ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഡൽഹിയിൽ ആകെ രജിസ്റ്റർ ചെയ്തത് 1.5 ലക്ഷം വാഹനങ്ങളാണ്. അവയിൽ 7,869 ഇലക്ട്രിക് വാഹനങ്ങളും 6,857 സിഎൻജി വാഹനങ്ങളും സിഎൻജിയും പെട്രോളും ഉപയോഗിക്കുന്ന 7,257 വാഹനങ്ങളൂം പെട്രോളോ ഡീസലോ ഇന്ധനമായി ഉപയോഗിക്കുന്ന 93,091 വാഹനങ്ങളും ഉൾപ്പെടുന്നു. "ഞങ്ങളുടെ ഇലക്ട്രിക് വാഹനനയം ഫലപ്രദമാകുന്നു എന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിവരുന്നു. ഡൽഹിയെ ഇന്ത്യയുടെ ഇലക്ട്രിക് വാഹന തലസ്ഥാനമാക്കി മാറ്റുക എന്ന, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്", ഗതാഗതമന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് പറഞ്ഞു.
advertisement
സർക്കാർ ഇലക്ട്രിക് വാഹനനയം അവതരിപ്പിച്ചതിനെതുടർന്ന് 2020 ഓഗസ്റ്റിലാണ് ഡൽഹിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചത്. അന്ന് മുതൽ ആകെ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ശതമാനം എന്നതിൽ നിന്ന് ഏഴ് ശതമാനമായി ഉയർന്നു. ഈ വാഹനങ്ങളിൽ ഇലക്ട്രിക് ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടുന്നു. ഇപ്പോൾ ഇലക്ട്രിക് കാറുകളുടെയും ബസുകളുടെയും രജിസ്‌ട്രേഷനും വർധിച്ചു വരികയാണെന്ന് ഗതാഗതവകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഓഗസ്റ്റിനും ഒക്ടോബറിനും ഇടയിൽ ഡൽഹിയിൽ ഏകദേശം 23,000 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അവയിൽ 5,246 ഇരുചക്ര വാഹനങ്ങളും 10,997 ഇലക്ട്രിക് ഓട്ടോറിക്ഷകളും ഉൾപ്പെടുന്നു. ജൂലൈയ്ക്കും സെപ്റ്റംബറിനും ഇടയിൽ 422 ഇലക്ട്രിക് കാറുകളും 4 ഇലക്ട്രിക് ബസുകളും രജിസ്റ്റർ ചെയ്തു. എന്നാൽ, ഓഗസ്റ്റിനും ഒക്ടോബറിനും ഇടയിലുള്ള കാലയളവിൽ ഇവയുടെ എണ്ണം യഥാക്രമം 1,415 ആയും 30 ആയും വർദ്ധിച്ചെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ, ഇലക്ട്രിക് ഓട്ടോറിക്ഷകളുടെയും ഇലക്ട്രിക് ബസുകളുടെയും പ്രചാരണത്തിനും ഡൽഹിയിലെ ആം ആദ്മി സർക്കാർ നേതൃത്വം നൽകുന്നുണ്ട്. മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള കൂടുമാറ്റം ഡൽഹിലെ ഒരു ക്ലീൻ സിറ്റിയാക്കി മാറ്റാൻ സഹായിക്കുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് ഗതാഗതമന്ത്രി ഗെഹ്‌ലോട്ട്. ഗതാഗതവകുപ്പ് ഇനി മുതൽ ഇലക്ട്രിക് ബസുകൾ മാത്രമേ വാങ്ങൂ എന്ന തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്.