ഡ്രൈവറും ട്രാവൽസ് ഉടമയുമായ പ്രമോദിന് രണ്ട് സ്കൂൾ വാനും ഒരു ട്രാവലറും സ്വന്തമായുണ്ട്. അടുത്തിടെ ഹോണ്ട അമേസ് കാർ വാങ്ങി. വണ്ടിക്ക് ഫാൻസി നമ്പർ സ്വന്തമാക്കുന്നതിനെ കുറിച്ച് ചിന്തിച്ചപ്പോഴാണ് മക്കളുടെ പേര് മനസിലേക്ക് വന്നത്. ഇതിനോട് ഭാര്യ സിനിയും യോജിച്ചതോടെ പിന്നെ മറിച്ച് ചിന്തിച്ചില്ല.
പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് വഴി അപേക്ഷയും നൽകി. ദിവസങ്ങൾക്കുശേഷം ആഗ്രഹം സഫലമായി. മക്കളുടെ പേരുതന്നെ വണ്ടി നമ്പരായി അനുവദിച്ചു. മീഡിയ വൺ ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
advertisement
KL29 W 0711 എന്ന നമ്പറാണ് തന്റെ കാറിനായി പ്രമോദ് സ്വന്തമാക്കിയത്. ഈ നമ്പറിലെന്താണ് കൗതുകമെന്നല്ലേ? പ്രമോദിന്റെ മക്കളുടെ പേരും ഇതുതന്നെയാണ്. പത്താം ക്ലാസുകാരനായ മൂത്തയാളുടെ പേര് സെവൻ. ഏഴാം ക്ലാസില്‍ പഠിക്കുന്ന രണ്ടാമത്തെയാൾ ഇലെവൻ. 2007ൽ ജനിച്ചതുകൊണ്ടാണ് മൂത്തയാൾക്ക് സെവൻ എന്ന് പേരിട്ടത്. രണ്ടാമത്തെയാളായ ഇലെവൻ ജനിച്ചത് 2011ലും.
അക്കങ്ങളോടുള്ള ഇഷ്ടം മക്കളുടെ പേരിൽ മാത്രമല്ല, പ്രമോദിന്റെ വീട്ടുപേരിലുമുണ്ട്. 'പതിനെട്ടിൽ' എന്നാണ് വീട്ടുപേര്. സെവനും ഇലെവനും (7+11=18) ചേര്‍ത്താണ് ഈ വീട്ടുപേര് കിട്ടിയത്. കാർത്തികപള്ളി താലൂക്ക് ലൈബ്രറി യൂണിയൻ സെക്രട്ടറിയും ആറാട്ടുപുഴ വേലായുധ പണിക്കർ സമാരക സമിതി അംഗവും പ്രഥമ സെക്രട്ടറിയുമാണ് പ്രമോദ്.