക്ക് ജയിലില്‍ ലഭിച്ചത്. ഇവിടെ പുരുഷന്മാര്‍ മാത്രമുള്ള യൂണിറ്റിലെത്തിയ ഏക വനിത ഇന്റേണായായിരുന്നു ദിയ. അവിടെ അവര്‍ നേരിട്ടതെല്ലാം ദിയ ലിങ്ക്ഡ്ഇന്നിലൂടെ പങ്കുവെച്ചു. ദിയ തന്റെ സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ തിഹാര്‍ ജയിലിനകത്തെ അന്തരീക്ഷത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നല്‍കുകയാണ്.
advertisement
'അതിജീവനവും അഭിവൃദ്ധിയും: തിഹാര്‍ ജയിലില്‍ സൈക്കോളജി ട്രെയിനി ആയെത്തിയ എന്റെ യാഥാര്‍ത്ഥ്യങ്ങള്‍' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. പുരുഷന്മാര്‍ മാത്രമുള്ള ജയിലിലെ യൂണിറ്റില്‍ ഒറ്റയ്ക്കായ അനുഭവം ദിയ പോസ്റ്റില്‍ പറയുന്നു. അവര്‍ക്കൊപ്പം ഒരു വനിതാ ഉദ്യോഗസ്ഥയും ഉണ്ടായിരുന്നു.
"ജയിലിനകത്തായിരിക്കുമ്പോള്‍ നിങ്ങളുടെ സാന്നിധ്യം അവിടെ ഉണ്ടെന്നോ ഇല്ലെന്നോ തോന്നാം. തടവുകാര്‍ അത് ഗൗരവമായി എടുക്കില്ല. ചിലപ്പോള്‍ ജീവനക്കാരും ശ്രദ്ധിക്കുന്നില്ലെന്നു വരാം. എന്നാല്‍, നിങ്ങള്‍ എപ്പോഴും നിരീക്ഷണത്തിലാണെന്ന ശ്രദ്ധവേണം", ദിയ എഴുതി. എപ്പോഴും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ചോദിക്കാനും എല്ലാ നിര്‍ദേശങ്ങളും പരിശോധിക്കാനും ഏറ്റവും പ്രധാനമായി തന്റെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും എങ്ങനെയാണ് വേഗത്തില്‍ പഠിച്ചതെന്നും ദിയ പോസ്റ്റില്‍ പറയുന്നുണ്ട്.
തടവുകാരെ കാണുക, അവരോട് സംസാരിക്കുക, തടവുകാരുടെ ആരും കേള്‍ക്കാത്ത കഥകള്‍ പുറത്തുകൊണ്ടുവരിക, വിവരങ്ങള്‍ ശേഖരിച്ച് ആഴ്ചതോറുമുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുക എന്നിവയായിരുന്നു അവരുടെ ദൈനംദിന ജോലി. തടവുകാരുമായി സംസാരിച്ചും ഉദ്യോഗസ്ഥരുമായി നല്ല രീതിയില്‍ ഇടപ്പെട്ടും ബന്ധങ്ങള്‍ ഉണ്ടാക്കിയെടുത്തത് തന്നെ ഏറ്റവുംകൂടുതല്‍ സഹായിച്ചുവെന്നും അവര്‍ പറയുന്നുണ്ട്. ഇവിടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുതെന്നും സഹതാപം കാണിക്കുന്നതിനു പകരം തടവുകാരെ മനസ്സിലാക്കാന്‍ സഹായിക്കുന്ന ചോദ്യങ്ങള്‍ മാത്രമേ ചോദിക്കാവു എന്നും ദിയ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
തടവുകാര്‍ എപ്പോഴും തുറന്നുസംസാരിക്കണമെന്നില്ലെന്നും അവര്‍ പറയുന്നു. ചിലപ്പോള്‍ ചോദ്യങ്ങള്‍ക്ക് നിശബ്ദതയായിരിക്കും ഫലം. അല്ലെങ്കില്‍ അവര്‍ സംശയങ്ങള്‍ ചോദിക്കും. അതുമല്ലെങ്കില്‍ അവര്‍ നിങ്ങളുടെ ചോദ്യത്തിനുമേല്‍ അതിനുമേല്‍ ആധിപത്യം സ്ഥാപിക്കും. എന്തുതന്നെ നേരിടേണ്ടി വന്നാലും ശാന്തമായിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ദിയ വ്യക്തമാക്കുന്നു.
ആത്മവിശ്വസം കൈവിടരുതെന്നും ജാഗ്രതപാലിക്കണമെന്നും അവര്‍ പറയുന്നുണ്ട്. പോലീസ് മേധാവികളില്‍ നിന്നുള്ള മികച്ച സമീപനത്തെക്കുറിച്ചും അവര്‍ പോസ്റ്റില്‍ വിശദീകരിച്ചു. അപ്രതീക്ഷിതമായ സഹകരണവും പിന്തുണയുമാണ് അവരില്‍ നിന്ന് ലഭിച്ചതെന്നും ദിയ വ്യക്തമാക്കി.
വളരെ വേഗത്തിലാണ് അവരുടെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിയത്. അവരുടെ അനുഭവത്തെ പലരും പ്രശംസിച്ചു. ഇത്രയധികം വെല്ലുവിളി നിറഞ്ഞതും അപരിചിതവുമായ ഒരു സ്ഥലത്ത് നിങ്ങള്‍ പെരുമാറിയ രീതി ശരിക്കും പ്രചോദനാത്മകമാണെന്ന് ഒരാള്‍ കമന്റ് ചെയ്തു. 'ഗുണകരമായ അനുഭവം' എന്നായിരുന്നു മറ്റൊരു കമന്റ്. തിഹാര്‍ ജയിലില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള നടപടികളെക്കുറിച്ച് അന്വേഷിച്ചുകൊണ്ടുള്ള നിരവധി പ്രതികരണങ്ങളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.