1. ഏത് കാർ വാങ്ങണം?
ഏത് കാർ വാങ്ങണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ്. കാർ വാങ്ങുന്നയാളുടെ ബജറ്റ്, വീട്ടിലെ അംഗങ്ങളുടെ എണ്ണം, ഉപയോഗം, ഡ്രൈവിങ് ശീലം തുടങ്ങി നിരവധി ഘടകങ്ങളെ പരിഗണിക്കേണ്ടിവരും. ഈ ഘടകങ്ങൾ വിലയിരുത്തി ഒരു ഹാച്ച്ബാക്ക് വേണോ (WagonR, Tiago, Grand i10 Nios, Swift, Altroz, i20, Baleno തുടങ്ങിയവ), സെഡാൻ വേണോ (ഡിസൈർ, ഓറ, അമേസ്) എന്ന് ആദ്യം തീരുമാനിക്കുക. അതല്ല പ്രീമിയം സെഡാൻ വേണോ (സിറ്റി, വെർണ, സിയാസ് മുതലായവ), എസ്‌യുവി വേണോ (പഞ്ച്, എക്‌സ്‌റ്റർ, ബ്രെസ്സ, നെക്‌സോൺ, വെന്യു, ക്രെറ്റ, സെൽറ്റോസ്, ഗ്രാൻഡ് വിറ്റാര, സഫാരി, എക്‌സ്‌യുവി700, ഫോർച്യൂണർ മുതലായവ) അതുമല്ലെങ്കിൽ എംപിവി വിഭാഗത്തിലുള്ള (ട്രൈബർ, എർട്ടിഗ, എക്‌സ്എൽ6, കാരൻസ്, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് മുതലായവ) കാർ വേണോയെന്ന് തീരുമാനിക്കുക. ഇനി ഇതിൽ ഏത് വേരിയന്‍റും(പെട്രോൾ, ഡീസൽ, ഇലക്ട്രിക്) മോഡലും ആണ് അനുയോജ്യമെന്ന കാര്യത്തിലും തീരുമാനത്തിലെത്തുക.
advertisement
2. ശരിയായ ഡീൽ
വാങ്ങാൻ ഉദ്ദേശിക്കുന്ന കാറും മോഡലും തിരഞ്ഞെടുത്താൽ, ആ കാർ വിൽക്കുന്ന നാലോ അഞ്ചോ ഡീലർമാരെ സമീപിക്കുക. അവിടങ്ങളിൽനിന്ന് കാറിന്‍റെ വില സംബന്ധിച്ചും മറ്റ് ഓഫറുകളും ചോദിച്ച് മനസിലാക്കുകയും ക്വട്ടേഷൻ വാങ്ങുകയും ചെയ്യുക. ഉദാഹരണത്തിന് ടാറ്റ നെക്സോൺ കാറാണ് വാങ്ങാൻ തീരുമാനിക്കുന്നതെങ്കിൽ ടാറ്റയുടെ നാലോ അഞ്ചോ ഡീലർഷിപ്പുകളെ സമീപിക്കുക. ഈ അഞ്ചിടങ്ങളിൽനിന്ന് ക്വട്ടേഷൻ വാങ്ങുമ്പോൾ ആരാണ് കൂടുതൽ ഓഫറുകളും വിലക്കുറവും വാഗ്ദാനം ചെയ്യുന്നതെന്ന് പരിശോധിക്കുക. ഇൻഷുറൻസായി ഈടാക്കുന്ന തുകയിൽ വലിയ വ്യത്യാസങ്ങളുണ്ടാകും. അക്കാര്യവും വിശദമായി ശ്രദ്ധിക്കുക. കൂടാതെ വിലക്കിഴിവ്, കോർപറേറ്റ് ഓഫർ, ഏതെങ്കിലും ഫെസ്റ്റിവൽ ഓഫർ, ഫാസ്ടാഗ് ഓഫർ എന്നിവയുണ്ടോയെന്നും പരിശോധിക്കുക. കൂടാതെ ഏതൊക്കെ അക്സസറീസ് ഫ്രീയായി നൽകുമെന്നും മനസിലാക്കണം. ഒരു ഡീലറെ സെലക്ട് ചെയ്തു കഴിഞ്ഞാൽ അവരുടെ വിൽപനാനന്തര സേവനങ്ങളെക്കുറിച്ചും അന്വേഷിക്കുക.
