ഓഗസ്റ്റ് 14 ന് ബെൽജിയത്തിലെ ലുവെനിലേക്ക് പോകുന്ന റോഡിൽ രാവിലെ 9.00 മണിയോടെയാണ് സംഭവം. വേഗതയിൽ കടന്നുപോയ വാഹനത്തിന്‍റെ ഡ്രൈവർ ഉറങ്ങുന്നതായി മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവർ കണ്ടു. അവർ ശരിക്കും ഞെട്ടിപ്പോയി. അവർ ബഹളമുണ്ടാക്കിയെങ്കിലും കാർ വേഗതയിൽ കടന്നുപോകുകയായിരുന്നു. ഉടൻ തന്നെ വിവരം അത്യാഹിത വിഭാഗത്തെയും പോലീസിനെയും അറിയിച്ചു
ഒടുവിൽ അത്യാഹിത വിഭാഗത്തിലെയും പൊലീസിലെയും ഉദ്യോഗസ്ഥർ നടത്തിയ ശ്രമത്തിനൊടുവിൽ കാർ ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞുനിർത്തുകയായിരുന്നു. എന്നാൽ അപ്പോഴും 41 കാരനായ ഡ്രൈവർ സ്റ്റിയറിങ്ങ് വീലിൽ പിടിച്ചുകൊണ്ട് അബോധാവസ്ഥയിൽ ഇരിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുകയും പരിശോധന നടത്തുകയും ചെയ്തു. അബോധാവസ്ഥയിലായതിന്‍റെ കാരണം കണ്ടെത്താനായില്ല. ചികിത്സയിലൂടെ ബോധം വീണ്ടെടുത്തു. ഇയാൾ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചതായി വിവരം ലഭിച്ചിട്ടില്ല. യാത്ര ആരംഭിച്ച ശേഷം കുറഞ്ഞത് 25 കിലോമീറ്ററെങ്കിലും അബോധാവസ്ഥയിൽ ആ മനുഷ്യൻ സഞ്ചരിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു.
advertisement
ഏറെ ശ്രമപ്പെട്ടാണ് കാർ നിർത്താൻ അധികൃതർക്ക് കഴിഞ്ഞത്. കാർ കമ്പനിയായ റെനോയെ സമീപിക്കുകയാണ് ഇതിനായി ആദ്യം ചെയ്തത്. കാറിനുള്ളിലെ സുരക്ഷാസംവിധാനങ്ങളുടെ സഹായത്തോടെ കാർനിർമ്മാതാക്കൾ നടത്തിയ പരിശോധനയിൽ, ഡ്രൈവർ അബോധാവസ്ഥയിലാണെന്ന് മനസിലായി. പോലീസ് പെട്ടെന്ന് തന്നെ കാർ കടന്നുവരുന്ന വഴിയിൽ ഒരു സുരക്ഷാ ബാരിക്കേഡുകൾ തയ്യാറാക്കുകയും ചെയ്തു.ഹാലെനിനടുത്തുള്ള ഈ ബാരിക്കേഡ് തകർത്താണ് കാർ നിന്നത്. എയർബാഗും മറ്റ് സുരക്ഷാസംവിധാനങ്ങളും ഉള്ളതിനാൽ ഡ്രൈവർക്ക് ഒന്നും സംഭവിച്ചില്ല.
ഡ്രൈവർ അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് കാറിന്റെ ലെയ്ൻ അസിസ്റ്റും ക്രൂയിസ് കൺട്രോളും കൃത്യമായി പ്രവർത്തിച്ചതാണ് ഇവിടെ രക്ഷയായതെന്ന് അധികൃതർ കരുതുന്നു. ഓരോ തവണയും ദിശ തെറ്റിയപ്പോൾ ലെയ്‌ൻ അസിസ്റ്റ് കാർ പാതയുടെ മധ്യഭാഗത്ത് തിരിച്ചെത്തുന്നുവെന്ന് ഉറപ്പാക്കി. അതേസമയം, ക്രൂയിസ് കൺട്രോൾ കാറിന്റെ വേഗത സ്ഥിരമായും നിലനിർത്തി. ബാരിക്കേഡിൽ ഇടിച്ചതിനെ തുടർന്ന്റോഡിൽ നിന്ന് കുറ്റിക്കാട്ടിലേക്ക് മറിഞ്ഞ കാറിന് ചുറ്റും എമർജൻസി സർവീസ് ജീവനക്കാർ നിൽക്കുന്ന സംഭവസ്ഥലത്ത് നിന്നുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.