വിവാഹത്തിന് ഒന്‍പത് ദിവസം മാത്രം ശേഷിക്കെയാണ് രാഹുല്‍ എന്നയാള്‍ വധുവിന്റെ അമ്മയായ സ്വപ്‌ന ദേവിക്കൊപ്പം കടന്നുകളഞ്ഞത്. തുടര്‍ന്ന് വധുവിന്റെ അച്ഛന്‍ ജിതേന്ദ്ര കുമാര്‍ ഇവരെ കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു. പിന്നീട് രാഹുല്‍ വധുവിന്റെ അച്ഛനെ ഭീഷണിപ്പെടുത്തിയതായും അവരെ മറന്നേക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നു.
ഇപ്പോഴിതാ ഇരുവരും പോലീസില്‍ കീഴടങ്ങിയതായാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഏപ്രില്‍ 16-നാണ് സ്വപ്‌ന ദേവിയും രാഹുലും പൊലീസില്‍ കീഴടങ്ങിയത്. ആകസ്മികം എന്നുപറയട്ടെ മകളുടെ വിവാഹം നടക്കേണ്ടിയിരുന്ന അതേദിവസമാണ് ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തിയത്. താന്‍ ഒളിച്ചോടിപോയ രാഹുലിനൊപ്പം ജീവിക്കണമെന്നും അയാളെ വിവാഹം കഴിക്കണമെന്നും അവര്‍ പൊലീസിനോട് പറഞ്ഞതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
advertisement
മകളുമായി വിവാഹമുറപ്പിച്ച രാഹുലിനൊപ്പം ഒളിച്ചോടാനുണ്ടായ കാരണവും ആ സ്ത്രീ വെളിപ്പെടുത്തിയിട്ടുണ്ട്. ഇരുവരും എങ്ങനെയാണ് രക്ഷപ്പെട്ടതെന്നും ഇപ്പോള്‍ തിരിച്ചുവന്നതിന്റെ കാരണവും രാഹുല്‍ പോലീസിനോട് വിശദമാക്കി.
ഈ മാസം ആദ്യമാണ് സംഭവം നടക്കുന്നത്. വിവാഹത്തിനായി കരുതിവെച്ചിരുന്ന 3.5 ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയും ഇരുവരും കൈക്കാലാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ ആറ് മുതലാണ് രാഹുലിനെയും സ്വപ്‌ന ദേവിയെയും കാണാതായത്. ഒരാഴ്ച കാണാമറയത്തിരുന്ന ഇരുവരും ബുധനാഴ്ച ഉച്ചയോടെ അലിഗഢില്‍ തിരിച്ചെത്തുകയായിരുന്നു.
ഭര്‍ത്താവിന്റെ ക്രൂരമായ പീഠനത്തില്‍ നിന്നും രക്ഷപ്പെട്ടാണ് താന്‍ രാഹുലിനൊപ്പം പോയതെന്ന് സ്വപ്‌ന ദേവി പോലീസിനോട് പറഞ്ഞു. മദ്യപാനിയായ ഭര്‍ത്താവ് അവരെ മദ്യപിച്ചെത്തി ഉപദ്രവിക്കുമായിരുന്നു. അയാളില്‍ നിന്നും നിരന്തരം പീഠനങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും അവര്‍ പോലീസിനോട് വെളിപ്പെടുത്തി.
മകളുടെ വിവാഹം ഉറപ്പിച്ച ശേഷം രാഹുല്‍ വിളിക്കുമ്പോഴെല്ലാം അയാളോട് സംസാരിച്ചിരുന്നതായി സ്വപ്‌ന പറഞ്ഞു. എന്നാല്‍, മകള്‍ ഇതിനെ എതിര്‍ക്കുകയും തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഭര്‍ത്താവും തന്നെ ഭീഷണിപ്പെടുത്തുകയും രാഹുലിനൊപ്പം ഒളിച്ചോടാന്‍ ആവശ്യപ്പെടുകയും ചെയ്തതായി സ്വപ്‌ന ദേവി പറയുന്നു.
ഇരുവരും ഒളിച്ചോടിയ ശേഷം ജിതേന്ദ്ര കുമാര്‍ പരാതി നല്‍കുകയായിരുന്നു. മകളുമായി വളരെ കുറച്ച് മാത്രം സംസാരിച്ചിരുന്ന രാഹുല്‍ അമ്മായിയമ്മയുമായി 20 മണിക്കൂറിലധികം സംസാരിക്കാറുണ്ടായിരുന്നുവെന്ന് അയാള്‍ പരാതിയില്‍ പറഞ്ഞു. ജോലിക്കായി ബെംഗളൂരുവില്‍ താമസിച്ചിരുന്ന ജിതേന്ദ്ര കുമാര്‍ അടുത്തിടെയാണ് ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത്. രാഹുലുമായുള്ള സ്വപ്‌നയുടെ അടുപ്പം കണ്ടപ്പോള്‍ തനിക്ക് സംശയം തോന്നിയിരുന്നുവെന്നും അയാള്‍ പരാതിയില്‍ വ്യക്തമാക്കി.
ജിതേന്ദ്ര കുമാര്‍ വീട്ടുചെലവിനായി 1,500 രൂപ മാത്രമാണ് അയച്ചിരുന്നതെന്നും ഇതിനെ ചൊല്ലി വഴക്കുകൂടുമെന്നും സ്വപ്‌ന ദേവിയും പോലീസില്‍ പറഞ്ഞു. രാഹുലും സ്വപ്‌നയും എങ്ങനെയാണ് രക്ഷപ്പെട്ടതെന്നും രാഹുല്‍ പോലീസിനോട് വിശദീകരിച്ചിട്ടുണ്ട്. അലിഗഢില്‍ നിന്നും സ്വപ്‌ന ആദ്യം കാസ്ഗഞ്ചില്‍ എത്തുകയായിരുന്നു. അവിടെ നിന്നും ഇരുവരും ബസില്‍ ബറേലിയില്‍ എത്തി. പിന്നീട് ബീഹാറിലെ മുസഫര്‍പൂരിലേക്ക് തിരിച്ചു. നേപ്പാള്‍ അതിര്‍ത്തി വരെ എത്തിയെങ്കിലും ഇവരുടെ ഒളിച്ചോട്ടം വാര്‍ത്തകളില്‍ നിറഞ്ഞതോടെ തിരിച്ചുവരാന്‍ തീരുമാനിക്കുകയായിരുന്നു.