3. കാർ ബുക്ക് ചെയ്യാം
വാങ്ങാൻ ഉദ്ദേശിക്കുന്ന കാറും മോഡലും ഡീലറെയും സെലക്ട് ചെയ്തു കഴിഞ്ഞാൽ ഇനി കാർ ബുക്ക് ചെയ്യാം. ഈ ഘട്ടത്തിലും ഏറെ ശ്രദ്ധ ആവശ്യമാണ്. ക്വട്ടേഷൻ നൽകിയപ്പോൾ ഡീലർഷിപ്പ് മുന്നോട്ടുവെച്ച ഓഫറുകൾ എന്തായാലും, അത് ബുക്കിംഗ് രസീതിൽ രേഖപ്പെടുത്തുക. ഇത് വളരെ പ്രധാനമാണ്. കോംപ്ലിമെന്‍ററി ഉൽപ്പന്നങ്ങൾ ബുക്കിംഗ് രസീതിൽ സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഡെലിവറി സമയത്ത് കാറിൽ അവ ഇൻസ്റ്റാൾ ചെയ്യാൻ ഡീലർഷിപ്പ് വിസമ്മതിച്ചേക്കാം. ഒരു കാര്യം കൂടി. ബുക്കിംഗ് റദ്ദാക്കൽ തുക പരിശോധിക്കുക. ബുക്കിംഗ് രസീതിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ബുക്കിംഗ് റദ്ദാക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, ഡീലർഷിപ്പ് എത്ര പണം തിരികെ നൽകുമെന്ന് അറിഞ്ഞിരിക്കണം.
4. ഇനി കാർ വാങ്ങാം
കാർ ഡീലർഷിപ്പിൽ എത്തുമ്പോൾ, ഡെലിവറിക്ക് മുമ്പുള്ള സമഗ്രമായ പരിശോധന (PDI) നടത്തുന്ന കാര്യം ഒരു കാരണവശാലും ഒഴിവാക്കരുത്. വാങ്ങുന്നയാളുടെ പേരിൽ കാർ അതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഓർക്കുക. കാറിന് എന്തെങ്കിലും പാടുകളോ കേടുപാടുകളോ ഉണ്ടോ എന്ന് കണ്ടെത്താനുള്ള അവസാന അവസരം കൂടിയാണിത്, കാരണം അത് രജിസ്ട്രേഷനായി പോയിക്കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല. PDI ഘട്ടത്തിൽ, വാഹനം നിരസിക്കാനും ആവശ്യമെങ്കിൽ ബുക്കിംഗ് റദ്ദാക്കാനും കഴിയും. ഈ സാഹചര്യത്തിൽ റീഫണ്ട് നൽകാൻ ഡീലർഷിപ്പ് ബാധ്യസ്ഥനാണ്.
ഇൻഷുറൻസ് പോളിസിയിൽ തൃപ്തനല്ലെങ്കിൽ, പോളിസി ദാതാവിനെ മാറ്റാനായി ആവശ്യപ്പെടാം. അതല്ല, ഡീലർഷിപ്പ് മുഖേനയല്ലാതെ ഇൻഷുറൻസ് സ്വന്തമായി എടുക്കുന്നതും ഉപഭോക്താവിനെ സംബന്ധിച്ച് ലാഭകരമായിരിക്കും.
5. കാർ ഡെലിവറി
കാർ വാങ്ങുന്നതിൽ ഏറെ പ്രധാനപ്പെട്ട ദിവസമാണിത്. ഈ ദിവസം വിവിധ കാര്യങ്ങൾ പൂർത്തിയാക്കാൻ മൂന്ന് മണിക്കൂർ പോലും സമയമെടുക്കും. അതായത് ഡെലിവറി എടുക്കാനായി ഷോറൂമിൽ എത്തിയാൽ മൂന്ന് മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വരും. ചില സംസ്ഥാനങ്ങളിൽ, താൽക്കാലിക നമ്പർ ഉപയോഗിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. രജിസ്ട്രേഷനിൽ പ്രാദേശിക നിയമങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കുക. ഒറിജിനലിലുള്ള എല്ലാ പേയ്‌മെൻ്റ് രസീതുകളും മറ്റ് രേഖകളും ഡീലർ കൈമാറുന്നുവെന്ന് ഉറപ്പാക്കുക.
കൂടാതെ, ഡെലിവറി സമയത്ത് നിർമ്മാതാവ് നൽകിയ ടൂൾ കിറ്റിനൊപ്പം നിർബന്ധിത സ്പെയർ വീലും കാറിലുണ്ടോയെന്ന് പരിശോധിക്കുക. എന്നിരുന്നാലും, വാഹനം ഓടുന്നത് ഫ്ലാറ്റ് ടയറുകളിൽ ആണെങ്കിൽ, നിർമ്മാതാവ് ഒരു സ്പെയർ നൽകില്ല അല്ലെങ്കിൽ ഒരു സ്പേസ് സേവർ വീൽ വാഗ്ദാനം ചെയ്തേക്കാം. വാഗ്ദാനം ചെയ്ത ഓഫറുകൾ കാറിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.