കമ്പനിയുടെ പോളിസികൾക്ക് വിരുദ്ധമായി ടെസ‍്‍ലയുടെ രഹസ്യങ്ങൾ ജോലിസംബന്ധമായ അക്കൗണ്ട് ഉപയോഗിച്ച് ചോർത്തിയെടുത്ത് സ്വന്തം പേഴ്സണൽ കമ്പ്യൂട്ടറിലേക്ക് മാറ്റുകയാണ് യാത‍്‍സ‍്‍കോവ് ചെയ്തിരിക്കുന്നത്. പ്രോജക്ട് ഡോജോയുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് സ്വന്തം കമ്പ്യൂട്ടറിലേക്ക് മാറ്റിയിരിക്കുന്നതെന്ന് കമ്പനി നൽകിയ പരാതിയിൽ പറയുന്നു. മറ്റാർക്കും പകർത്താനോ എടുക്കാനോ അവകാശമില്ലാത്ത ടെസ‍്‍ലയുടെ മാത്രം കയ്യിലുള്ള ചില രഹസ്യങ്ങളാണ് ഇയാൾ എടുത്തിരിക്കുന്നത്.
തൻെറ ജോലിസംബന്ധമായ ഇ-മെയിൽ ഐഡിയിൽ നിന്ന് ഈ ജീവനക്കാരൻ സ്വന്തം ഇ-മെയിൽ ഐഡിയിലേക്ക് നിരവധി വിശദാംശങ്ങൾ അടങ്ങിയ മെയിലുകൾ അയച്ചിട്ടുണ്ടെന്നും ടെസ‍്‍ല പരാതിയിൽ പറയുന്നു. കമ്പനിക്കുണ്ടായ നാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനൊപ്പം രഹസ്യ സ്വഭാവമുള്ള ഈ വിവരങ്ങൾ എത്രയും പെട്ടെന്ന് തിരികെ നൽകണമെന്നും പരാതിയിൽ പറയുന്നു. യാത‍്‍സ‍്‍കോവിൽ നിന്ന് വിവരങ്ങൾ തിരികെയെത്തിക്കാൻ കോടതിയുടെ സഹായം തേടിയിരിക്കുകയാണ് കമ്പനി.
advertisement
ഇത് ആദ്യമായല്ല ജീവനക്കാർക്കെതിരെ കേസുമായി ടെസ‍്‍ല മുന്നോട്ട് വരുന്നത്. കമ്പനിയുടെ സ്വന്തം ഫയലുകളിൽ നിന്നും വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് മുൻ സോഫ്റ്റ‍്‍വെയർ എഞ്ചിനീയർക്കെതിരെയും ഇലോൺ മസ‍്‍കിൻെറ കമ്പനിയ കേസുമായി മുന്നോട്ട് പോയിരുന്നു. അലക്സ് കാട്ടിലോവ് (Alex Khatilov) എന്ന വ്യക്തിക്കെതിരെയായിരുന്നു ആ കേസ്. ടെസ‍്‍ലയുടെ കീഴിലുള്ള വാർപ് ഡ്രൈവ് സോഫ്റ്റ‍്‍വെയറിൽ നിന്നും വിവരങ്ങൾ ചോർത്തിയെടുത്തെന്നായിരുന്നു കേസ്.
അലക്സ് കാട്ടിലോവിനെതിരെയും നടപടിയെടുക്കുന്നതിന് വേണ്ടി കമ്പനി കോടതിയെ സമീപിച്ചിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ആ സമയത്ത് ഇയാൾ തെളിവുകൾ നശിപ്പിച്ചുവെന്നും കമ്പനി പറയുന്നു. ഇത് കൂടാതെ 2019ൽ മുൻ ജീവനക്കാർക്കെതിരെ മറ്റൊരു കേസും ടെസ‍്‍ല നടത്തിയിട്ടുണ്ട്. സെൽഫ് ഡ്രൈവിങ് സ്റ്റാർട്ട് അപ്പായ സൂക‍്‍സ് (Zoox) എന്ന കമ്പനിക്കെതിരെയായിരുന്നു കേസ്. ടെസ‍്‍ലയിൽ നിന്ന് നാല് ജീവനക്കാർ ഈ കമ്പനിയിലെത്തിയിരുന്നു. ഇവർ വഴി രഹസ്യങ്ങൾ ചോർത്തിയെന്നായിരുന്നു ആരോപണം. സൂക‍്‍സ് കമ്പനി ഈ ആരോപണം പിന്നീട് അംഗീകരിച്ചു. തങ്ങളുടെ ചില സാങ്കേതിക വിദ്യകൾ ടെസ‍്‍ലയിൽ നിന്ന് കടമെടുത്തതാണെന്ന് കമ്പനി പിന്നീട് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ ആ കേസ് ഒത്തുതീർപ്പാവുകയായിരുന്നു.