കാറിന്റെ പുറംഭാഗം സംരക്ഷിക്കുക
നിങ്ങളുടെ കാറുകളുടെ പുറംഭാഗം മാറി വരുന്ന കാലാവസ്ഥാ സാഹചര്യങ്ങൾക്ക് വിധേയമാകുന്നുണ്ടാകാം. അതായത് കടുത്ത ചൂട്, മഴ, പൊടി, പക്ഷികളുടെ വിസർജ്ജ്യങ്ങൾ എന്നിവയിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ഒരു നല്ല കാർ കവർ ഉപയോഗിക്കുക. നിങ്ങളുടെ കാർ എവിടെ ദീർഘകാലം പാർക്ക് ചെയ്താലും അതായത് ഗാരേജിലാണ് പാർക്ക് ചെയ്യുന്നതെങ്കിലും തെരുവിലാണ് പാർക്ക് ചെയ്യുന്നതെങ്കിലും ഇത്തരത്തിൽ കവർ ഉപയോഗിക്കുന്നത് കാറിന് കൂടുതൽ സംരക്ഷണം നൽകും. ഇതുവഴി കാറിന്റെ പെയിന്റിലുണ്ടാകുന്ന പോറൽ, നിറം മങ്ങൽ എന്നിവ ഒഴിവാക്കാം.
advertisement
കാറിന്റെ ബാറ്ററി സൂക്ഷിക്കുക
കാർ ഉപയോഗിക്കുന്നില്ലെങ്കിലും എഞ്ചിന്റെ ബാറ്ററി തീർന്നു പോകും. അതുകൊണ്ട് ആഴ്ചയിൽ ഒരിക്കലെങ്കിലും 10-15 മിനിറ്റ് നേരം കാർ സ്റ്റാർട്ട് ചെയ്ത് ഇടുക. ഇത് ബാറ്ററി ഇറങ്ങിപ്പോകാതിരിക്കാൻ സഹായിക്കും. ഒരു മാസത്തിൽ കൂടുതൽ കാർ അനങ്ങാതെ കിടക്കുകയാണെങ്കിൽ ഡിസ്ചാർജ് തടയാൻ നെഗറ്റീവ് ടെർമിനലിൽ നിന്ന് ബാറ്ററി വിച്ഛേദിക്കുന്നത് നല്ലതാണ്.
ഹാൻഡ് ബ്രേക്കിന് പകരം ഗിയർ ഉപയോഗിക്കുക
സാധാരണയായി പാർക്ക് ചെയ്യുമ്പോൾ കാറിന്റെ ഹാൻഡ്ബ്രേക്കാണ് ഇടാറുള്ളത്. എന്നാൽ ഇത് ഏതാനും മണിക്കൂറുകൾ മാത്രമുള്ള പാർക്കിംഗിന് മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. മിക്ക വാഹന നിർമ്മാതാക്കളും പാർക്ക് ചെയ്യുമ്പോൾ ഹാൻഡ്ബ്രേക്ക് ഇട്ട് ഇറങ്ങാനാണ് നിർദ്ദേശിക്കുന്നതെങ്കിലും ദീർഘനേരം ഇത് ചെയ്യുന്നത് കാറിൽ മെക്കാനിക്കൽ സങ്കീർണതകൾക്ക് ഇടയാക്കും. ഒരു നീണ്ട കാലയളവിൽ കാർ ഹാൻഡ്‌ബ്രേക്ക് ഇട്ട് കിടന്നിരുന്നാൽ അത് വാഹനത്തിന്റെ പിന്നീടുള്ള പ്രവർത്തനങ്ങളെ ചിലപ്പോൾ തടസ്സപ്പെടുത്തിയേക്കാം. അതിനാൽ, ഹാൻഡ് ബ്രേക്കിന് പകരം ഗിയർ ഉപയോഗിക്കുക.
കഴിയുമെങ്കിൽ ചെറിയ യാത്രകൾ നടത്തുക
മറ്റെല്ലാ യന്ത്രങ്ങളെയും പോലെ, നിങ്ങളുടെ കാറിനും ആവശ്യമായ പ്രവർത്തനം നടക്കുമ്പോഴാണ് അതിന് കൂടുതൽ കാര്യക്ഷമത ലഭിക്കുന്നത്. കുറച്ച് ദിവസങ്ങൾ കൂടുമ്പോൾ നിങ്ങളുടെ വാഹനം സ്റ്റാർട്ട് ചെയ്യുക, ഹെഡ്ലൈറ്റുകളോ എയർകണ്ടീഷണറോ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്നതുപോലുള്ള മറ്റ് പ്രവർത്തനങ്ങൾ പരിശോധിക്കുക. സാധ്യമെങ്കിൽ, നിങ്ങളുടെ കാറിൽ അടുത്ത പ്രദേശത്തേക്ക് ഒരു ചെറിയ സവാരി നടത്തുന്നത് നല്ലതാണ്. അത് സാധ്യമല്ലെങ്കിൽ, നിങ്ങളുടെ കാർ കിടക്കുന്ന സ്ഥലത്ത് തന്നെ കുറച്ചുനേരം മുന്നോട്ടും പുറകോട്ടും എടുക്കുക.
