ഒഡീഷ (Odisha) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഈവി ഇന്ത്യ (EeVe India) അതിന്റെ മുന്‍നിര ഇ-സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുകയാണ്. 1.40 ലക്ഷം രൂപയാണ് ഇതിന്റെ വില. ഭാരത് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ഈവി ഇന്ത്യ അടുത്ത വര്‍ഷം മുതലാണ് തങ്ങളുടെ ഇ-സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമാക്കാന്‍ പദ്ധതിയിടുന്നത്.
2.2kWh വീതം ശേഷിയുള്ള രണ്ട് ലിഥിയം ഫെറസ് ഫോസ്‌ഫേറ്റ് (LFP) ബാറ്ററികള്‍ ഊര്‍ജം പകരുന്ന സ്‌കൂട്ടറിന് മണിക്കൂറില്‍ പരമാവധി 40 കിലോമീറ്റര്‍ വേഗതയാണ് കമ്പനി അവകാശപ്പെടുന്നത്. സ്‌കൂട്ടറിന് ഈവി സോള്‍ (EeVe Soul) എന്നാണ് കമ്പനി പേര് നല്‍കിയിട്ടുള്ളത്. മറ്റ് ഇ-സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായി ബാറ്ററികള്‍ ഫ്‌ലോര്‍ബോര്‍ഡില്‍ സ്ഥാപിക്കുന്നതിനു പകരം ബൂട്ടില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ അവ എടുത്തു മാറ്റാനും നീക്കം ചെയ്യാനും കഴിയുന്നവയും സാധാരണ പവര്‍ സോക്കറ്റുകള്‍ വഴി ചാര്‍ജ് ചെയ്യാന്‍ കഴിയുന്നവയുമാണ്.
advertisement
മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി ഉള്ള ബാറ്ററികള്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ സമയമെടുക്കും. ഫസ്റ്റ് മോഡിലും ഇക്കോ മോഡിലും 120 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. രണ്ടാമത്തെയും മൂന്നാമത്തെയും റൈഡിംഗ് മോഡുകളില്‍ യഥാക്രമം 50 കി.മീ/മണിക്കൂറും 60 കി.മീ/മണിക്കൂറും വരെ വേഗത കമ്പനി അവകാശപ്പെടുന്നു.
''അടുത്ത കാലത്തായി ഇലക്ട്രിക് വാഹനങ്ങള്‍ ഒരു സമ്പൂര്‍ണ്ണ പരിവര്‍ത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. അതിനാല്‍, ഒരു കമ്പനി എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഒരു വലിയ മുന്നേറ്റം നടത്താനും ഈ മാറ്റത്തിന്റെ മുന്നില്‍ നില്‍ക്കാനും കഴിയുന്ന, ശരിയായ സമയമാണിതെന്ന് ഞങ്ങള്‍ കരുതുന്നു,'' ഈവിഇന്ത്യയുടെ സഹസ്ഥാപകനും ഡയറക്ടറുമായ ഹര്‍ഷ് വര്‍ധന്‍ ദിദ്വാനിയ പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള നൂതനമായ നിരവധി ഫീച്ചറുകള്‍ ഉയര്‍ന്ന വിലയെ ന്യായീകരിക്കുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ബില്‍റ്റ്-ഇന്‍ ജിപിഎസ് നാവിഗേഷന്‍, യുഎസ്ബി പോര്‍ട്ട്, ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്) ഫംഗ്ഷനുകള്‍, ആന്റി-തെഫ്റ്റ് ലോക്ക് സിസ്റ്റം, ജിയോ ഫെന്‍സിംഗ്, ജിയോ ടാഗിംഗ് എന്നിവയുമായാണ് ഈവി സോള്‍ എത്തുന്നത്.
90-സെക്ഷന്‍ 12-ഇഞ്ച് അലോയ് വീലുകളാണ് സ്‌കൂട്ടറിനുള്ളത്. ട്യൂബ്ലെസ് ടയറുകളാണ് നല്‍കിയിട്ടുള്ളത്.അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍, ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം 1000 കോടി രൂപ വരെ നിക്ഷേപിക്കാനും പുതിയ വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇ-സ്‌കൂട്ടര്‍ വിഭാഗത്തില്‍ 10% വിപണി വിഹിതം കൈവശം വയ്ക്കുന്നതിനായി50,000 യൂണിറ്റുകള്‍ നിര്‍മ്മിക്കാനും ഇത് ലക്ഷ്യമിടുന്നു.