കാറിന്റെ ഇലക്ട്രിക്കലുകൾ പരിശോധിക്കുക
എലികൾ പോലെയുള്ള ജീവികൾ അടുക്കളയിലോ നിങ്ങളുടെ അലമാരയിലോ മാത്രമല്ല ഗാരേജിലും ഒരു ശല്യമാണ്. നിങ്ങളുടെ കാർ ദീർഘനേരം അനങ്ങാതെ കിടക്കുമ്പോൾ എലികളും, പ്രാണികളും ഒക്കെ വാഹനത്തിനകത്ത് കടന്ന് കുഴപ്പങ്ങളുണ്ടാക്കിയേക്കാം. നിങ്ങളുടെ വിൻഡോ സ്ലൈഡറുകൾ പ്രവർത്തനങ്ങൾ, ഹെഡ്ലൈറ്റുകളുടെ പ്രവർത്തനം അല്ലെങ്കിൽ വൈപ്പറുകളുടെ ചലനം ഇതിനെയെല്ലാം ഇത്തരം ജീവികളുടെ ഇടപെൽ ബാധിച്ചേക്കാം. ഇത് തടയാൻ, കാറിന് ഇലക്ട്രിക്കൽ അപാകതകൾ എന്തെങ്കിലും ഉണ്ടോയെന്ന് പതിവായി പരിശോധിക്കുക.
കാറിനുള്ളിലെ വായു ശുദ്ധീകരിക്കുക
ഇത് കാറിനേക്കാൾ കൂടുതൽ നമ്മുടെ സുരക്ഷാ മുൻകരുതലിനാണ് ചെയ്യുന്നത്. ദീർഘനാൾ ഉപയോഗമില്ലാതെ കിടക്കുന്ന കാറിനുള്ളിലെ എസി വെന്റുകൾ, ഡാഷ്ബോർഡിന്റെ പ്ലാസ്റ്റിക് ട്രിമ്മുകൾ, ക്യാബിനിലെ മറ്റ് ഘടകങ്ങൾ എന്നിവ രാസവസ്തുവായ ബെൻസീൻ പുറപ്പെടുവിക്കും. ഇത് നിങ്ങൾ ശ്വസിക്കുന്നത് വളരെ ദോഷകരമാണ്. അതിനാൽ കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ എല്ലാ ദിവസവും 15 മിനിറ്റ് വിൻഡോകൾ തുറന്നിടുന്നത് നല്ലതാണ്. എയർകണ്ടീഷണർ ഫാനിന്റെയും വെന്റിലേഷന്റെയും ക്യാബിൻ വൃത്തിയാക്കുകയും വേണം.
നമ്മുടെ കാറുകളുടെ ഡാഷ്ബോർഡ്, ഗിയർഷിഫ്റ്റ് എന്നിവിടങ്ങളിൽ ടോയ്ലറ്റ് സീറ്റിലുള്ളതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ ഉണ്ടെന്ന് അടുത്തിടെ ചില ഗവേഷകർ വ്യക്തമാക്കിയിരുന്നു. കാറിന്റെ ഉൾഭാഗം ടോയ്ലറ്റിനേക്കാൾ കൂടുതൽ രോഗാണുബാധകളുള്ള സ്ഥലമാണെന്നാണ് ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലെ ആസ്റ്റൺ സർവകലാശാലയുടെ ഗവേഷണ ഫലം പറയുന്നത്. കാറുകളുടെ ഡിക്കിയും ഡ്രൈവർ സീറ്റും ഏറ്റവും കൂടുതൽ ബാക്ടീരിയകളുള്ള ഭാഗങ്ങളാണെന്നാണ് പഠനം വ്യക്തമാക്കുന്നു. ഈ ഭാഗങ്ങളിൽ നിന്ന് മലമൂത്രവിസർജ്ജ്യത്തിലുള്ള ബാക്ടീരിയകളെപോലും കണ്ടെത്തിയിട്ടുണ്ട്. പ്രൈസ് കംപാരിസൺ വെബ്സൈറ്റായ 'സ്‌ക്രാപ്പ് കാർ കംപാരിസണിന്റെ' റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കാറിന്റെ ട്രങ്കിലും (1,425 ബാക്ടീരിയകളെ കണ്ടെത്തി) ഡ്രൈവർ സീറ്റിലും (649) ആണ് ബാക്ടീരിയകളെ ഏറ്റവും കൂടുതൽ കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ കാറിനുള്ളിലെ ഗിയർഷിഫ്റ്റ്, ഡാഷ്ബോർഡ്, പിൻസീറ്റ് എന്നിവിടങ്ങളിലും ഉയർന്ന അളവിൽ ബാക്ടീരിയകളെ കണ്ടെത്തിയിരുന്നു. ഈ ഭാഗങ്ങളിലെല്ലാം വീടുകളിലെ ടോയ്ലറ്റ് സീറ്റിലും ഫ്ലഷിലും കാണപ്പെടുന്നതിന് തുല്യമോ അതിലധികമോ ബാക്ടീരികളുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. ബാക്ടീരിയയുടെ സാന്നിദ്ധ്യം ഏറ്റവും കുറഞ്ഞ കാറിന്റെ ഭാഗം സ്റ്റിയറിംഗ് വീൽ (146 ബാക്ടീരിയ) ആണ്. കോവിഡ് -19 പകർച്ചവ്യാധി കാരണം സമീപകാലത്ത് ഹാൻഡ് സാനിറ്റൈസർ ഉപയോഗം വർദ്ധിച്ചതാണ് ഇവിടെ ബാക്ടീരിയകൾ കുറയാൻ കാരണം.